തെരുവില്‍ നിന്നും തന്നെ എടുത്തു വളര്‍ത്തിയ പ്രിയ യജമാനനെ അവസാനമായി ഒരു നോക്കു കാണാന്‍ തിക്കിലും തിരക്കിലും ആംബുലന്‍സിന് ഉള്ളില്‍ കയറിപ്പറ്റിയ ടൈഗര്‍ എന്ന നായയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലാകുന്നു. കഴിഞ്ഞമാസമാണ് തിരുവല്ല മേപ്രാല്‍ കട്ടപ്പുറത്ത് പാലത്തിട്ടയില്‍ വീട്ടില്‍ 69 കാരനായ പി എം മാത്യുവെന്ന തങ്കച്ചന്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി സെമിത്തേരിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ വീടിന്റെ പിന്‍വശത്ത് ചങ്ങലയില്‍ ബന്ധിച്ചിരുന്ന ടൈഗര്‍ ചങ്ങല പൊട്ടിച്ച് വീടിന്റെ ചുറ്റുമതിലും ചാടിക്കടന്ന് ആംബുലന്‍സിന് അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
ALSO READ: ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍
തുടര്‍ന്ന് ആംബുലന്‍സിന് ചുറ്റിലുമുള്ള തിക്കുംതിരക്കും വകവയ്ക്കാതെ ആംബുലന്‍സിന് ഉള്ളില്‍ കയറി തന്റെ യജമാനനെ ദൈന്യമായ മുഖത്തോടെ ടൈഗര്‍ അവസാനമായി ഒരു നോക്ക് കണ്ടു. ആംബുലന്‍സിലേക്ക് കയറിയ ടൈഗറെ പിന്തിരിപ്പിക്കാന്‍ ഒരു ബന്ധു ശ്രമിക്കുന്നതും അത് വകവയ്ക്കാതെ മുഖമുയര്‍ത്തി മാത്യുവിനെ കാണുന്ന ടൈഗറിനെയും ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷം ആംബുലന്‍സില്‍ നിന്നും തിരികെ ഇറങ്ങി വീടിന്റെ പോര്‍ച്ചില്‍ മ്ലാനതയോടെ മുഖമമര്‍ത്തി കിടക്കുന്ന ടൈഗര്‍ കണ്ടുനിന്നവരുടെയും കണ്ണുകളെയും ഈറനണിയിച്ചു. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി
മാത്യുവിന്റെ ബന്ധുവാണ് കഴിഞ്ഞദിവസം ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി. ഏകദേശം നാല് വര്‍ഷം മുമ്പാണ് വീടിന് സമീപത്തെ റോഡില്‍ നിന്നും രണ്ട് മാസത്തോളം പ്രായമുള്ള നായക്കുട്ടിയെ മാത്യുവിന് ലഭിച്ചത്. തുടര്‍ന്ന് വീട്ടില്‍ എത്തിച്ച നായക്കുട്ടിക്ക് ടൈഗര്‍ എന്ന പേരും ഇട്ടു. മക്കള്‍ രണ്ടുപേരും വിദേശത്തായ മാത്യുവും ഭാര്യ എല്‍സിയും വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ ടൈഗറിനെ പരിപാലിച്ച് വളര്‍ത്തി. ഇതിനിടെയാണ് മാത്യു ഈ ലോകത്തോട് വിട പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here