വാട്ടർ ഹൈഡ്രന്‍റുകളിലടക്കം വെള്ളം തീർന്നു, കാട്ടു തീയുടെ മുന്നിൽ പകച്ച് ലോസ് ഏഞ്ചൽസ്; കത്താനൊരുങ്ങി ബ്രെന്‍റ് വുഡ്

LA FIRE

അമേരിക്കയിലെ ലോസ് ഏഞ്ചൽസിനെ തിന്നു തീർക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേനാംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കുമെന്ന ഭരണകൂടത്തിന്റെ ആശങ്കയുമാണ് കാരണം. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.

പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ‘ലോസ് ഏഞ്ചൽസ് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോസ് ഏഞ്ചൽസിൽ ഉടനീളം വീശിയടിക്കുന്ന തീവ്രമായ കാറ്റ് കാട്ടുതീയെ കൂടുതൽ അപകടകാരിയാക്കി മാറ്റുകയാണ്. കുറഞ്ഞത് 16 പേർ മരിക്കുകയും 12,000-ലധികം കെട്ടിടങ്ങൾ കത്തി നശിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

ALSO READ; വെനിസ്വേലൻ പ്രസിഡന്‍റിനെ അറസ്റ്റു ചെയ്താൽ 25 മില്യൺ തരും! മദൂറോയെ പിടിക്കാൻ സഹായിക്കുന്നവർക്ക് വൻ ധനസഹായം പ്രഖ്യാപിച്ച് യുഎസ്

ലോസ് ഏഞ്ചൽസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാട്ടർ ആൻഡ് പവറിന്റെ കണക്ക് പ്രകാരം, ഓരോ 15 മണിക്കൂറിലും വെള്ളത്തിന്റെ ഉപഭോഗം നാല് മടങ് വർധിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനിടെ മേഖലയിലെ ഒരു ജലസംഭരണി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. ഇതിനകം 23,000 ഏക്കറോളമാണ് കത്തിനശിച്ചത്. 1,000 ഏക്കറിലേക്കു കൂടി തീ വ്യാപിച്ച് ഇപ്പോൾ സെലിബ്രിറ്റികൾ താമസിക്കുന്ന ബ്രെന്റ്വുഡിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇത് തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുന്നുണ്ടെങ്കിലും തീപടർന്ന് കത്തിക്കൊണ്ടിരിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.

ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗർ, എൻബിഎ താരം ലെബ്രോൺ ജെയിംസ് എന്നിവരുടെ വീടുകൾ ബ്രെന്റ്‍വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് ഉടൻ സ്ഥലം ഒ‍ഴിയാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. അതിനിടെ, അഗ്നിശമന വിഭാഗത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ച നടപടിക്കെതിരെ രോഷമുയർന്നിട്ടുണ്ട്. മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ മേയർ നിസ്സഹായയായി നിൽക്കുന്ന വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ALSO READ; പടിയിറങ്ങാന്‍ സമയമായി; വിടവാങ്ങള്‍ പ്രസംഗത്തിനൊരുങ്ങി ജോ ബൈഡന്‍!

അതിനിടെ കാട്ടുതീ ഇത്രമേൽ വ്യാപിക്കാൻ ഉത്തരവാദി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമാണെന്ന്‌ നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വിമർശിച്ചു. ന്യൂസം പദവിയൊഴിയണമെന്നും ട്രംപ്‌ ആവശ്യപ്പെട്ടു. അതേസമയം കെട്ടുകഥകൾ ചമച്ച്‌ ദുരന്തത്തിൽനിന്ന്‌ രാഷ്ട്രീയലാഭം കൊയ്യുകയാണ്‌ ട്രംപിന്റെ ലക്ഷ്യമെന്ന് ന്യൂസം തിരിച്ചടിച്ചു. കാട്ടുതീയെ തുടർന്ന്‌ ഓസ്കാർ നാമനിര്‍ദേശങ്ങളുടെ പ്രഖ്യാപനം നീട്ടിവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News