ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ലക്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ ലെജൻഡ് പേസർ സഹീർഖാൻ എത്തുന്നു. മുൻ ഇന്ത്യൻ ബാറ്ററും, നിലവിലെ ഇന്ത്യൻ ടീം പരിശീലകനും ആയ ഗൗതം ഗംഭീർ ആയിരുന്നു ഇതിനു മുൻപ് ലക്നൗ സൂപ്പർ ജയന്റ്‌സിൽ മെന്ററായി പ്രവർത്തിച്ചിട്ടുള്ളത് . ഗംഭീർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം മെന്റർ റോളിലേക്ക് ലക്നൗ ആരെയും നിയമിച്ചിരുന്നില്ല. തുടർന്നാണ് ടീം മാനേജ്‌മന്റ് ഇപ്പോൾ സഹീർ ഖാനെ ടീമിന്റെ മെന്റർ റോളിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഐ.പി.എല്ലിൽ ഇത്രത്തോളം സുപ്രധാനമായ ഒരു റോളിലേക്ക് സഹീർ ഖാൻ എത്തുന്നത്. നേരത്തെ മുംബൈ ഇന്ത്യൻസിൽ ടീം ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സഹീർ ഖാൻ. കൂടാതെ മെന്റർ റോളിന് പുറമെ ടീമിന്റെ ബൗളിംഗ് പരിശീലകനായും അടുത്ത സീസണിൽ സഹീർ ഖാൻ പ്രവർത്തിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണാഫ്രിക്കൻ താരം മോർണെ മോർക്കലിനെ ഒഴിവാക്കിയ ശേഷം ബൗളിങ് പരിശീലകാനായി ലക്നൗ ആരെയും നിയമിച്ചിരുന്നില്ല. അതുകൊണ്ടു കൂടിയാണ് പുതിയ സീസണിൽ ബൗളിംങ് പരിശീലകനായും സഹീർ ഖാൻ പ്രവർത്തിക്കുമെന്നുള്ള റിപ്പോർട്ട് വരുന്നത്.
ALSO READ : ഇന്ത്യക്കായി 84 താരങ്ങൾ; പാരാലിംപിക്സിന് പാരിസിൽ തുടക്കം
ലക്നൗ സൂപ്പർ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക തന്നെയാണ് ടീമിന്റെ മെന്ററായി സഹീർ ഖാനെ നിയമിച്ച വിവരം അറിയിച്ചത് . കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്‌സ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഞ്ജീവ് ഗോയങ്ക സഹീർ ഖാനെ മെന്ററായി പ്രഖ്യാപിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് . കളിക്കാരുടെ മേൽനോട്ട ചുമതല സഹീറിനായിരിക്കുമെന്നും ഗോയങ്ക വ്യക്തമാക്കി. അതേസമയം, ടീം നായകൻ കെ.എൽ രാഹുലിനെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തി. രാഹുൽ ലഖ്‌നൗ കുംടുംബാമാണെന്നായിരുന്നു പ്രതികരണം. മെഗാലേലത്തിന് മുൻപായി കെ എൽ രാഹുലിനെ ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എൽ.എസ്.ജി ഉടമയുടെ പ്രതികരണം. കഴിഞ്ഞ സീസണിൽ മൈതാനത്ത് വെച്ച് സഞ്ജീവ് ഗോയങ്ക , കെ എൽ രാഹുലിനെ തോൽവിയുടെ പേരിൽ ശാസിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here