ചതിയാണിത് കൊടും ചതി; കേന്ദ്രത്തില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം; നാം കരുതിയിരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.

വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ പുറത്തുവിട്ടിരിക്കുന്നത്.

കേരളസര്‍ക്കാരാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങള്‍ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്.

ഒരു നാട് മുഴുവന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതരാകുന്നതിന് മുന്‍പ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുകയെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. പ്രളയം വന്നപ്പോള്‍ നല്‍കിയ അരിയ്ക്കും, രക്ഷാപ്രവര്‍ത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവര്‍. കേരളത്തെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊടും ചതി!

കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ മനുഷ്യശരീരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. സര്‍വതും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകച്ചിരിക്കുകയാണ്. അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയില്‍ കൊടും ചതിപ്രയോഗം നടത്തുകയാണ്. അതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ ഇന്ന് പുറത്തുവിട്ടിട്ടുള്ളത്.

വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ പുറത്തുവിട്ടിരിക്കുന്നത്. കേരളസര്‍ക്കാരാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങള്‍ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല, ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന് കാരണം കേന്ദ്രം ആരോപിക്കുന്നതുപോലെ ക്വാറികളുടെത് ഉള്‍പ്പെടെയുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളല്ലെന്നും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മറുപടി നല്‍കിയത്രേ. കേന്ദ്രത്തിന്റെ ശാസ്ത്രീയമല്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വാദങ്ങള്‍ ലേഖനങ്ങളായി എഴുതിയാല്‍, അതിന് സ്വീകാര്യത കിട്ടില്ലെന്നും വിദഗ്ധര്‍ പറഞ്ഞുവത്രേ. കേന്ദ്രത്തിന്റെ കയ്യില്‍ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടുകയാണ് ചെയ്യേണ്ടത്, അതിന് പകരം നിഴല്‍യുദ്ധം നടത്തുകയല്ല വേണ്ടത് എന്നും ചിലര്‍ തുറന്നടിച്ചതായാണ് ‘ദി ന്യൂസ് മിനുട്ട്’ പറയുന്നത്.

ദുരന്തത്തില്‍ ഒരു നാട് വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് കണ്ണില്‍ച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചുവെന്ന അവാസ്തവം പാര്‍ലമെന്റില്‍ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രേഖകള്‍ സഹിതം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കള്ളം സ്ഥാപിക്കാന്‍ ആളുകളെ വിലയ്‌ക്കെടുക്കാന്‍ കേന്ദ്രം ശ്രമിച്ചത്. എത്ര ഹൃദയശൂന്യരാണ് ഇവര്‍? ഒരു നാട് മുഴുവന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതരാകുന്നതിന് മുന്‍പ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? പ്രളയം വന്നപ്പോള്‍ നല്‍കിയ അരിയ്ക്കും, രക്ഷാപ്രവര്‍ത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവര്‍. കേരളത്തെ സഹായിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണം.
വാല്‍ക്കഷ്ണം- ഈ ഞെട്ടിക്കുന്ന വാര്‍ത്തയുടെ ഗൌരവം തിരിച്ചറിഞ്ഞ് മലയാള മാധ്യമങ്ങള്‍ ഒന്നടങ്കം ഈ വിഷയം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News