ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുരുട്ടിക്കെട്ടാൻ ശ്രമിച്ച ജനാധിപത്യ അവകാശങ്ങളും അവ ഉറപ്പുനൽകുന്ന ഭരണഘടനയും ഉയർത്തിപ്പിടിക്കുകയാണ് എസ്എഫ്ഐ ചെയ്തതതെന്ന് മന്ത്രി എം ബി രാജേഷ്. ബാനർ വീണ്ടും ഉയർത്തിയപ്പോൾ ഒരു ബാനർ ഉയർത്തുക മാത്രമല്ല ഗവർണർ നിഷേധിക്കുന്ന ജനാധിപത്യ അവകാശങ്ങളും അവ ഉറപ്പുനൽകുന്ന ഭരണഘടനയും ഉയർത്തിപ്പിടിക്കുകയാണ് എസ് എഫ് ഐ ചെയ്തതെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു
അധികാരഹുങ്കിൽ നിർബന്ധപൂർവം അഴിപ്പിച്ച ബാനർ പുനഃസ്ഥാപിച്ചില്ലെങ്കിൽ നാടിനും സർവകലാശാലയിലെ അക്കാദമിക് സമൂഹത്തിനും എന്തൊരു നാടക്കേടാകുമായിരുന്നു? ബാനർ പുനസ്ഥാപിച്ച എസ്എഫ്ഐയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
ആരിഫ് മുഹമ്മദ് ഖാന് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, എസ്എഫ്ഐ യെക്കുറിച്ചും ധാരണയില്ലാത്തതുകൊണ്ടാണ് തെരുവിലിറങ്ങിയും നാടുനീളെ നടന്നും വെല്ലുവിളിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി .അടിയന്തിരാവസ്ഥയിലും ഇന്ദിരാഗാന്ധിയുടെയും വിഘടനവാദികളുടെ ആയുധങ്ങളുടെ മുന്നിലുമൊന്നും താഴ്ത്താത്ത ശുഭ്രപതാക, അധികാര പ്രമത്തതയുടെ തെരുവുപ്രകടനങ്ങൾക്ക് മുന്നിൽ താഴ്ത്തില്ല എന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
ALSO READ: രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനു ഒരുങ്ങി ഹൈക്കമാന്റ്
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
ആ ബാനർ വീണ്ടും ഉയർത്തിയപ്പോൾ എസ്എഫ്ഐ ചെയ്തത് ഒരു ബാനർ ഉയർത്തുക മാത്രമല്ല. മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ ചുരുട്ടിക്കെട്ടാൻ ശ്രമിച്ച ജനാധിപത്യ അവകാശങ്ങളും അവ ഉറപ്പുനൽകുന്ന ഭരണഘടനയും ഉയർത്തിപ്പിടിക്കുകയാണ്. ഗവർണറെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന അതേ ഭരണഘടന തന്നെയാണ് അഭിപ്രായപ്രകടനത്തിനുള്ള അവകാശവും ഉറപ്പുനൽകുന്നത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള മാർഗങ്ങളിലൊന്നാണല്ലോ ബാനർ ഉയർത്തുന്നത്? അധികാരഹുങ്കിൽ നിർബന്ധപൂർവം അഴിപ്പിച്ച ബാനർ പുനഃസ്ഥാപിച്ചില്ലെങ്കിൽ നാടിനും സർവകലാശാലയിലെ അക്കാദമിക് സമൂഹത്തിനും എന്തൊരു നാടക്കേടാകുമായിരുന്നു? ബാനർ പുനസ്ഥാപിച്ച എസ്എഫ്ഐയെ അഭിനന്ദിക്കുന്നു.
മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാന് ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, എസ്എഫ്ഐ യെക്കുറിച്ചും ധാരണയില്ലാത്തതുകൊണ്ടാണ് തെരുവിലിറങ്ങിയും നാടുനീളെ നടന്നും വെല്ലുവിളിക്കുന്നത്. എല്ലാ പ്രതിഷേധങ്ങൾക്കും ഭരണകൂടം വിലക്കേർപ്പെടുത്തിയ അടിയന്തിരാവസ്ഥയിൽ, അവയെല്ലാം ലംഘിച്ച് പ്രതിഷേധിച്ചതാണ് എസ്എഫ്ഐയുടെ ചരിത്രം.കേരളത്തിൽ അടിയന്തിരാവസ്ഥയ്ക്കെതിരായ ആദ്യ പ്രതിഷേധം 1975 ജൂലൈ 1ന് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയത് എസ്എഫ്ഐ ആയിരുന്നു. ഇന്ദിരയുടെ മർദകവാഴ്ചകളെയും കരുണാകരന്റെ കിങ്കരന്മാരെയും കിടിലംകൊള്ളിച്ച ആ പ്രതിഷേധത്തെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. അതിന് നേതൃത്വം കൊടുത്ത അന്നത്തെ വിദ്യാർത്ഥി നേതാക്കളായ എം എ ബേബിയെയും ജി സുധാകരനെയും എം വിജയകുമാറിനെയുമെല്ലാം തല്ലിച്ചതച്ച് ജയിലിലടയ്ക്കുകയായിരുന്നു. അടിയന്തിരാവസ്ഥയിലുടനീളം അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മിസാ തടവുകാരനായി ജയിലിലായിരുന്നു. ജയിലിൽ കിടന്നാണ് മണ്ണാർക്കാട് എം ഇ എസ് കോളേജിലെ മുഹമ്മദ് മുസ്തഫ രക്തസാക്ഷിയായത്. ജയിലിലടയ്ക്കാൻ മുസ്തഫ ചെയ്ത കുറ്റം ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ’ എന്ന് ചോക്കുകൊണ്ട് ക്ലാസ്റൂമിലെ ബോർഡിലെഴുതിവെച്ചു എന്നതായിരുന്നു. എസ്എഫ്ഐ യിൽ നിന്ന് രാജിവെച്ചു ഇന്ന് എഴുതിത്തന്നാൽ മോചിപ്പിക്കാം എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഗ്ദാനത്തിന്, ‘ജീവൻ വെടിഞ്ഞാലും രാജിവെക്കില്ല’ എന്ന് മറുപടി നൽകിയ കൗമാരധീരതയുടെ പേരാണ് മുഹമ്മദ് മുസ്തഫ. ആ ധൈര്യത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു എസ്എഫ്ഐ.
അന്വേഷിച്ചാൽ ആരിഫ് മുഹമ്മദ് ഖാന് അറിയാവുന്ന ഒരു കാര്യം കൂടി പറയാം. അടിയന്തിരാവസ്ഥയുടെ സൂര്യനസ്തമിച്ച പകലുകളിലൊന്നിൽ, പെൺ ഹിറ്റ്ലർ എന്ന് എകെജി വിശേഷിപ്പിച്ച അധികാരഗർവിന്റെ മൂർത്തീഭാവമായിക്കഴിഞ്ഞ ഇന്ദിരാഗാന്ധിയെ, ജെഎൻയു വിന്റെ കവാടത്തിൽ തടഞ്ഞുനിർത്തി കുറ്റവിചാരണ ചെയ്ത ചരിത്രവും എസ്എഫ്ഐ യ്ക്കുണ്ട്. ഇന്ദിരയെ ജെഎൻയു വിൽ കയറാൻ അനുവദിക്കാതെ കുറ്റവിചാരണയ്ക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിന്റെ പേര് സീതാറാം യെച്ചൂരി എന്നാണ്. എൺപതുകളിൽ ആസ്സാമിലെ വിഘടനവാദികളായ ആസുവിനെ (All Assam Students Union) എതിർത്തതിന് എസ്എഫ്ഐ നേതാവായിരുന്ന നിരഞ്ജൻ താലൂക്ദാറിനെ വെട്ടിനുറുക്കി ശരീരം ചാക്കിൽക്കെട്ടി ബ്രഹ്മപുത്രയിലൊഴുക്കിയപ്പോൾ, ‘Our bodies can be cut into pieces but we won’t allow our country to be cut into pieces’ എന്ന ബാനറുയർത്തിയവരാണ് എസ്എഫ്ഐ.
അടിയന്തിരാവസ്ഥയിലും ഇന്ദിരാഗാന്ധിയുടെയും വിഘടനവാദികളുടെ ആയുധങ്ങളുടെ മുന്നിലുമൊന്നും താഴ്ത്താത്ത ശുഭ്രപതാക, അധികാര പ്രമത്തതയുടെ തെരുവുപ്രകടനങ്ങൾക്ക് മുന്നിൽ താഴ്ത്തില്ല എന്ന് എസ്എഫ്ഐ വീണ്ടും തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ.