ലോക കേരള സഭ: വിവാദം പാഴ്‌വേല

ജോസ് കാടാപുറം

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെക്കുറിച്ചു നടക്കുന്നത് വ്യാജപ്രചാരണങ്ങളാണ്. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ ആരും പണം നൽകേണ്ടതില്ല. സമ്മേളനത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. സമ്മേളനത്തിനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ല.

അമേരിക്കയിൽ നടക്കാറുള്ള ഫൊക്കാന ഫോമാ വേൾഡ് മലയാളി കൺവൻഷനുകൾ പ്രസിദ്ധമാണ്. അമേരിക്കൻ മലയാളികൾ സ്പോൺസേഴ്‌സിനെ കണ്ടുപിടിച്ച് വിജയിപ്പിക്കുന്ന രീതിയാണ് അവയ്ക്കുള്ളത്. അതേ രീതിയിൽത്തന്നെയാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനവും നടക്കുന്നത്. ഈ നടപടികൾ സുതാര്യമാണ്. സമ്മേളനത്തിനായി സംഘാടക സമിതി പിരിക്കുന്ന പണം ഓഡിറ്റ് ചെയ്യപ്പെടും.

സമ്മേളനത്തിനായി അഞ്ച് പൈസ പോലും കേരള ഖജനാവിൽ നിന്നു പോകുന്നില്ല എന്നതാണ് വസ്തുത. ചുരുക്കത്തിൽ, അമേരിക്കയിൽനിന്ന് അമേരിക്കയിലെ മലയാളികൾ പിരിവ് എടുത്തു നടത്തുന്ന പരിപാടിയാണിത്. അമേരിക്കൻ മലയാളികൾ തങ്ങളുടെ പണം സ്വരൂപിച്ച് സമ്മേളനം നടത്തുന്നു. ഇവിടത്തെ പരിപാടിക്ക് വേണ്ട ചെലവ് ഇവിടെത്തന്നെ കണ്ടെത്തുന്നു. അതിന് അമേരിക്കൻ മലയാളികൾ സമാനസന്ദർഭങ്ങളിൽ സ്വീകരിക്കുന്ന വഴികൾ തേടുന്നു.

ഡോക്ടർ ബാബു സ്റ്റീഫൻ ആണ് ഇക്കുറി ന്യൂയോർക്കിൽ നടത്തുന്ന ലോക കേരള സഭയുടെ മുഖ്യ സ്പോൺസർ. പ്രളയം വന്നതിനു പിന്നാലേ കേരളത്തിന് ഒരു കോടി രൂപ ആദ്യം നല്കിയ വ്യക്തിയാണ് അദ്ദേഹം. അതുപോലുള്ളവരാണ് സമ്മേളനത്തിൽ സഹകരിക്കുന്നത്.

ജൂൺ 9 10 11 തീയതികളിൽ ന്യൂയോർക്കിലെ ടൈം സ്ക്വയറിലാണ് സമ്മേളനം നടക്കുന്നത്. ഇവിടെ പ്രവാസി മലയാളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും ഒത്തു ചേരും. ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യും. കേരളവികസനത്തിനുള്ള നിർദ്ദേശങ്ങളും സംഭാവനകളും ഈ വേദിയിലുണ്ടാകും. പ്രവാസികളുടെ വിഷയങ്ങൾ മുഖ്യശ്രദ്ധയിലേക്ക് ആനയിക്കപ്പെടും. ചുരുക്കത്തിൽ ജനാധിപത്യത്തിന്‍റെ ഒരു വികസിതതലമാണ് ഈ വേദി.

സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. മറ്റു നിരവധി പ്രമുഖരും എത്തുന്നു. അതാണ് സമ്മേളനത്തെ മഹത്തരമാക്കുന്നത്. അതുകൊണ്ടുതന്നെ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ്. അമേരിക്കൻ മലയാളികൾ അസാധാരണമായ പിന്തുണയാണ് മേഖലാ സമ്മേളനത്തിനു നൽകുന്നത്.

പിണറായി വിജയൻ ന്യൂയോർക്ക് ടൈംസ്‌ക്വറിൽ സ്വീകരിക്കപ്പെടുമ്പോൾ വിഷമം അനുഭവിക്കുന്നവരാണ് വിവാദങ്ങൾക്കു പിന്നിൽ. അവർക്കൊപ്പം കേരളത്തിലെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേർന്നിരിക്കയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ വരുന്ന ചെലവും വരവും മു‍ഴുവൻ മുഖ്യമന്ത്രിയുടെ വകയിലാക്കി വിവാദമാക്കുകയാണ്. ജനം ഇതു തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയെ ആരെങ്കിലും കല്യാണത്തിന് വിളിച്ചാൽ, മുഖ്യമന്ത്രി അതിൽ സംബന്ധിച്ചാൽ, പെണ്ണിന് കൊടുക്കുന്ന സ്വർണ്ണം വരെ മുഖ്യമന്തിയുടെ പേരിൽ എഴുതും ഈ വിവാദക്കാർ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ അവർ പ്രതികരിക്കുന്നത്.

ന്യൂയോർക്കിൽത്തന്നെ ഇതിനു സമാന്തരമായി രാഹുൽ ഗാന്ധിയുടെ സമ്മേളനവും നടക്കുന്നുണ്ട്. ആ സമ്മേളനത്തിനായി അമേരിക്ക മുഴവൻ നടന്ന് ഊടുപാടെ പിരിവെടുക്കുന്നുമുണ്ട്. മലയാളികളായ കോൺഗ്രസ് നേതാക്കൾക്കു പുറെമേ ഉത്തരേന്ത്യയിൽനിന്നുള്ള കോൺഗ്രസ് എം പി മാർ വരെ അതിന് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയിലുള്ള ഉത്തരേന്ത്യക്കാരിൽ നിന്നുവരെ പിരിവു നടക്കുന്നുമുണ്ട്. അത് കണ്ടില്ലെന്നു നടിക്കുന്ന വലത് മാധ്യമങ്ങളാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തെ വികൃതമാക്കാനുള്ള പാ‍ഴ് പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News