മധ്യകേരളത്തിലും അനുദിനം പ്രചാരണം ചൂടുപിടിക്കുകയാണ്. ഇതിനകം സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ ഇടത് ക്യാമ്പ് പ്രചാരണ രംഗത്ത് സജീവമായി. ആദ്യഘട്ടത്തിൽ പരമാവധി വോട്ടർന്മാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പള്ളുരുത്തിയിൽ നിന്നാണ് എറണാകുളം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർ നാലാം ദിനം പ്രചരണം ആരംഭിച്ചത്. പ്രമുഖരെ കണ്ട് അനുഗ്രഹം തേടുക, പഴയ സൗഹൃദങ്ങൾ പുതുക്കുക, പരമാവധി വോട്ടറന്മാരെ നേരിൽ കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രചാരണം പുരോഗമിക്കുന്നത്. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചാണ് ഷൈൻ ടീച്ചറുടെ ഇന്നത്തെ പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്.
ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. രാവിലെ എട്ട് മണിയോടെ ചെന്ത്രാപ്പിന്നിയിൽ നിന്നാംരംഭിച്ച പര്യടനം പുളിഞ്ചോട്, കാളമുറി, ചളിങ്ങാട്, മൂന്നുപീടിക, ചാമക്കാല എന്നീ പ്രദേശങ്ങളിലും പര്യടനം നടത്തിയ ശേഷം കൊടുങ്ങല്ലൂരിലേക്ക് പോയി ചെല്ലുന്നിടത്തെല്ലാം മാഷ് തന്നെയാണ് താരം. രാഷ്ട്രീയത്തിനപ്പുറം വോട്ട് സമാഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥിയും മുന്നണിയും.
നാട്ടിക നിയോജക മണ്ഡലത്തിൽ നിന്നാണ് തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പര്യാടനം ആരംഭിച്ചത്. ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയിൽ ഇന്നസെൻ്റിൻ്റെ വീട്ടിൽ വച്ചാണ് ഉച്ച ഭക്ഷണം. വൈകിട്ട് ഇരിങ്ങാലക്കുടയിൽ റോഡ് ഷോയിലും സുനിൽകുമാർ പങ്കെടുക്കും.
കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാല ഇടമറ്റത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം പണി പൂർത്തിയാക്കി 45 വീടുകളുടെ താക്കോൽദാനം സിറ്റിംഗ് എംപി കൂടിയായ തോമസ് ചാഴിക്കാടൻ നിർവ്വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വികസന രേഖ പ്രകാശനവും കോട്ടയം പ്രസ് ക്ലബിൽ നടന്നു. ഉച്ചകഴിഞ്ഞ് വെളിയന്നൂരിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം സിറ്റിംഗ് എംപി നിർവഹിക്കും. വൈകിട്ട് കടുത്തുരുത്തിയിലും, കുറവിലങ്ങാടും, മരങ്ങാട്ടുപ്പള്ളിയിലും നടക്കുന്ന എൽ ഡി എഫ് നേതൃയോഗത്തിൽ സ്ഥാനാർഥി പങ്കെടുക്കും.
Also read:ലോക കേൾവി ദിനത്തിൽ കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന
ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥിയും സിറ്റിംഗ് എം പി യുമായ എ എം ആരിഫ് കഴിഞ്ഞ ദിവസമാണ് മണ്ഡലത്തിൽ സജീവമായത്. ചെല്ലുന്ന ഇടത്തല്ലാം മികച്ച സ്വീകരണമാണ് ആരിഫിന് ലഭിക്കുന്നത്. രാവിലെ പ്രചരണത്തിനിറങ്ങിയ മാവേലിക്കരയിലെ ഇടത് സ്ഥാനാർത്ഥി സി എ അരുൺകുമാർ വിവിധ ഇടങ്ങളിലെത്തി വോട്ടറന്മാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മുൻകാല സൗഹൃദങ്ങൾ പുതുക്കുന്ന തിരക്കിലായിരുന്നു അരുൺകുമാർ. പ്രമുഖ വ്യക്തികളെയും സംഘടനാ നേതാക്കളെയും സ്ഥാനാർത്ഥി നേരിൽ കണ്ട് പിന്തുണ തേടി.
കോതമംഗലം നിയോജക മണ്ഡലത്തിലാണ് ഇടുക്കി ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ ജോയ്സ് ജോർജ് പ്രചരണം ആരംഭിച്ചത്. കോതമംഗലം പ്രൈവറ്റ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എൽ ഡി എഫ്ൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ ഡി എഫ്ൻ്റെ വിജയം അനിവാര്യമാണെന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായ തൻ്റെ വിജയം സുനിശ്ചിതമാണെന്നും അഡ്വ ജോയ്സ് ജോർജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here