തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ബ്രസീൽ പ്രഡിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാവോ പോളോയിലെ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും നിലവിൽ അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ലുല തലയടിച്ചു വീണിരുന്നു. പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. പിന്നാലെ ആഴ്ചകൾ കഴിഞ്ഞിട്ടും കടുത്ത തലവേദനയടക്കം ഉണ്ടായതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയ പൂർത്തിയായ അദ്ദേഹം
ഇപ്പോഴും നിരീക്ഷണത്തിലാണ്.നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേക്കാണ് അദ്ദേഹത്തിന് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ; കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്: ഇനി നിശബ്ദ പ്രചാരണം
ഒക്‌ടോബറിലെ വീഴ്ചയ്ക്ക് ശേഷം ലുലയുടെ ആരോഗ്യ സ്ഥിതിയിൽ വലിയ ആശങ്കയാണ് ഉയർന്നത്. അനാരോഗ്യം മൂലം അദ്ദേഹം ഔദ്യോഗിക യാത്രകൾ അടക്കം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടർന്ന് ഔദ്യോഗിക യോഗം അടക്കം അദ്ദേഹം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു.
അതിനിടെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് മടങ്ങാനുള്ള പദ്ധതി വൈസ് പ്രസിഡൻ്റ് ജെറാൾഡോ അൽക്ക്മിൻ ചൊവ്വാഴ്ച റദ്ദാക്കി. പ്രസിഡന്റ് ചികിത്സയിൽ തുടരുന്ന സാവോ പോളോയിൽ തുടരാനാണ് ഇപ്പോൾ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രസിഡന്റിന്റെ ചുമതലകൾ വൈസ് പ്രസിഡന്റിന് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here