കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് മുന്നില്‍ അടിയറ പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കിസാന്‍ സഭ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് മുന്നില്‍ കീഴടങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ജില്ലയായ താനെയിലെ ഷാഹ്പൂരില്‍ എത്തിയപ്പോള്‍ തന്നെ ലാങ്ങ് മാര്‍ച്ചില്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.

ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഉള്ളിക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, കൃഷിക്കാവശ്യമായ വൈദ്യുതി തുടര്‍ച്ചയായി ലഭ്യമാക്കി കര്‍ഷകരുടെ വൈദ്യുതി ബില്ലിന്റെ കുടിശ്ശിക എഴുതിത്തള്ളുക, കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടവും എഴുതിത്തള്ളി ആശ്വാസം നല്‍കുക, കാലവര്‍ഷക്കെടുതിയും പ്രകൃതിക്ഷോഭവും മൂലമുള്ള വിളനാശത്തിന് എന്‍ഡിആര്‍എഫില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുക തുടങ്ങി ലോങ്ങ് മാര്‍ച്ചില്‍ ഉന്നയിച്ച 14 ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കര്‍ഷകരുടെ പ്രതിനിധി സംഘവുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി നാളെ നിയമസഭയില്‍ ഇത് സംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനം നടത്തും.

മാര്‍ച്ച് 12ന് നാസിക്കില്‍ നിന്നും ആരംഭിച്ച ലോങ്ങ് മാര്‍ച്ച് പതിനൊന്ന് ദിവസം കാല്‍നടയായി സഞ്ചരിച്ച് മാര്‍ച്ച് 23ന് മുംബൈയിലെത്തുന്ന നിലയിലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ മംബൈയിലെത്താന്‍ എഴുപത് കിലോമീറ്ററോളം ദൂരം ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ കിസാന്‍ സഭ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചത്. നാളെ നിയമസഭയില്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതോടെ ലോങ്ങ് മാര്‍ച്ച പിരിഞ്ഞുപോകും.
നേരത്തെ 2018 മാര്‍ച്ചില്‍ അമ്പതിനായിരം കര്‍ഷകരെ അണിനിരത്തി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പ്രതിഷേധ ജാഥയുമായി കര്‍ഷകരും തൊഴിലാളികളും അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News