മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പോളിങ്ങാണ് റിപ്പോർട്ട് ചെയ്തത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും നേർക്ക് നേർ പോരാടിയ ബാരാമതിയിലും തണുത്ത പ്രതികരണമായിരുന്നു രേഖപ്പെടുത്തിയത്. വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച ബാരമതിയിൽ 56.7% മാത്രമാണ് പോളിങ് നടന്നത്. പവാർ കുടുംബത്തിലെ അധികാര പോരാട്ടം ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം ലഭിച്ചിക്കാതെ പോയതും ഇരു വിഭാഗങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ആദ്യമായാണ് പവാർ കുടുംബത്തിലെ രണ്ട് പേർ പരസ്പരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സുപ്രിയ സുലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാരാമതിയിലെ കതേവാഡിയിലുള്ള അജിത് പവാറിൻ്റെ വീട്ടിലെത്തി അമ്മ ആശാതായ് പവാറിനെ കണ്ടു അനുഗ്രഹം വാങ്ങിയിരുന്നു. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി വോട്ടർമാർക്കിടയിൽ പണം വിതരണം ചെയ്തുവെന്നും ശരദ് പവാർ പക്ഷം പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾക്കിടയിലായിരുന്നു ബാരമതിയിലെ വോട്ടെടുപ്പ്. ഇൻദാപൂരിൽ നിന്നുള്ള എൻസിപി എംഎൽഎ ദത്ത ഭാർനെ ശരദ് പവാർ വിഭാഗത്തെ അധിക്ഷേപിക്കുന്ന വീഡിയോയും വലിയ പ്രചാരം നേടി.
മന്ദഗതിയിലുള്ള തുടക്കത്തിന് ശേഷം, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ വൈകുന്നേരം 6 മണിക്ക് 61.44% പോളിങ് രേഖപ്പെടുത്തി. 70.35% പോളിങ് രേഖപ്പെടുത്തിയ കോലാപ്പൂരിലാണ് ഏറ്റവും ഉയർന്ന പോളിങ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ബാക്കി സീറ്റുകളിലേക്കുള്ള പോളിംഗ് ശതമാനം ഇപ്രകാരമാണ് – ഒസ്മാനാബാദ്: 60.91%, ലാത്തൂർ: 60.18%, രത്നഗിരി-സിന്ധുദുർഗ്: 59.23%, റായ്ഗഡ്: 58.10%, സാംഗ്ലി: 60.95%.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here