എം ചന്ദ്രന് വിട, സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന് വിട. ഭൗതിക ശരീരം പൊതു ദര്‍ശനത്തിനു വെച്ച വട്ടേനാട് സ്‌കൂളിലും തൃത്താല പടിഞ്ഞാറങ്ങാടിയിലെ വീട്ടിലും നൂറുകണക്കിന് പേരെത്തി അന്ത്യോപചാരമര്‍പ്പിച്ചു. വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിനെ ശക്തിപ്പെടുത്തിയതില്‍ പ്രധാനിയാണ് എം ചന്ദ്രന്‍. ആനക്കര മിച്ചഭൂമി സമരത്തില്‍ പങ്കെടുത്താണ് രാഷ്ട്രീയത്തില്‍ സജീവമായത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മിന്റെ കപ്പൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന എം ചന്ദ്രന്‍ 1982-ല്‍ തൃത്താല ഏരിയാകമ്മിറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയായി. 1980 മുതല്‍ എട്ടുവര്‍ഷം കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1987 മുതല്‍ 98 വരെ പതിനൊന്നു വര്‍ഷക്കാലം സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2006 മുതല്‍ 2016വരെ പത്തുവര്‍ഷം നിയമസഭയില്‍ ആലത്തൂരിനെ പ്രതിനിധീകരിച്ചു. സര്‍വീസ് സംഘടനയുടെയും സിഐടിയുവിന്റെയും നേതൃസ്ഥാനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.

പാലക്കാട്ടെ സംഘപരിവാര്‍ രാഷ്ട്രീയ പ്രതിരോധിച്ച ശക്തനായ നേതാവുകൂടിയാണ് വിടവാങ്ങുന്നത്. എം ചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

എ വിജയരാഘവന്‍, എ കെ ബാലന്‍, മന്ത്രി എം ബി രാജേഷ്, ഇ എന്‍ സുരേഷ് ബാബു തുടങ്ങി നേതാക്കളും പ്രിയ സഖാവിന് അന്ത്യോപചാരമര്‍പ്പിച്ചു. വ്യക്തിപരമായും അടുപ്പം സൂക്ഷിച്ചിരുന്ന നേതാവിന്റെ വിയോഗം ജില്ലയിലെ സിപിഐഎമ്മിന് നികത്താനാവാത്തതാണെന്ന് നേതാക്കള്‍ പറഞ്ഞു

കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്‍, എം എല്‍ എമാര്‍, നൂറുകണക്കിന് പ്രവര്‍ത്തകരും പ്രിയ സഖാവിന് അന്ത്യോപചാരമര്‍പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News