കോട്ടയത്ത് പാമ്പാടിയിൽ നടന്നു പോകുകയായിരുന്ന ലോട്ടറി വില്പനക്കാരി കാറിടിച്ച് മരിച്ചു. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രന്‍റെ ഭാര്യ ഓമന രവീന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പാമ്പാടി കറുകച്ചാൽ റോഡിൽ, കുറ്റിക്കൽ ജംഗഷനിലൂടെ നടന്നു ലോട്ടറി വില്പന നടത്തി വരവെയായിരുന്നു അപകടം.
കറുകച്ചാൽ ഭാഗത്തേക്ക് പോകുകയിരുന്ന സെലേറിയോ കാർ പിന്നിലൂടെ അമിത വേഗതയിൽ എത്തി ഓമനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ഓമന വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം.
ALSO READ; തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിലൂടെ കയറി ഇറങ്ങി 7 വയസുകാരിക്ക് ദാരുണാന്ത്യം
അപകടത്തിൽ കാറിന്‍റെ മുൻ ഗ്ലാസും, ഹെഡ് ലൈറ്റും തകർന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് രവീന്ദ്രൻ (ഓമനക്കുട്ടൻ) ലോട്ടറി തൊഴിലാളിയാണ്. മക്കൾ: അനു (ജനസേവന കേന്ദ്രം – പുളിമൂട് ചെന്നാമറ്റം), അഞ്ജലി (ഇറ്റലി)
മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിൽ കൂടികയറി ഇറങ്ങി 7 വയസുകാരി മരിച്ചു. പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം. മടവൂർ ഗവ: എൽപിഎസ് സ്കൂൾ വാഹനമാണ് അപകടത്തിൽ പെട്ടത്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും മണികണ്ഠൻ ആചാരി – ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here