എൽഎസ്എസ്, യുഎസ്എസ് പരീക്ഷ; ജനുവരി 15 നകം അപേക്ഷിക്കാം

lss uss exam

2024-25 അധ്യയന വർഷത്തെ ലോവർ/ അപ്പർ പ്രൈമറി സ്കൂൾ സ്കോളർഷിപ് (എൽഎസ്എസ്/യുഎസ്എസ്) പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 27ന് ആണ് പരീക്ഷ. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പേപ്പറുകളാണുള്ളത്. യുഎസ്എസ് വിജയികൾക്ക് തുടർപഠനത്തിനായി 1500 രൂപയും എൽഎസ്എസ് വിജയികൾക്ക് 1000 രൂപയും പ്രതിവർഷം ലഭിക്കും. എൽഎസ്‌എസുകാർക്ക് 5, 6, 7 ക്ലാസുകളിലും യുഎസ്എസുകാർക്ക് 8, 9, 10 ക്ലാസുകളിലുമാണ് സ്കോളർഷിപ്പ് ലഭിക്കുക.

ലോവർ പ്രൈമറി

കേരളത്തിലെ സർക്കാർ/എയ്‌ഡഡ് / അംഗീകാരമുള്ള അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്നവരും രണ്ടാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്,ഗണിതം പരിസരപഠനം എന്നീ വിഷയങ്ങളിൽ ‘എ’ ഗ്രേഡ് നേടിയിട്ടുള്ളവരുമായ വിദ്യാർഥികൾക്കാണ് യോഗ്യത. ഉപജില്ലാതല കലാകായിക പ്രവൃത്തിപരിചയ ഗണിത സോഷ്യൽ സയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ ലഭിച്ചവർക്ക് മേൽപറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ ‘ബി’ ഗ്രേഡ് ലഭിച്ചാലും അപേക്ഷിക്കാം.

ഒന്നാം ഭാഷയും (മലയാളം /കന്നട/ തമിഴ്) ഇംഗ്ലീഷും പൊതുവിജ്ഞാനവുമടങ്ങിയ ഒന്നാം പേപ്പറും പരിസരപഠനവും ഗണിതവുമടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഓരോ പേപ്പറിനും ഒന്നര മണിക്കൂറാണ് സമയം. രണ്ട് പേപ്പറിലും പരമാവധി 40 മാർക്ക് വീതം. വിശദമായ പരീക്ഷാ ഘടന വിജ്ഞാപനത്തിലുണ്ട്. രണ്ട് പേപ്പറിനും കൂടി 60 ശതമാനമോ അതിന് മുകളിലോ മാർക്ക് ലഭിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

also read; യുപിഎസ്‌സിയുടെ എന്‍ഡിഎ, എന്‍എ പരീക്ഷാ രജിസ്‌ട്രേഷന്‍ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അപ്പർ പ്രൈമറി

കേരളത്തിലെ സർക്കാർ/എയ്‌ഡഡ്/ അംഗീകാരമുള്ള അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് യുഎസ്എസ് പരീക്ഷ എഴുതാം. ഏഴാം ക്ലാസിലെ രണ്ടാം ടേം പരീക്ഷയിൽ ലഭിച്ച ഗ്രേഡുകൾ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.

എല്ലാ വിഷയങ്ങളിലും ‘എ’ ഗ്രേഡ് നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത. എന്നാൽ സബ്‌ജില്ലാ കലാകായിക പ്രവൃത്തിപരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗം മേളകളിൽ ‘എ’ ഗ്രേഡ് ഒന്നാംസ്ഥാനം നേടിയവർക്ക് ഭാഷാ വിഷയങ്ങളിൽ രണ്ട് പേപ്പറുകൾക്ക് ‘എ’ ഗ്രേഗ്രഡും ഒന്നിന് ‘ബി’ ഗ്രേഡും ശാസ്ത്ര വിഷയങ്ങൾക്ക് രണ്ടെണ്ണത്തിന് ‘എ’ ഗ്രേഡും ഒന്നിന് ‘ബി’ ഗ്രേഡും ലഭിച്ചാലും അപേക്ഷിക്കാം.

ഒന്നാം ഭാഷയും ഗണിതവുമടങ്ങിയ ആദ്യ പേപ്പറും ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയടങ്ങിയ രണ്ടാം പേപ്പറുമടങ്ങിയതാണ് പരീക്ഷ. ഒന്നാം പേപ്പറിൽ 50 ചോദ്യങ്ങളും രണ്ടാം പേപ്പറിൽ 55 ചോദ്യങ്ങളുമുണ്ടാകും. ആദ്യ പേപ്പറിലെ ഒന്നാം ഭാഷയുടെ പാർട്ട് ‘ബി’യിലും രണ്ടാം പേപ്പറിലെ അടിസ്ഥാന ശാസ്ത്രത്തിലും ചോയ്‌സുണ്ടാകും. ആകെ 90 ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത് ഒരു ചോദ്യത്തിന് ഒരു മാർക്ക് വീതമാണ്. നെഗറ്റീവ് മാർക്കില്ല.

also read; അസാപ്; പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഓരോ പേപ്പറിനും 90 മിനിറ്റ് സമയമുണ്ടാകും. രണ്ട് പേപ്പറുകൾക്കുകൂടി 90 മാർക്കിൽ 63 മാർക്കോ (70 ശതമാനം) അതിൽ കൂടുതലോ കിട്ടിയാൽ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. ഓരോ വിദ്യാഭ്യാസ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ 40 കുട്ടികളെ (സംവരണ തത്വങ്ങൾ പാലിച്ചുകൊണ്ട്) തെരഞ്ഞെടുത്ത് പ്രതിഭാധനരായി പ്രഖ്യാപിക്കും.

പഠിക്കുന്ന സ്കൂളിലെ പ്രധാനാധ്യാപകരാണ് അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടത്. ജനുവരി 15നുള്ളിൽ രജിസ്റ്റർ ചെയ്യണം. പ്രത്യേക രജിസ്ട്രേഷൻ ഫീസില്ല. ഓരോ ഗ്രാമപഞ്ചായത്തിലും ഒരു പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. 120ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മറ്റൊരു കേന്ദ്രം കൂടി അനുവദിക്കും. നഗര പ്രദേശങ്ങളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കേന്ദ്രങ്ങൾ അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News