ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ അവസാന നിമിഷം കാലിടറി മുംബൈ ഇന്ത്യന്‍സ്. അതിനിര്‍ണായക മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ലഖ്നൗ മുംബൈയെ പരാജയപ്പെടുത്തിയത്. ലഖ്നൗ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ വേണ്ടിയിരുന്ന ഒന്‍പത് റണ്‍സ് വിജയലക്ഷ്യം രണ്ട് വെടിക്കെട്ട് ബാറ്റര്‍മാരുണ്ടായിരുന്നിട്ടും മുംബൈയ്ക്ക് നേടിയെടുക്കാനായില്ല. ഒരിക്കല്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈ അവിശ്വസനീയമായി തോല്‍ക്കുകയായിരുന്നു. വിജയത്തിനൊപ്പം ലഖ്‌നൗ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.
178 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. ലഖ്നൗ ബൗളര്‍മാരെ ആക്രമിച്ച് കളിച്ച ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ആദ്യ വിക്കറ്റില്‍ 9.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല.സ്പിന്നര്‍ രവി ബിഷ്ണോയിയെ കൊണ്ടുവന്ന് ലഖ്നൗ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ 37 റണ്‍സെടുത്താണ് രോഹിത് ക്രീസ് വിട്ടത്.
അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ഇഷാന്‍ കിഷനെയും ബിഷ്‌ണോയി മടക്കി. പിന്നാലെ വന്ന നേഹല്‍ വധേരയും വളരെ വേഗം ക്രീസ് വിട്ടു. ഇതോടെ മുംബൈ പരുങ്ങലിലായി. പിന്നാലെ വന്ന താരങ്ങള്‍ക്കൊന്നും മുംബൈയെ വിജയലക്ഷ്യത്തിലെത്തിക്കാനായില്ല.
ലഖ്നൗവിന് വേണ്ടി രവി ബിഷ്ണോയ്, യാഷ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മൊഹ്സിന്‍ ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here