കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടങ്ങിയ ഹൈക്കമാൻഡാണോ, അതോ മോദിയും അമിതാ ഷായുമാണോ? എന്ന് മന്ത്രി എം ബി രാജേഷ്. ദില്ലിയിൽ കേരളം നടത്തിയ പ്രതിഷേധസമരത്തെ കുറിച്ച് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
ALSO READ: വലിയ കണ്ണുകള്‍ നീളന്‍ കീഴ്ചുണ്ടുകള്‍; ഇത് സമുദ്രത്തിലെ ‘അന്യഗ്രഹജീവിയോ’?;
രാജ്യത്തിന്റെയാകെ പിന്തുണയാണ് ഇന്ന് ദില്ലിയിൽ കേരളം നടത്തിയ സമരത്തിന് കിട്ടിയതെന്ന് മന്ത്രി പറഞ്ഞു. കശ്മീർ മുതല് കന്യാകുമാരി വരെ കേരളത്തിന് ഐക്യദാർഢ്യവുമായി എത്തിയെന്നും രണ്ട് മുഖ്യമന്ത്രിമാര്, ഒരു മുൻ മുഖ്യമന്ത്രി അനേകം ദേശീയ നേതാക്കള്‍, എംപിമാര്‍ തുടങ്ങി രാജ്യത്തിന്റെയാകെ പിന്തുണയാണ് സമരത്തിന് കിട്ടിയതെന്നും മന്ത്രി കുറിച്ചു.
കേരളം ഉയര്ത്തുന്നത് നമ്മുടെ മാത്രം പ്രശ്നം അല്ല എന്നും, സമാനമായ പ്രതികാര നടപടിയും വിവേചനവും നേരിടുന്ന സംസ്ഥാനങ്ങളാകെ ഐക്യപ്പെടുകയാണ് എന്നുമുള്ള സന്ദേശം സമരത്തിന് നല്‍കാനായി എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ബിജെപിക്കും മോദി സര്ക്കാരിനുമെതിരായ യോജിപ്പിന്റെ സമരമുഖമായി അത് വളര്‍ന്നുവെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനുമെല്ലാം അവരവരുടെ സംസ്ഥാനങ്ങള് കേരളത്തിന് സമാനമായ കടുത്ത വിവേചനം നേരിടുന്നത് എങ്ങനെയാണെന്ന് വസ്തുതകളും കണക്കുകളും സഹിതം വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.കൂടാതെ നേതാക്കൾ നടത്തിയ പ്രസംഗത്തെ കുറിച്ചും മന്ത്രി വ്യക്തമാക്കി.
ALSO READ: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ജില്ലയും
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
കശ്മീർ മുതല് കന്യാകുമാരി വരെ കേരളത്തിന് ഐക്യദാർഢ്യവുമായി എത്തി. രണ്ട് മുഖ്യമന്ത്രിമാര്, ഒരു മുൻ മുഖ്യമന്ത്രി അനേകം ദേശീയ നേതാക്കള്, എംപി മാര് തുടങ്ങി രാജ്യത്തിന്റെയാകെ പിന്തുണയാണ് ഇന്ന് ഡല്ഹില് കേരളം നടത്തിയ സമരത്തിന് കിട്ടിയത്. കേരളം ഉയര്ത്തുന്നത് നമ്മുടെ മാത്രം പ്രശ്നം അല്ല എന്നും, സമാനമായ പ്രതികാര നടപടിയും വിവേചനവും നേരിടുന്ന സംസ്ഥാനങ്ങളാകെ ഐക്യപ്പെടുകയാണ് എന്നുമുള്ള സന്ദേശം സമരത്തിന് നല്കാനായി. ബിജെപിക്കും മോദി സര്ക്കാരിനുമെതിരായ യോജിപ്പിന്റെ സമരമുഖമായി അത് വളര്ന്നു.
ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനുമെല്ലാം അവരവരുടെ സംസ്ഥാനങ്ങള് കേരളത്തിന് സമാനമായ കടുത്ത വിവേചനം നേരിടുന്നത് എങ്ങനെയാണെന്ന് വസ്തുതകളും കണക്കുകളും സഹിതം വ്യക്തമാക്കി. ഫണ്ട് നല്കാതെയും, ഇ ഡി ഉള്പ്പെടെയുള്ള അന്യേഷണ ഉദ്യോഗസ്ഥരെ കയറൂരി വിട്ടും, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും, സ്വേച്ഛാധിപത്യ ഭരണം നടത്തുന്ന മോദി സര്ക്കാരിനെ നിശിതമായി കടന്നാക്രമിച്ച അരവിന്ദ് കേജ്രിവാള് തന്റെ പ്രസംഗം അവസാനിപ്പിച്ചത്, ഒരു മുന്നറിയിപ്പ് നല്കി കൊണ്ടായിരുന്നു. കാലചക്രം ഉരുളുക തന്നെ ചെയ്യും അത് നിശ്ചലമായിരിക്കുന്നില്ല. കാലം മാറി വരുമ്പോള് ഇപ്പുറത്തുള്ളവര് അപ്പുറത്തും അപ്പുറത്തുള്ളവര് ഇപ്പുറത്തും വരും. അപ്പോള് ഇപ്പോള് ചെയ്യുന്നതിനെല്ലാം കണക്ക് പറയേണ്ടി വരുമെന്നും കെജ്രിവാള് ഓര്മിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ഉജ്വലമായ പ്രസംഗമാണ് നടത്തിയത്. ഇന്ത്യയിലെ 70 കോടി ജനങ്ങള് പ്രതിപക്ഷ പാര്ട്ടികള് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും, അവരെ ഇന്ത്യക്കാരായി നിങ്ങള് കണക്കാക്കുന്നില്ലേ എന്നും ഭഗവന്ത് സിംഗ് മാന് ചോദിച്ചു. നേരിട്ടെത്താനായില്ലെങ്കിലും, വീഡിയോയിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജമ്മു കശ്മീര് മുന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാകട്ടെ കശ്മീര് മുതല് കന്യാകുമാരി വരെ ഒറ്റക്കെട്ടാണെന്നും, ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില് ഭിന്നിപ്പിക്കാന് ശ്രമിക്കുന്നവര് തെക്ക് വടക്ക് ഭിന്നത എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് എന്നും കുറ്റപ്പെടുത്തി.
പ്രമുഖ അഭിഭാഷകനും മുന് കേന്ദ്രമന്ത്രിയുമായ കബിൽസിബലാവട്ടെ ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി സമാഹരിച്ച 5000 കോടി രൂപ ഉപയോഗിച്ച് എങ്ങനെയാണ് എം എല് എ മാരെ വിലക്കെടുക്കുന്നത് എന്നും, തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരിനെ അട്ടിമറിക്കുന്നതെന്നും, ബി ജെ പിയുടെ ഓഫീസുകള് നിർമ്മിച്ചതെന്നും, സോഷ്യല് മീഡിയ നെറ്റ്വര്ക്കിനെ ചലിപ്പിക്കുന്നത് എന്നുമെല്ലാം യുക്തിസഹമായി ചൂണ്ടിക്കാണിച്ചു. ഇലക്ടറൽ ബോണ്ടിലൂടെ ഈ 5000 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തതെല്ലാം വൻകിട വ്യവസായികളാണ്. എന്നാൽ അവരുടെ പേരുകള് വെളിപ്പെടുത്താതെ സംരക്ഷിക്കുന്നു. ബിജെപിക്ക് പണം നൽകാത്ത വ്യവസായികളെ ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തുന്നു, എല്ലാവരും ബിജെപിക്ക് പണം കൊടുക്കാൻ നിർബന്ധിതരായിത്തീരുന്നു. പണക്കൊഴുപ്പിന്റെ ബലത്തിലാണ് ജനാധിപത്യ അട്ടിമറി രാജ്യത്ത് സംഘടിപ്പിക്കുന്നത് എന്ന് കബിൽസിബൽ ചൂണ്ടിക്കാണിച്ചു.
തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയത് ഐടി വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയുമാണ്. പളനിവേൽ ത്യാഗരാജന്റെ പ്രസംഗവും സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങള് കവർന്നെടുക്കുന്നത് അക്കമിട്ടുനിരത്തിക്കൊണ്ടായിരുന്നു. ഇവർക്ക് പുറമേ സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയും, സിപിഐ ജനറൽ സെക്രട്ടറി സ.ഡി രാജയും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരളവും കർണാടകവുമൊക്കെ നടത്തുന്ന സമരങ്ങള് രാജ്യത്ത് തെക്കുവടക്ക് വിഭജനം സൃഷ്ടിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനുള്ള മറുപടിയായിരുന്നു, ഇന്നത്തെ കേരളത്തിന്റെ സമരം. കശ്മീരിൽ നിന്നുള്ള ഫറൂഖ് അബ്ദുള്ളയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒന്നും തെക്കേ ഇന്ത്യയിൽ നിന്നുള്ളവരല്ലല്ലോ? അതുകൊണ്ടാണ് സിതാറാം യെച്ചൂരി പറഞ്ഞത്,മോദി ആദ്യം ഇന്ത്യയുടെ ഭൂമിശാസ്ത്രവും ഭൂപടവും പഠിക്കണമെന്ന്.
ബിജെപിക്കെതിരായ ജനാധിപത്യ ശക്തികളുടെ യോജിച്ച സ്വരമാണ് ഇന്ന് ഡൽഹിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ നയിച്ച സമരമുഖത്ത് നിന്ന് ഉയർന്നുകേട്ടത്. ആ സമരമുഖത്ത് നിന്ന് വിട്ടുനിൽക്കുക വഴി കേരളത്തിലെ കോൺഗ്രസ് മോദിക്കും ബിജെപിക്കുമെതിരെ ഐക്യത്തിനില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് പാർലമെന്റിൽ സംസാരിക്കുമ്പോഴാണ്, കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസും ആ സമരത്തെ ആക്ഷേപിച്ച് ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെയും ആരോപണങ്ങള് ആവർത്തിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ ഹൈക്കമാൻഡ് ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടങ്ങിയ ഹൈക്കമാൻഡാണോ, അതോ മോദിയും അമിതാ ഷായുമാണോ?