ഉത്തരമുണ്ടോ? സഭയിൽ നിന്ന്  തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്

SABHA

സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി സഭ വിട്ട പ്രതിപക്ഷത്തോട് പത്ത് ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്. സർക്കാർ തീരുമാനത്തെ ഭയന്നിട്ടല്ലേ അടിയന്തിര പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രോഷാകുലനായതെന്നും സ്ഥിതിഗതി ശാന്തമായിട്ടും പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോഴും ചില പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കിയത് സഭാ നടപടികൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് ആയിരുന്നില്ലേ എന്നതടക്കം പത്ത് ചോദ്യങ്ങളാണ് അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ  തന്റെ ചോദ്യങ്ങളിലൂടെ വെട്ടിലാക്കിയിരിക്കുന്നത്.

മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഇന്നത്തെ  പ്രതിപക്ഷത്തിൻ്റെ ആവശ്യം.അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബോധപൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കറും അറിയിച്ചു.ഇതോടെയാണ് പ്രതിപക്ഷം വിറളിപൂണ്ട് സഭ വിട്ടത്.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പൂർണ്ണരൂപം;

തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങൾ

1. ആദ്യം ശാന്തനും സ്വസ്ഥനുമായ പ്രതിപക്ഷനേതാവ്, അടിയന്തിര പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ എങ്ങനെ രോഷാകുലനായി മാറി? ഇത് അടിയന്തിര പ്രമേയം ചർച്ച ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ ഭയന്നിട്ടല്ലേ?

2. അടിയന്തിര പ്രമേയ ചർച്ച വരുന്നതിനെ എന്താണ് പ്രതിപക്ഷം ഭയക്കുന്നത്? നുണകൾ കൊണ്ട് പിടിച്ചുനിൽക്കാനാവില്ല എന്നും, ഇതുവരെ പുറത്ത് കെട്ടിപ്പൊക്കിയ നുണകളെല്ലാം തകർന്നടിയുമെന്നുമുള്ള ഭയമല്ലേ കാരണം?

3. അടിയന്തിര പ്രമേയ ചർച്ച അനുവദിച്ച ശേഷം ചർച്ചയെ ഭയന്ന് പ്രതിപക്ഷം ഒളിച്ചോടിയ അനുഭവം കേരള ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടുണ്ടോ?

4. സ്പീക്കറെയും മുഖ്യമന്ത്രിയെയും നിരന്തരം പ്രതിപക്ഷനേതാവ് അധിക്ഷേപിച്ചത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ഒളിച്ചോടാൻ വേണ്ടിയായിരുന്നില്ലേ?

5. സ്ഥിതിഗതി ശാന്തമായിട്ടും പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോഴും ചില പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കിയത് സഭാ നടപടികൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് ആയിരുന്നില്ലേ?

6. എന്നിട്ടും സഭ തുടർന്നപ്പോഴല്ലേ ബാനർ കൊണ്ട് സ്പീക്കറെ മറച്ച്, ഏത് വിധേനയും സഭ തടസപ്പെടുത്താനും അടിയന്തിര പ്രമേയ ചർച്ചയിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചത് ?

7. ഇതൊന്നും ഫലിക്കാത്തതിനാലല്ലേ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി അക്രമം നടത്തിയത്? ഇതിന് പിന്നിൽ അടിയന്തിര പ്രമേയം ചർച്ച ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ നിർബന്ധബുദ്ധിയായിരുന്നില്ലേ?

8. ഈ ബഹളങ്ങളും പ്രകോപനങ്ങളും നടന്നപ്പോഴും ഒരൊറ്റ ഭരണപക്ഷ എം എൽ എ എങ്കിലും സഭ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിക്കാനാവുമോ? ഒരു ഭരണകക്ഷി എം എൽ എ പോലും നടുത്തളത്തിൽ ഇറങ്ങിയെന്ന് ചൂണ്ടിക്കാണിക്കാനാവുമോ?

9. ചുരുക്കത്തിൽ നിയമസഭയിൽ ഇന്ന് പ്രതിപക്ഷം ഭീരുക്കളെപ്പോലെ ഒളിച്ചോടി. അടിയന്തിര പ്രമേയത്തിന്റെ ഭാഗമായി ചർച്ച നടന്നിരുന്നെങ്കിൽ പുറത്ത് കെട്ടിപ്പടുത്ത പ്രതിപക്ഷത്തിന്റെ നുണക്കോട്ടകൾ പൊളിഞ്ഞുവീഴും. ആ ഭീതിയിലായിരുന്നില്ലേ ഈ നാണംകെട്ട പിന്മാറ്റം?

10. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ മൈക്ക് അനുവദിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തടസ്സം നില്കുന്ന വിധം നടുത്തളത്തിൽ നിന്ന് മാത്യു കുഴൽനാടൻ തുടർച്ചയായി ചെയറിനു അഭിമുഖമായി നിന്ന് ശബ്ദമുയർത്തി സംസാരിച്ചു. അതുകണ്ട് കുഴൽനാടനോടാണ് സ്പീക്കർ ചോദിച്ചത്, ആരാ, ലീഡർ ആരാണ്? ഒരുപാട് ലീഡറുണ്ടോ ഓപ്പോസിഷന്? ആരാ ഓപ്പോസിഷൻ ലീഡർ? എന്ന്. പ്രതിപക്ഷനേതാവിനെ പ്രതിപക്ഷ അംഗം തന്നെ തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്യുകയാണ് സ്പീക്കർ ചെയ്തത്. പ്രതിപക്ഷനേതാവിനെ സ്പീക്കറാണോ പ്രതിപക്ഷ എം എൽ എ ആണോ അപമാനിച്ചത്?
സഭയിൽ നിന്ന് ഓടിയൊളിച്ചാലും ജനങ്ങൾക്ക് മുമ്പിൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരും എന്നുമാത്രം ഓർമ്മിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News