കൊച്ചിയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉൾപ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചതായി മന്ത്രി എം ബി രാജേഷ്. വസ്തുതകളിലൂടെയും കണക്കുകളിലൂടെയുമാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായപ്പോഴുള്ള സാഹചര്യത്തിൽ അന്ന് താൻ സ്വീകരിച്ച നടപടികളും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ALSO READ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകള്‍ കൂടി ചൈനയില്‍ നിന്ന് ഉടനെത്തും
അന്ന് പ്രഖ്യാപിച്ച, 150 ടൺ മാലിന്യം സംസ്കരിച്ച് കംപ്രസ്സഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന ബിപിസിഎല്ലിന്റെ 100 കോടിയുടെ പ്ലാന്റ് ടെൻഡർ ഘട്ടത്തിൽ എത്തി. ഉടൻ നിർമ്മാണം ആരംഭിക്കും.ഒരു വർഷത്തിനുള്ളിൽ കൊച്ചി നഗരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 93.71 ശതമാനവും ശേഖരിക്കുന്ന വിധം മാലിന്യ ശേഖരണ സംവിധാനം ഒരുക്കാനായി. 794 ഹരിത കർമ്മ സേനാംഗങ്ങളെ ഒരു വർഷം കൊണ്ട് പരിശീലനം നൽകി രംഗത്തിറക്കി.കൂടാതെ ഒരു വർഷത്തിനുള്ളിൽ നിരവധി നടപ്പിലായതും നടപ്പിലാക്കാനുള്ളതുമായ പദ്ധതികളുടെ വിവരങ്ങളും മന്ത്രി വ്യക്തമാക്കി.
തീയും പുകയും അടങ്ങിയപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും പിൻവാങ്ങിയെങ്കിലും സർക്കാരും കോർപ്പറേഷനും പിൻവാങ്ങിയില്ല എന്നതാണ് ഇതിന്റെ അർത്ഥമെന്നും മന്ത്രി പറഞ്ഞു.ഇനിയും ഏറെ മാറാനുണ്ട്. കൊച്ചിയെ പരിപൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി കുറിച്ചു.
ALSO READ: ‘ഒരുപാട് തവളകളെ തന്റെ രാജകുമാരനെ കണ്ടെത്തുന്നതിന് മുന്‍പ് ചുംബിക്കേണ്ടി വന്നു’: താപ്‍സി പന്നു
എം ബി രാജേഷിന്റെ പോസ്റ്റ്
“എനിക്ക് ശ്വാസം കിട്ടുന്നില്ല…..”
കൊച്ചിയിലെ ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ ഉച്ചത്തിൽ ഉയർന്ന മുറവിളിയായിരുന്നു ഇത്. ആളിക്കത്തിയ തീ അണക്കാൻ 12 ദിവസം വേണ്ടി വന്നു. മാർച്ച് 12 നാണ് ഈ തീ പൂർണ്ണമായും അണയ്ക്കാനായത്. രൂക്ഷമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉണ്ടായി. പലരും കൊച്ചി വിട്ടു പോവുകയാണെന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയമുണ്ടായി
ഒരു വർഷം കഴിഞ്ഞപ്പോൾ എന്താണുണ്ടായ മാറ്റം?
2023 മാർച്ച് 10നാണ് ഞാനും വ്യവസായ മന്ത്രിയും ചേർന്ന് ജനപ്രതിനിധികളടക്കമുള്ള ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്തത്. കൊച്ചിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടി അവിടെ പ്രഖ്യാപിച്ചു. ശക്തമായ എതിർപ്പും സംശയങ്ങളുമൊക്കെയു ണ്ടായി. “ഇത് കൊച്ചിയാണ് പാലക്കാട് അല്ല മന്ത്രി പറയുന്നത് ഒന്നും ഇവിടെ നടപ്പാക്കാനാവില്ല” ഒരു ജനപ്രതിനിധി രോഷത്തോടെ പ്രതികരിച്ചു. “എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടത് എന്ന വ്യക്തമായ ധാരണ സർക്കാരിനുണ്ട്” എന്ന് സംയമനത്തോടെ മറുപടി പറഞ്ഞു. തുടർന്ന് ഒരാഴ്ച ഞാൻ കൊച്ചിയിൽ താമസിച്ച് മേയർക്കും കൗൺസിലർമാർക്കും ഒപ്പം വാർഡ് തലത്തിൽ ജനങ്ങളുടെ യോഗം വിളിച്ചു.ഞങ്ങൾ ആയിരക്കണക്കിനാളുകളുമായി നേരിട്ട് സംസാരിച്ചു. സംഘടനകളുമായും സംസാരിച്ചു. അതിനുശേഷം തുടർച്ചയായി എല്ലാ ആഴ്ചയും പ്രവർത്തന പുരോഗതി വിലയിരുത്തി. പതുക്കെ മാറ്റങ്ങൾ വന്നു തുടങ്ങി. കൊച്ചിയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉൾപ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചു. ആ മാറ്റം ചില വസ്തുതകളിലൂടെയും കണക്കുകളിലൂടെയും ചുരുക്കി പറയട്ടെ.
1. അന്ന് പ്രഖ്യാപിച്ച, 150 ടൺ മാലിന്യം സംസ്കരിച്ച് കംപ്രസ്സഡ് ബയോഗ്യാസ് (CBG ) ഉത്പാദിപ്പിക്കുന്ന ബിപിസിഎല്ലിന്റെ 100 കോടിയുടെ പ്ലാന്റ് ടെൻഡർ ഘട്ടത്തിൽ എത്തി. ഉടൻ നിർമ്മാണം ആരംഭിക്കും. 18 മാസം കൊണ്ട് ആ വൻകിട പ്ലാന്റ് യാഥാർത്ഥ്യമാകും.
2. ഒരു വർഷത്തിനുള്ളിൽ കൊച്ചി നഗരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ 93.71 ശതമാനവും ശേഖരിക്കുന്ന വിധം മാലിന്യ ശേഖരണ സംവിധാനം ഒരുക്കാനായി. അതായത് 366.46 ടൺ മാലിന്യത്തിൽ 343.43 ടണ്ണും ഇന്ന് ശേഖരിക്കാനാകുന്നു. നേരത്തെ ഇത്രയും മാലിന്യം തെരുവിലും ബ്രഹ്മപുരത്തും തള്ളു കയായിരുന്നുവെങ്കിൽ അതാണിപ്പോൾ ഇല്ലാതായത്.
3. ഒരു വർഷം മുമ്പ് ഹരിതകർമ്മ സേനയേ കൊച്ചിയിലുണ്ടായിരുന്നില്ല. 794 ഹരിത കർമ്മ സേനാംഗങ്ങളെ ഒരു വർഷം കൊണ്ട് പരിശീലനം നൽകി രംഗത്തിറക്കിയതിലൂടെയാണ് 93% മാലിന്യം ശേഖരിക്കാൻ കഴിഞ്ഞത്
4. ഒരു വാഹനവുമില്ലാത്തിരുന്നിടത്ത് ഇന്ന് ഹരിത കർമ്മ സേനയുടെ 120 വാഹനങ്ങൾ മാലിന്യ നീക്കത്തിനായി കൊച്ചിയിലുണ്ട്
5. ഒരൊറ്റ പാഴ് വസ്തു സംഭരണ കേന്ദ്രവും (MCF) ഒരു വർഷം മുമ്പ് കൊച്ചിയിൽ ഉണ്ടായിരുന്നില്ല. സ്ഥലം ലഭിക്കാൻ പ്രയാസമാണ് എന്നായിരുന്നു വാദം. അതിനു പരിഹാരമായി കണ്ടെയ്നർ എം സി എഫ് എന്ന ആശയം വിജയകരമായി നടപ്പിലാക്കി. ഇപ്പോൾ 24 കണ്ടെയ്നർ എം സി എഫില് ആയി 720 ടൺ അജൈവ മാലിനും സംഭരിക്കുന്നു. നേരത്തെ ഇതെല്ലാം തെരുവിലേക്കോ ബ്രഹ്മപുരത്തേക്കോ തള്ളുകയായിരുന്നു പതിവ്. മാർച്ചോടുകൂടി 56 കണ്ടെയ്നർ എം സി എഫ് കൂടി നിലവിൽ വരും.
6. പ്രതിദിനം രണ്ട് ടൺ സാനിറ്ററി മാലിന്യം രണ്ട് ഏജൻസികളിലൂടെ ശേഖരിച്ച് കെല്ലിന് കൈമാറി സംസ്കരിക്കുന്നു. ഇതിനുപുറമേ മൂന്ന് ടണ്ണിന്റെ മറ്റൊരു പ്ലാന്റ് ബ്രഹ്മപുരത്ത് ഉടൻ നിർമ്മാണം ആരംഭിക്കും.
7. 4 ആർ ആർ എഫുകൾ സ്ഥാപിച്ചു കഴിഞ്ഞു രണ്ടെണ്ണത്തിന്റെ നിർമ്മാണം നടന്നുവരുന്നു.
8. 40 ടൺ ജൈവമാലിനും പ്രതിദിനം സംസ്കരിക്കുന്ന 6 തുമ്പൂർമുഴി പ്ലാന്റുകൾ പ്രവർത്തിക്കുന്നു. 50 ടണ്ണിന്റെ രണ്ട് പ്ലാന്റുകൾ വേറെയും ബ്രഹ്മപുരത്ത് പൂർത്തിയായിട്ടുണ്ട്.
9. രണ്ട് കോംപാക്ടറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 15 എണ്ണം കൂടി ഈ മാസം പ്രവർത്തിച്ചു തുടങ്ങും.
10. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതിരിക്കാൻ 56 ബോട്ടിൽ ബൂത്തുകൾ ഒരു വർഷത്തിനകം സ്ഥാപിച്ചു.
11. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സക്ഷൻ കം ജെറ്റിങ് മെഷീൻ ഇപ്പോൾ ഒന്ന് പ്രവർത്തിക്കുന്നു രണ്ടെണ്ണം കൂടി ഈ മാസം ലഭ്യമാക്കും.
12. ഇതിന് പുറമെ രണ്ട് റോഡ് സ്വീപ്പിങ് മെഷീനുകൾ,സ്വാപ്ഷോപ്പ്, 2000 വീടുകളിൽ ബയോബിൻ എന്നിവയും ഒരു വർഷത്തിനുള്ളിലുണ്ടായതാണ്.
ഇത്രയും കാര്യങ്ങൾ ഒരു വർഷത്തിനുള്ളിൽ സാധിച്ചതാണ്. തീയും പുകയും അടങ്ങിയപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും പിൻവാങ്ങിയെങ്കിലും സർക്കാരും കോർപ്പറേഷനും പിൻവാങ്ങിയില്ല എന്നർത്ഥം. എല്ലാം തികഞ്ഞു എന്നൊന്നുമല്ല അവകാശവാദം. ഇത്രയൊക്കെ മാറ്റം വരുത്തി എന്ന് ഓർമ്മിപ്പിക്കുക മാത്രം; ഇനിയും ഏറെ മാറാനുണ്ടെന്ന് അംഗീകരിക്കുന്നു.പക്ഷേ, ഈ അനുഭവത്തിൽ നിന്ന് ആത്മവിശ്വാസത്തോടെ പറയാനാവും-കൊച്ചിയെ പരിപൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും.