എം ടി യെ അനുസ്‍മരിച്ച് മന്ത്രി എം ബി രാജേഷ്. ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും എന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.
നിയമസഭയിൽ ഞാൻ പ്രതിനിധീകരിക്കുന്ന തൃത്താലയിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും, കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക സവിശേഷതകൾ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളിൽ ആവാഹിച്ചെങ്കിലും ഒരു വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സിൽ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത് എന്നും മന്ത്രി വ്യക്തമാക്കി.
also read: ‘ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്’: എം ടി യെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി
കേരളത്തിലെ ജന്മി-നാടുവാഴിത്ത സാമൂഹ്യഘടനയുടെ തകർച്ചയുടെ കാലത്ത്, ആ അന്തരാളഘട്ടത്തിൽ, പഴയ മാമൂലുകൾക്കെതിരെ ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് അദ്ദേഹം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടിയെ പോലുള്ള ബഹുമുഖ പ്രതിഭകൾ അപൂർവമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ പോയി എംടിയെ കണ്ടതും മന്ത്രി കുറിച്ചു. എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർത്ഥത്തിൽ അനാഥമാണ്. അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ ആ ഓർമകളെ നമുക്ക് ചേർത്തുനിർത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here