തൃത്താല കപ്പൂരിലെ പോക്കർ ഹാജിയുടെയും മകൻ സഫീറിന്റെയും തണ്ണീർമത്തൻ കൃഷിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുത്ത തണ്ണീർ മത്തനുകൾ 2022 ൽ തന്നെ ഹോർട്ടികോപ്പ് നേരിട്ട് ഏറ്റെടുത്തുവെന്നും മന്ത്രി കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ വിളവെടുപ്പ് എന്നും ഇത്തവണത്തെ കൃഷി 13 ഏക്കറിലാണ് അതിൽ ഒന്നര ഏക്കറിന്റെ വിളവെടുപ്പിനാണ് താൻ എത്തിയത് എന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ മൂന്നര വർഷമായി തൃത്താലയിൽ നടപ്പാക്കുന്ന ‘സുസ്ഥിര തൃത്താല’ യുടെ ഭാഗമായി തൃത്താലയുടെ കാർഷിക മേഖലക്കുണ്ടായിരിക്കുന്ന വൻ ഉണർവ് അഭിമാനകരമാണ് എന്നും മന്ത്രി കുറിച്ചു.
മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്
തണ്ണീർമത്തൻ ദിനങ്ങൾ
————————–
വേനലായാൽ റോഡ് അരികിൽ മുഴുവൻ തകർപ്പൻ തണ്ണീർമത്തൻ കച്ചവടം നടക്കുന്ന സമയമാണല്ലോ. നമ്മുടെ ആവശ്യത്തിനുള്ള തണ്ണീർ മത്തൻ മഹാഭൂരിപക്ഷവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതും. എന്നാൽ തൃത്താല കപ്പൂരിലെ പോക്കർ ഹാജിക്കും മകൻ സഫീറിനും പറയാനുള്ളത് ഈ നാട്ടിൽ ഉഴുതു മറിച്ചുണ്ടാക്കിയ തങ്ങളുടെ തണ്ണീർ മത്തൻ ദിനങ്ങളുടെ കഥയാണ്.
2022 ലാണ് പോക്കർ ഹാജി ആദ്യമായി തണ്ണീർമത്തൻ കൃഷി ആരംഭിക്കുന്നത്. കൂടെ പ്രവാസം ഉപേക്ഷിച്ച് നാട്ടിലെത്തി പൂർണ്ണസമയവും കൃഷിയിൽ കേന്ദ്രീകരിച്ചിരിക്കുന്ന മകൻ സഫീറും.
ആദ്യ ശ്രമത്തിൽ തന്നെ 22000 കിലോ ആയിരുന്നു വിളവെടുപ്പ്. ഇത്രയും അധികം തണ്ണീർ മത്തൻ എന്ത് ചെയ്യും എന്നറിയാതെ വിഷമിച്ചു നിന്ന ഘട്ടത്തിൽ ആണ് ഈ തണ്ണീർ മത്തനുകൾ ഏറ്റെടുക്കണം എന്ന് ഹോർട്ടികോർപ്പിനോട് ഞാൻ ആവശ്യപ്പെടുന്നത്. ആ വർഷം 12000 കിലോ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ചു. തൊട്ടടുത്ത വർഷം പാട്ടത്തിന് എടുത്ത ഭൂമി ഉൾപ്പെടെ 6 ഏക്കർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. അന്ന് ലഭിച്ചതാകട്ടെ 53000 കിലോ തണ്ണീർമത്തൻ! 2023 ലെ വിളവെടുപ്പിന് പോക്കർ ഹാജി എന്നെ ക്ഷണിക്കുകയുണ്ടായി. അവിടെ വച്ച് തന്നെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് തണ്ണീർ മത്തൻ കൃഷിക്ക് ചെയ്യാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ചെയ്തു കൊടുക്കണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.
ഇക്കഴിഞ്ഞ ദിവസമായിരുന്നു ഈ വർഷത്തെ വിളവെടുപ്പ്. നല്ല തിരക്കിട്ട പരിപാടികൾ ഉള്ള ഒരു ദിവസമായിരുന്നിട്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ മുഹമ്മദ് റവാഫിന്റെയും പാർട്ടി ലോക്കൽ സെക്രട്ടറി സ. പ്രമോദിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തവണത്തെ വിളവെടുപ്പിന് എത്തിയത്. അക്ഷരാർത്ഥത്തിൽ മനസ് ആഹ്ലാദത്താൽ നിറഞ്ഞു. ഇത്തവണത്തെ കൃഷി 13 ഏക്കറിലാണ്! അതിൽ ഒന്നര ഏക്കറിന്റെ വിളവെടുപ്പിനാണ് ഞാൻ എത്തിയത്. എത്ര വിളവ് ഉണ്ടാവുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ മൂന്നര വർഷമായി തൃത്താലയിൽ നടപ്പാക്കുന്ന ‘സുസ്ഥിര തൃത്താല’ യുടെ ഭാഗമായി തൃത്താലയുടെ കാർഷിക മേഖലക്കുണ്ടായിരിക്കുന്ന വൻ ഉണർവ്വ് അഭിമാനകരമാണ്. പോക്കർ ഹാജിയെയും സഫീറിനെയും പോലുള്ള നിരവധി പേരാണ് കൃഷി ഒരു പ്രൊഫഷൻ ആയി സ്വീകരിച്ചിരിക്കുന്നത്.
തൃത്താലയുടെ കാർഷിക മേഖലയുടെ പുത്തൻ ഉണർവ്വിനും വൈവിധ്യ വൽക്കരണത്തിനും മുൻ കയ്യെടുക്കുന്ന കർഷക കർഷക തൊഴിലാളികളെയും അവർക്ക് മാർഗ നിർദ്ദേശം നൽകുന്ന കടമ മറക്കാത്ത ഉദ്യോഗസ്ഥരെയും സ്നേഹാഭിവാദ്യം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here