കയ്യൂര്‍ ദിനത്തില്‍ എം ശ്രീകുമാരന്‍ തമ്പിയെഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ആയിരുന്ന പി സി ജോഷി 1943ല്‍ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ കുറിപ്പ് ഉദ്ധരിച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത സഖാക്കളെ തുക്കിലേറ്റും മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി, പി സുന്ദരയ്യ എന്നിവര്‍ കൃഷ്ണപിള്ളയോടൊപ്പം കണ്ണൂര്‍ ജയിലിലെത്തി അവരെ കാണുന്നതും വിവിധ ദേശക്കാരായ പാര്‍ട്ടി നേതാക്കള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കത്തുകള്‍ മൊഴിമാറ്റി പി. കൃഷ്ണപിള്ള അവര്‍ക്ക് വായിച്ചു കൊടുക്കുന്നതുമെല്ലാം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കേളുനായര്‍ വായിച്ചു ‘രക്തത്താല്‍ കാവലാളായവരെ’
1943 മെയ് 23. കയ്യൂരിലെ നാല് രണധീരരെ തൂക്കിലേറ്റി കൃത്യം 55 നാള്‍ പിന്നിട്ട ദിവസം.
വേദി ഇന്‍ഡ്യന്‍ കമ്യൂ: പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ബോംബയിലെ R .M .ഭട്ട് സ്‌കൂള്‍ഹാള്‍ .
സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി അനുസ്മരണ ചടങ്ങ് വായിക്കുന്നത് മറ്റാരുമല്ല. ധീര കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരന്‍ പൊടോര കേളുനായര്‍. അന്നദ്ദേഹം കയ്യൂര്‍ പാര്‍ട്ടി സെല്‍ സെക്രട്ടറി (ബ്രാഞ്ച് സെക്രട്ടറി) കൂടിയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസിന് ബ്രാഞ്ച് സെക്രട്ടറി രക്തസാക്ഷി അനുസ്മരണം നടത്തിയ ഏക സന്ദര്‍ഭമായിരിക്കും അത്.
രക്തത്താല്‍ സാഹോദര്യപ്പെട്ട കേളുനായര്‍ക്കല്ലാതെ, കാലം ഇളകിയാര്‍ക്കുന്ന മുഹൂര്‍ത്തത്തില്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കാന്‍ മറ്റാര്‍ക്കാണ് കൂടുതല്‍ യോഗ്യത.
കണ്ണീര്‍ വീണ് വാക്കുകള്‍ പാതി മുറിഞ്ഞാണ് കേളുനായര്‍ രക്തസാക്ഷികളെ സ്മരിച്ചത്.
സഖാക്കളെ തുക്കിലേറ്റും മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി, പി സുന്ദരയ്യ എന്നിവര്‍ കൃഷ്ണപിള്ളയോടൊപ്പം കണ്ണൂര്‍ ജയിലിലെത്തി അവരെ കാണുന്നുണ്ട്. വിപ്ലവചരിത്രത്തിലെ അവിസ്മരണീയ രംഗങ്ങളിലൊന്നാണ്
വിവിധ ദേശക്കാരായ പാര്‍ട്ടി നേതാക്കള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതി അയച്ച സന്ദേശവും ജോഷിയുടെ കയ്യിലുണ്ട്. ജയിലഴിക്കുമുന്നില്‍ കയ്യൂര്‍ സഖാക്കള്‍ക്കായി പി. കൃഷ്ണപിള്ള അത് മൊഴിമാറ്റി വായിച്ചു. അതിനു ശേഷം നേതാക്കള്‍ കയ്യൂര്‍ ഗ്രാമത്തിലേക്ക് തേജസ്വനിയിലൂടെ തോണിയേറി പോകുന്നുണ്ട്. ആ തോണിയാത്രയും മലബാറിലെ വിപ്ലവ സ്മരണകളിലെ ത്രസിപ്പിക്കുന്ന കാഴ്ച്ചയാണ്.
പാര്‍ട്ടി സെക്രട്ടറി പി.സി ജോഷി പറയുന്നു’ ഞങ്ങള്‍ മടങ്ങാനൊരുങ്ങവെ അവര്‍ വീണ്ടും മുഷ്ടി ചുരുട്ടി. നന്നേ നേര്‍ത്ത കാലടികളോടെ ഞങ്ങള്‍ പുറത്തേക്ക് നടന്നു. അവരെക്കുറിച്ചുള്ള ആദരത്താല്‍ ഞങ്ങള്‍ വിനീതരായി. ഈ നേരമത്രയും മൗനിയായി ഒപ്പമുണ്ടായിരുന്ന സുന്ദരയ്യ പറഞ്ഞു. ‘നിങ്ങള്‍ അവരെ സ്വാന്തനിപ്പിക്കാനാണ് പോയത്. ഉണ്ടായത് പക്ഷെ നേരെമറിച്ചാണ് എന്ന് മാത്രം’.
‘അവര്‍ നമ്മുടെ രക്തസാക്ഷികളാണ്. ആരുടേയും സാന്ത്വനം ആവശ്യമില്ലാത്തവര്‍ . അവരേകനാക്കിയ സഖാവാണ് ഞാന്‍. എനിക്ക് സാന്ത്വനം വേണം. അവരതു തന്നു .എനിക്കത്രയേ പറയാനുള്ളു’
(പിസി ജോഷി 1943 ഏപ്രില്‍ 11 ന് പീപ്പിള്‍സ് ഡമോക്രസിയില്‍ എഴുതിയത്) ഇന്ന് കയ്യൂര്‍ ദിനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here