ഒരു പെരും നുണ വീണ്ടും വസ്തുത എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നു; എം സ്വരാജ്

മുന്‍ മുഖ്യമന്ത്രിയുടെ ആത്മകഥയില്‍ ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു നുണ സത്യമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്ന് എം സ്വരാജ്. മുന്‍മുഖ്യമന്ത്രിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ യുടെ മൂന്നാം അധ്യായമായ ‘തേവരയുടെ നിലവിളി’ യിലാണ് കേരളത്തിലെ കെ എസ് യുവിന്റെയും ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെയും അടിത്തറയായി മാറിയ ഒരു പെരും നുണ വീണ്ടും വസ്തുത എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കോട്ടയത്തെ അടച്ചു പൂട്ടിയ പാസ്പോർട്ട് സേവാകേന്ദ്രം ഈ മാസം തുറക്കും

ഫേസ്ബുക്ക് പോസ്റ്റ്

ആത്മകഥകളെ നുണയുടെ ആദരണീയ രൂപമെന്ന് വിശേഷിപ്പിച്ച ഹംഫ്രി വില്യംസ് കാര്‍പന്റര്‍ വിഖ്യാതനായ ജീവചരിത്രകാരനായിരുന്നു എന്നത് കൗതുകകരമാണ്. മരണമൊഴി പോലെ സംശയരഹിതമായ സത്യപ്രസ്താവനയായി മാറേണ്ട ആത്മകഥകള്‍ പക്ഷേ ചിലപ്പോഴെങ്കിലും സത്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാറുണ്ടെന്നത് ഇന്നൊരു രഹസ്യമല്ല. എന്തുകൊണ്ടാണ് ജീവിത സായാഹ്നത്തിലെ ആത്മകഥാ രചനയില്‍ പോലും ചില മനുഷ്യര്‍ക്ക് സത്യസന്ധരാവാന്‍ കഴിയാതെ പോകുന്നതെന്ന് മന:ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താവുന്ന വിഷയമാണ്.

മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ ഈയടുത്താണ് പുറത്തിറങ്ങിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. സണ്ണിക്കുട്ടി എബ്രഹാമാണ് അത് എഴുതി പുസ്തക രൂപത്തിലാക്കിയത്.
ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയെ വിലയിരുത്താനോ മാര്‍ക്കിടാനോ ഇവിടെ ശ്രമിക്കുന്നില്ല.
മറിച്ച് ഒരു മുന്‍ മുഖ്യമന്ത്രിയുടെ ആത്മകഥയില്‍ ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു നുണ സത്യമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല . അത് വിമര്‍ശന വിധേയമാവേണ്ടതുമുണ്ട്.
മുന്‍മുഖ്യമന്ത്രിയുടെ ആത്മകഥയായ ‘കാലം സാക്ഷി ‘ യുടെ മൂന്നാം അധ്യായമായ ‘തേവരയുടെ നിലവിളി’ യിലാണ് കേരളത്തിലെ കെ എസ് യുവിന്റെയും ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെയും അടിത്തറയായി മാറിയ ഒരു പെരും നുണ വീണ്ടും വസ്തുത എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത്.

Also Read: ഞണ്ടുകളെ പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ; ആര്‍ രാജഗോപാല്‍

1967 ല്‍ തേവരയിലെ മുരളി എന്ന വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിക്കുകയുണ്ടായി. അത് പോലീസ് മര്‍ദ്ദനം മൂലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രചരണ പരിപാടികളിലൂടെ കേരളത്തിലുണ്ടാക്കിയ കോലാഹലങ്ങളാണ് ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ സൃഷ്ടിച്ചതില്‍ നിര്‍ണായകമായത്.
ആത്മകഥയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് ഇങ്ങനെയാണ്.
‘ …വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികള്‍ ചിതറിയോടി. പലരും ഓടയില്‍ വീണു. അതിലൊരാളായിരുന്നു ടി കെ മുരളി. ഓടയില്‍ വീണു കിടക്കുകയായിരുന്നിട്ടും മുരളിയോട് പോലീസ് കരുണ കാട്ടിയില്ല. ലാത്തികൊണ്ട് പൊതിരെ തല്ലി. മുരളിയുടെ നിലവിളികള്‍ മറുപടി കിട്ടാതെ അന്തരീക്ഷത്തില്‍ ലയിച്ചു.”
– (കാലം സാക്ഷി , അദ്ധ്യയം – 3, പേജ് – 25 ) .
തുടര്‍ന്ന് ആരോടും ഒന്നും പറയാതെ വീട്ടിലെത്തിയ മുരളി വൈകുന്നേരത്തോടെ കുഴഞ്ഞുവീണു മരിച്ചു എന്നും ആത്മകഥയില്‍ വിശദീകരിക്കുന്നു.
1967 ലെ കെ എസ് യു വിന്റെ സമരത്തെ മഹത്വവല്‍ക്കരിക്കുകയും പോലീസ് ഭീകരവേട്ട നടത്തിയെന്ന് ആരോപിക്കുകയും ചെയ്യുന്നത് വസ്തുതാപരമല്ലെങ്കിലും പൊറുക്കാവുന്നതേയുള്ളൂ.
എന്നാല്‍ അതിനുമപ്പുറം ഒരു സമരത്തിലും പങ്കെടുത്തിട്ടില്ലാത്ത, സംഘടനാ പ്രവര്‍ത്തനവുമായി പുലബന്ധമില്ലാത്ത
ടി കെ മുരളി എന്ന വിദ്യാര്‍ത്ഥി ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചതിനെ സമരവും ലാത്തിച്ചാര്‍ജുമായി ബന്ധിപ്പിച്ച് ഇങ്ങനെയൊരു നുണക്കഥയുണ്ടാക്കി അവതരിപ്പിക്കുന്നത് പൊറുക്കാവുന്നതല്ല.
നീണ്ടകാലം കേരളത്തെ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും പറഞ്ഞു പറ്റിച്ച മുരളിക്കഥ എത്രയോ മുമ്പു തന്നെ പൊളിഞ്ഞു കഴിഞ്ഞതാണ്.
അന്നത്തെ കെ എസ് യു സമരം ‘മാതൃഭൂമി’ ദിനപ്പത്രത്തിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്തത് കോണ്‍ഗ്രസിന് എക്കാലത്തും പ്രിയങ്കരനായിരുന്ന
ശ്രീ. എന്‍ എന്‍ സത്യവ്രതനായിരുന്നു.
അന്നത്തെ സമരത്തെക്കുറിച്ചും സമരത്തിന്റെ ഏഴയലത്തു പോലും പോയിട്ടില്ലാത്ത പാവം ടി കെ മുരളി ഈ കഥയില്‍ എങ്ങനെ വന്നുവെന്നതിനെക്കുറിച്ചും എന്‍ എന്‍ സത്യവ്രതന്‍ തന്റെ മാദ്ധ്യമ പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ‘വാര്‍ത്ത വന്ന വഴി’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ പറയുന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചും , പോലീസിന്റെ ‘നരനായാട്ടി’നെക്കുറിച്ചും സമരത്തിന്റെ ദൃക്‌സാക്ഷിയായ എന്‍ എന്‍ സത്യവ്രതന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത് എന്താണെന്ന് ആദ്യം നോക്കാം.
‘ …. അവര്‍ പെട്ടന്ന് ഒരു നാള്‍ പഠിപ്പുമുടക്കി. പഠിപ്പുമുടക്കിയവരില്‍ പാവങ്ങള്‍ വീട്ടിലേക്ക് മടങ്ങി. കരുത്തന്‍മാര്‍ തകര്‍ത്തുവാരി തേവര കവലയില്‍ എത്തി. നാലാള്‍ കാണ്‍കെ എന്തും നടത്തുക അന്ന് കവലയിലാണ്. ഗതാഗതം തടഞ്ഞ് നടുറോഡില്‍ സമരം അരങ്ങേറി. നാല്‍ക്കവലയുടെ നടുക്ക് ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പോലീസുകാരന്‍ മാത്രം . പോലീസിനെതിരെയാണല്ലോ സമരം. അതുകൊണ്ട് സമരക്കാര്‍, സാധു കാക്കിധാരിയെ പിടികൂടി. തൊപ്പി ഊരി അവര്‍ പന്തുതട്ടാന്‍ തുടങ്ങി.

Also Read: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
തൊട്ടടുത്ത് തന്നെയാണ് പോലീസ് സ്റ്റേഷന്‍ . സംഭവം കണ്ട് ഞെട്ടിയ പോലീസുകാര്‍ ലാത്തിയുമായി ഓടി അടുത്തു. അവര്‍ അടി തുടങ്ങി. സമരനായകന്‍മാര്‍ തൊട്ടടുത്ത് ഹോട്ടലിന് പിന്നില്‍ അടുക്കി വെച്ചിരുന്ന വിറകുമുട്ടികള്‍ കൈക്കലാക്കി. ലാത്തിക്ക് ബദല്‍ വിറകുമുട്ടി. ഇരുകൂട്ടരും പരസ്പരം അടിയോട് അടി. പൊരിഞ്ഞ അടി. ജനം അന്തം വിട്ടു. കടകളില്‍ നിരപ്പലകകള്‍ വീണു .’

– ( വാര്‍ത്ത വന്ന വഴി . പേജ് 29, 30 )
ഇതായിരുന്നു സമരത്തിന്റെ യഥാര്‍ത്ഥ ചിത്രം.
ഇതിനെ ഉമ്മന്‍ ചാണ്ടി എങ്ങനെയാണ് അവതരിപ്പിച്ചതെന്ന് ആത്മകഥയില്‍ കണ്ടല്ലോ.
ആദ്യം തന്നെ പോലീസിനെ അക്രമിച്ച് പ്രശ്‌നമുണ്ടാക്കാന്‍ കെ എസ് യു ആസൂത്രണം ചെയ്തിരുന്നു എന്നതിനും വ്യക്തമായ തെളിവ് എന്‍ എന്‍ സത്യവ്രതന്റെ പുസ്തകത്തിലുണ്ട്. അതിങ്ങനെ :
‘ ..ഞാന്‍ കവലയില്‍ ഒഴിഞ്ഞ ഭാഗത്ത് നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. സമരം അരങ്ങേറുന്നതിന് മുമ്പേ ‘ എന്തോ ചിലത് നടക്കും ‘ എന്ന് ഒരു വിദ്യാര്‍ത്ഥി നേതാവ് ഫോണില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് സംഭവ സ്ഥലത്ത് മുന്‍കൂട്ടി എത്താന്‍ എനിക്കായി . ….’
– (വാര്‍ത്ത വന്ന വഴി, പേജ് : 30)
അപ്പോഴങ്ങനെയാണ് കാര്യങ്ങള്‍ ..!
എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷം പത്രമാഫീസില്‍ വിളിച്ച് പറഞ്ഞിട്ടാണ് നേതാക്കന്മാര്‍ എത്തിയത്. ആ സൂത്രശാലിയായ നേതാവിന്റെ പേര് പക്ഷേ അവരുമായെല്ലാം ആത്മബന്ധമുള്ള എന്‍ എന്‍ സത്യവ്രതന്‍ വെളിപ്പെടുത്തുന്നില്ല …
ഇനി നമുക്ക് പ്രശ്‌നത്തിന്റെ മര്‍മത്തിലേക്ക് വരാം. എങ്ങനെയാണ് തേവരയിലെ ടി കെ മുരളി എന്ന പാവം വിദ്യാര്‍ത്ഥി ഈ കഥയിലേക്ക് വരുന്നത് ?
അതൊരു കഥയാണ്. ഏത് സിനിമാക്കഥയെയും വെല്ലുന്ന ഒരു കള്ളക്കഥ. ഒരു അബദ്ധത്തില്‍ നിന്നും പിറന്നുവീണ ഒരു പെരും നുണ.
ഓരോന്നായി പരിശോധിക്കാം.
ആദ്യം ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്ന
ടി കെ മുരളി എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചറിയാം. സത്യവ്രതന്റെ വാക്കുകള്‍ ഇങ്ങനെ
…’ കാറ്റാടി പോലെ അശു ആയ കുട്ടിയായിരുന്നു മുരളി . രാഷ്ട്രീയം തൊട്ടു തെറിച്ചിട്ടില്ല. സമരത്തിന്റെ അരികില്‍ കൂടി പോയിട്ടുമില്ല. പഠിപ്പുമുടക്കമുണ്ടായപ്പോള്‍ , കുട്ടി നേരെ വീട്ടിലെത്തി. വൈകിട്ട് അസ്വാസ്ഥ്യമുണ്ടായി . പെട്ടന്ന് മരിച്ചു .’
– (വാര്‍ത്ത വന്ന വഴി, പേജ് : 31 )
ഇങ്ങനെയൊരു ശുദ്ധരില്‍ ശുദ്ധനായ പാവം മുരളി എങ്ങനെയാണ് കെ എസ് യുവിന്റെ പോരാളിയും രക്തസാക്ഷിയുമായി മാറിയത് എന്നല്ലേ . അതിന് സഹായമായത് ഒരു അബദ്ധമാണ്. അത് യാതൊരു മനസാക്ഷിയും സത്യസന്ധതയുമില്ലാതെ കോണ്‍ഗ്രസ് മുതലാക്കി.
സമരവാര്‍ത്ത പിറ്റേ ദിവസം ‘മാതൃഭൂമിയില്‍’ വിശദമായിത്തന്നെ വന്നു. സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ കൊച്ചിയിലെ ഗുജറാത്തി സമൂഹത്തില്‍ പെട്ട മുള്‍ജി എന്ന വിദ്യാര്‍ത്ഥിയായിരുന്നു. പോലീസുമായി ഏറ്റുമുട്ടുന്നതിനിടയില്‍ ഓടിയ ഇയാള്‍ കാനയില്‍ വീണു. മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇക്കാര്യമെല്ലാം ദൃക്‌സാക്ഷിയായ എന്‍ എന്‍ സത്യവ്രതന്‍ ഭംഗിയായി റിപ്പോര്‍ട്ട് ചെയ്തു. അക്കാര്യം അദ്ദേഹം തന്നെ വിശദീകരിക്കുന്നത് നോക്കുക:
‘….. മാതൃഭൂമിയുടെ ഒന്നാം പുറത്ത് പിറ്റേന്ന് റിപ്പോര്‍ട്ട് വന്നു. അടിയും , അടിക്കടിയും , തൊപ്പി കൊണ്ടുള്ള പന്താട്ടവും ഭംഗിയായി വിവരിക്കുന്ന റിപ്പോര്‍ട്ട്. അടികൊണ്ട് നിലത്തു വീണ നാലുപേരുടെ കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു. കൊച്ചിയില്‍ നിന്നു വരുന്ന ഗുജറാത്തി വിദ്യാര്‍ത്ഥി കാനയിലാണ് വീണത്. മുള്‍ജി എന്നാണ് പേര്. ആ നേതാവിനും കിട്ടി നല്ല അടി’
ഇതിലെവിടെയും ടി കെ മുരളി എന്ന വിദ്യാര്‍ത്ഥിയില്ല. പിന്നെവിടെ വെച്ചാണ് മുരളിയുടെ രംഗപ്രവേശം? അവിടെയാണ് അബദ്ധം പിറവി നല്‍കിയ പെരും നുണയുടെ കഥ പുറത്തു വരുന്നത്.
എന്‍ എന്‍ സത്യവ്രതന്‍ തയാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രൂഫ് നോക്കിയ വിദ്വാന്‍ മുമ്പ് കേട്ടിട്ടില്ലാത്ത മുള്‍ജി എന്ന പേര് അക്ഷരത്തെറ്റാണെന്നു കരുതി. മുരളി എന്ന് തിരുത്തിയെഴുതി. ഇവിടം മുതലാണ് കഥമാറുന്നത്.
പിറ്റെ ദിവസം പത്രമിറങ്ങിയപ്പോള്‍ കെ എസ് യുവിന്റെ അക്രമവും റിപ്പോര്‍ട്ടു ചെയ്തതിനാല്‍ പല കെ എസ് യു നേതാക്കന്മാരും സത്യവ്രതനോട് പരാതിയും പരിഭവവും പറഞ്ഞുവത്രെ. എന്നാല്‍ തേവര കോളേജ് വിദ്യാര്‍ത്ഥി ടി കെ മുരളി വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയും മാതൃഭൂമിയുടെ ഒന്നാം പേജില്‍ പോലീസ് മര്‍ദ്ദനമേറ്റ ‘ മുരളി ‘ യുടെ വാര്‍ത്ത വരികയും ചെയ്തതോടെ മാതൃഭൂമി വാര്‍ത്തയിലെ മുരളി യാണ് മരിച്ച മുരളി എന്ന പച്ചക്കള്ളം അതിവേഗം പ്രചരിപ്പിക്കാനാരംഭിച്ചു.
നാടെങ്ങും അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചു. നേതാക്കന്മാര്‍ പ്രസ്താവനകള്‍ മത്സരിച്ചിറക്കി. തേവര മുരളിക്കുവേണ്ടി സംസ്ഥാനമാകെ കെ എസ് യു തെരുവിലിറങ്ങി. മുരളിയുടെ അഛനോട് മുരളിക്ക് പോലീസ് മര്‍ദ്ദനമേറ്റിരുന്നെന്ന് മാതൃഭൂമി പത്രം കാണിച്ച് നേതാക്കള്‍ വിശ്വസിപ്പിച്ചു. മകന്‍ അക്കാര്യം പറഞ്ഞേയില്ലെന്ന് ആ അഛന്‍ സങ്കടപ്പെട്ടു .. !
ഇതാണ് തേവര മുരളിയെന്ന പോലീസ് ഭീകരതയുടെ ഇരയായി നാടെങ്ങും അവതരിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കഥയുടെ ചരിത്രം . ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയതും ഈ സംഭവം തന്നെ.
എന്‍ എന്‍ സത്യവ്രതന്‍ ഇക്കാര്യം വിശദീകരിക്കുന്നതെങ്ങനെ എന്നു നോക്കാം.
‘ ….. ഞാന്‍ ഞെട്ടി.
പത്രം എടുത്തു കൃത്യമായി വായിച്ചു. കണ്ണു തള്ളി. പത്രത്തില്‍ വന്ന പേര് മുള്‍ജി എന്നല്ല. ശരിക്കും മുരളി എന്നു തന്നെ.
അച്ചടിപ്പിശാച് . വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഒരു രക്തസാക്ഷിയെ കിട്ടിയിരിക്കുന്നു. വെറും ഒരു മണിക്കൂര്‍ കൊണ്ട് അവര്‍ക്കെന്നോടുണ്ടായിരുന്ന പരിഭവമത്രയും തീര്‍ന്നിരിക്കുന്നു.
സംഭവത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചില്‍ എന്നെ ആകുലപ്പെടുത്തി. പ്രസില്‍ നിന്നും മാറ്റര്‍ എടുത്ത് പരിശോധിപ്പിച്ചു. കാര്യം പിടികിട്ടി.
മുള്‍ജി എന്ന പേര് കേട്ടു കേള്‍വി ഇല്ലാത്ത പ്രൂഫ് വായനക്കാരനാണ് മുള്‍ജിയെ മുരളിയാക്കിയത്. ‘
– ( വാര്‍ത്ത വന്ന വഴി, പേജ് : 31)
പക്ഷേ അന്നു തന്നെ ഇക്കാര്യങ്ങളൊക്കെ തുറന്നെഴുതാന്‍ എന്‍ എന്‍ സത്യവ്രതനും തയ്യാറായില്ല. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളോടുള്ള വ്യക്തിബന്ധം കാരണം ഒരു നുണ അഗ്‌നി കണക്കെ പടര്‍ന്നു പിടിയ്ക്കുന്നതിന് സത്യവ്രതനും മൂക സാക്ഷിയായി എന്നു സാരം.
എന്നാല്‍ പില്‍ക്കാലത്ത് ഈ കഥ താന്‍ തുറന്നു പറയുമെന്ന് ഉമ്മന്‍ ചാണ്ടിയോട് നേരിട്ടു പറഞ്ഞപ്പോള്‍ ‘ വേണ്ട സത്യാ , ഇപ്പോള്‍ ഏതായാലും വേണ്ട’ എന്നു ഉമ്മന്‍ ചാണ്ടി വിലക്കിയെന്നും, ഉമ്മന്‍ ചാണ്ടി പറഞ്ഞതല്ലേ എന്നാേര്‍ത്ത് താനതിന് വഴങ്ങിയെന്നും പ്രസ്തുത പുസ്തകത്തില്‍ സത്യവ്രതന്‍ തുറന്നു പറയുന്നുണ്ട്.
പത്തിരുപത് കൊല്ലം മുമ്പ് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെയും ഉമ്മന്‍ ചാണ്ടി ഈ കള്ളക്കഥ ആവര്‍ത്തിക്കുകയുണ്ടായി.
വര്‍ഷങ്ങള്‍ക്കു മുമ്പ് വീക്ഷണം പത്രം പുന:പ്രസീദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ആ വേദിയില്‍ വെച്ച്
എന്‍ എന്‍ സത്യവ്രതനെ മാദ്ധ്യമ പ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്
കെ പി സി സി പൊന്നാട അണിയിക്കുകയുണ്ടായി.
കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഈ നുണ ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ഏറെക്കാലം സത്യവ്രതന്‍ മൂടിവെച്ചെങ്കിലും ജീവിത സായാഹ്നത്തില്‍ എല്ലാം തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായി. സത്യം അദ്ദേഹത്തിന്റെ മനസിലിരുന്ന് വിങ്ങിയിട്ടുണ്ടാവണം . വയലാര്‍ രവിയായിരുന്നുവത്രെ സത്യവ്രതന്റെ പുസ്തകം പ്രകാശനം ചെയ്തത്. എന്നാല്‍ തന്റെ അവസാന കാലത്ത് അങ്ങനെ സത്യസന്ധത കാണിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. ഇക്കാര്യം ചോദിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് നമ്മോടൊപ്പമില്ല. ഉള്ളത് ശ്രീ സണ്ണിക്കുട്ടി എബ്രഹാമാണ്. ഇതിനോടകം എല്ലാവര്‍ക്കും അറിയാവുന്നതും
‘വാര്‍ത്ത വന്ന വഴി’ യിലൂടെ വര്‍ഷങ്ങള്‍ക്കു മുന്നേ ചര്‍ച്ചയായതുമായ ഒരു സത്യത്തെ വീണ്ടും നുണകാെണ്ട് ഒളിപ്പിക്കാനുള്ള ശ്രമം തിരുത്താന്‍ ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന് കഴിയേണ്ടതായിരുന്നു.
അവസാന നിമിഷവും സത്യം പറയാന്‍ മടിച്ചിരുന്നു എന്നത് ആര്‍ക്കായാലും ഭൂഷണമായ കാര്യമല്ലല്ലോ.
‘കാലം സാക്ഷി’ ആത്മകഥയില്‍ അര്‍ദ്ധസത്യവും അസത്യവുമൊക്കെ വേറെയുമുണ്ട്. കുപ്രസിദ്ധമായ സോളാര്‍ വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പരാതിക്കാരിലൊരാളായ മല്ലേലില്‍ ശ്രീധരന്‍ നായരെ ഉമ്മന്‍ ചാണ്ടി വിശേഷിപ്പിക്കുന്നത് നോക്കുക. ‘ പത്തനംതിട്ടയിലെ ഒരു ക്വാറി വ്യവസായിയായിരുന്ന മല്ലേലില്‍ ശ്രീധരന്‍ നായര്‍ പ്രതികളുടെ കമ്പനിയില്‍ വന്‍ തുക നിക്ഷേപിച്ചിരുന്നു .’
….. ‘ഈ ശ്രീധരന്‍ നായര്‍ പിന്നീട് സോളാര്‍ കേസിലെ ഒരു പ്രധാന കഥാപാത്രമായി .’
– (കാലം സാക്ഷി, പേജ്: 350 )
ഇപ്പറഞ്ഞതൊക്കെ സത്യമാണ്. എന്നാല്‍ കുറച്ചുകൂടി വലിയ സത്യം മറഞ്ഞിരിക്കുന്നുമുണ്ട്.
ആത്മകഥയിലെ മേല്‍ പരാമര്‍ശം വായിച്ചാല്‍ എന്താണു തോന്നുക? ഉമ്മന്‍ ചാണ്ടിക്ക് യാതൊരറിവും ഇല്ലാത്ത ഏതോ ഒരു ശ്രീധരന്‍ നായര്‍ എന്നല്ലേ ?
സത്യമതാണോ?
ശ്രീധരന്‍ നായര്‍ തനിക്ക് അടുപ്പമുള്ള ആളായിരുന്നുവെന്നും,
കോണ്‍ഗ്രസിന്റെ പത്തനംതിട്ടയിലെ പ്രാദേശിക നേതാവായിരുന്നെന്നും, പത്തനംതിട്ട കാര്‍ഷിക വികസന ബാങ്കിലെ കോണ്‍ഗ്രസ് ഡയറക്ടറായിരുന്നുവെന്നുമുള്ള സത്യം ആത്മകഥയില്‍ പോലും
മറച്ചു വെയ്ക്കുന്നത് എന്തിനാണ് ? തനിക്കറിയാത്ത ഏതോ വ്യവസായിയായ ഒരു ശ്രീധരന്‍ നായര്‍ എന്ന പ്രതീതി പരത്താന്‍ ശ്രമിക്കുന്നത് എന്തിനു വേണ്ടിയാണ് ?
അര്‍ദ്ധ സത്യം അസത്യത്തിന്റെ വകഭേദം തന്നെയാണെന്ന് ലോകം എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു .
സമാന രീതിയിലുള്ള മറ്റു പരാമര്‍ശങ്ങളിലേക്ക് ഇപ്പോള്‍ കടന്നു പോകുന്നില്ല.
സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ (തേവര സംഭവത്തില്‍ ഉള്‍പ്പെടെ ) അക്കാരണം കൊണ്ട് ഇനി പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും, എല്ലാ കാലത്തും സത്യം കാണാമറയത്ത് തുടരില്ലെന്നും ശ്രീ. സണ്ണിക്കുട്ടി എബ്രഹാമിന് ഉമ്മന്‍ ചാണ്ടിയോടു പറയാമായിരുന്നില്ലേ എന്ന ചോദ്യം ‘കാലം സാക്ഷി’യെന്ന ആത്മകഥ വായിച്ചു തീരുമ്പോള്‍ അവശേഷിക്കുന്നു.- എം സ്വരാജ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News