പ്രമുഖ മലയാളി വ്യവസായിയും ശതകോടീശ്വരനുമായ എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യൻ രൂപ ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ വരും. കമ്പനിക്ക് ഏകദേശം 650 കോടി ഡോളർ മുതൽ 700 കോടി ഡോളർ വരെ (54,600 കോടി രൂപ മുതൽ 58,800 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാകും ഐപിഒ. അതേസമയം, ലുലു ഗ്രൂപ്പ് ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ALSO READ; ഹരിയാനയിൽ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 15 വിദ്യാർഥികൾക്ക് പരിക്ക്
ഒക്ടോബർ അവസാനത്തോടെ വില പ്രഖ്യാപിക്കുകയും ഓഹരികളുടെ ഒരു ശതമാനം ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യും. നവംബർ പകുതിയോടെ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു. യുഎഇയും മറ്റ് ഗൾഫ് ഗൾഫ് രാഷ്ട്രങ്ങളും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ റീട്ടെയ്‍ലർ ഐപിഒയായിരിക്കും ലുലുവിന്റേത് എന്നാണ് വിയിരുത്തലുകൾ. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ ലുലു ഗ്രൂപ്പ് നിയമിച്ചിട്ടുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ALSO READ; 24 മണിക്കൂറിനിടെ വിവിധ വിമാന സർവീസുകൾക്ക് നേരെ ഭീഷണി; വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി
25 ശതമാനം ഓഹരികളായിരിക്കും ഐപിഒയിലൂടെ ലുലു ഗ്രൂപ്പ് വിറ്റഴിച്ചേക്കുക. ഓഹരികളുടെ ഐപിഒ വിലയും ജീവനക്കാർക്കായി നീക്കിവയ്ക്കുന്ന ഓഹരികളെക്കുറിച്ചുമുള്ള പ്രഖ്യാപനം അടുത്തയാഴ്ച വന്നേക്കും. ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. 2022ലെ കണക്കുപ്രകാരം 66,000 കോടി രൂപയാണ് ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here