‘പി വി അൻവർ വലതുപക്ഷത്തിന്‍റെ നാവായി; ആരോപണങ്ങൾ സാധാരണക്കാർ പുച്ഛിച്ച് തള്ളും’: എം സ്വരാജ്

swaraj_anvar

എം സ്വരാജ്

പി വി അൻവർ എംഎൽഎ സ്വീകരിച്ച നിലപാടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളും വിചിത്രമാണ് അവിശ്വസനീയമാണ്. അദ്ദേഹം മുമ്പ് മുഖ്യമന്ത്രിക്ക് നൽകിയ പരാതികളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ എല്ലാ ആരോപണങ്ങളും സർക്കാർ തുറന്ന മനസോടെ ഗൌരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ അദ്ദേഹം രാഷ്ട്രീയ എതിരാളികൾ പറയുന്നതിനേക്കാൾ കടുത്ത ആരോപണങ്ങളാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കും എതിരെ ചൊരിഞ്ഞിട്ടുള്ളത്. ഇത് അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ തന്നെ സംശയത്തിലാക്കുന്നതാണ്. അന്വേഷണമല്ല, നടപടികളല്ല അദ്ദേഹത്തിന് ആവശ്യം.

അൻവർ ഇടതുപക്ഷം വിട്ട് പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നു. അതിന് കാരണങ്ങളുണ്ടാക്കുകയാണ്. താൻ ഇടതുപക്ഷത്തിനോടൊപ്പമില്ല എന്ന് പറയുന്നതിന് അദ്ദേഹം ചില കാരണങ്ങൾ കണ്ടെത്തുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ ഗവൺമെന്റ്. എന്നാൽ ഈ ഗവൺമെന്‍റിനെ ആക്ഷേപിക്കുകയാണ് അദ്ദേഹം. ഈ സർക്കാരിന്‍റെ വില അറിയണമെങ്കിൽ മുൻ യുഡിഎഫ് സർക്കാരുകളെക്കുറിച്ച് ആലോചിച്ചാൽ മതി. ഇന്നത്തെ പ്രതിപക്ഷനേതാവ് വിഡി സതീശൻ പോലും ഉമ്മൻചാണ്ടിയുടെ സർക്കാരിനെ കുറിച്ച് അവസാനകാലത്ത് പറഞ്ഞത്, വെറും കൊള്ളയല്ല, തീവെട്ടി കൊള്ളയാണ് എന്നാണ്. സ്വന്തം പാർട്ടി നയിക്കുന്ന സർക്കാരിനെക്കുറിച്ച് തീവെട്ടിക്കൊള്ളക്കാരുടെ സർക്കാർ എന്ന് പറയേണ്ടി വന്നയാളാണ് ഇന്നത്തെ പ്രതിപക്ഷനേതാവ്.

Also Read- പി വി അൻവർ രാഷ്ട്രീയ ശത്രുക്കളുടെ കൈക്കോടാലിയായി മാറി: ഡിവൈഎഫ്ഐ

അത്തരമൊരു കാലം, അഴിമതിയിൽ, സ്വജനപക്ഷപാതത്തിൽ, കെടുകാര്യസ്ഥതയിൽ ആറാടിയ കാലം. അത്തരമൊരു അന്തരീക്ഷത്തിൽനിന്ന് മാറിയ കാലമാണ് ഇന്നുള്ളത്. പി വി അൻവർ വാർത്താസമ്മേളനത്തിൽ സർക്കാരിന്‍റെ പോരായ്മയായി ചൂണ്ടിക്കാട്ടിയത് വളരെ കൌതുകമാണ്, സ്വജനപക്ഷപാതമില്ല എന്നതാണ്. അദ്ദേഹം പറയുന്നു, ജനാധിപത്യത്തിൽ കുറച്ച് സ്വജനപക്ഷപാതമൊക്കെ വേണമെന്നാണ്. ഞങ്ങൾക്ക് അത് അംഗീകരിക്കാനാകില്ല. സിപിഐഎം സ്വജനപക്ഷപാതത്തിന് എതിരാണ്. അതാണ് ഈ സർക്കാരിന്‍റെ കുറവെങ്കിൽ, അത് പരിഹരിക്കാനാകില്ല. സ്വജനപക്ഷപാതമില്ല, എല്ലാവരും തുല്യരാണ്, പക്ഷേ നീതി കിട്ടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പൊലീസ് സ്റ്റേഷനിൽനിന്നും നീതി കിട്ടുന്നില്ല എന്നും പറയുന്നു. എന്നാൽ ഒരു പൊലീസ് സ്റ്റേഷൻ മാർച്ച് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് എത്ര കാലമായി. ഏത് സർക്കാരിന്‍റെ കാലത്തും, മുൻ ഇടതുപക്ഷ സർക്കാരുകളുടെ കാലത്തുപോലും പലയിടങ്ങളിലും പൊലീസിന്‍റെ തെറ്റായ നടപടികളുടെ പേരിൽ സർവകക്ഷിനേതൃത്വത്തിലും ചിലപ്പോൾ ഭരണകക്ഷിയുടെ നേതൃത്വത്തിലും പൊലീസ് സ്റ്റേഷൻ മാർച്ചുകൾ നടക്കും. എന്നാൽ അങ്ങനെയൊന്ന് ഇപ്പോൾ കേരളത്തിൽ ഇല്ലാതായി. അതിന്‍റെ കാരണമെന്താണ്? എന്തൊക്കെ വിമർശനങ്ങൾ പറയുമ്പോഴും കടുത്ത നീതിനിഷേധങ്ങൾ അതിന്‍റെ പേരിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ ഇല്ലാതായത് ഒരു മാറ്റമാണ് എന്നാണ് ഇത് കാണേണ്ടത്.

അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവായി പ്രദർശിപ്പിച്ചത് ആളുകളുടെ മൊഴികളാണ്. നിർഭാഗ്യവശാൽ അവരെല്ലാം കള്ളക്കടത്തുകാരാണ്. സ്വർണം കടത്തിയവരാണ് എന്നാണ് മനസിലാക്കുന്നത്. കള്ളക്കടത്തു സംഘാംഗങ്ങളെ, അവർ പറയുന്ന കാര്യങ്ങളെ ഉയർത്തിക്കാട്ടി ഒരു എംഎൽഎ ആരോപണം ഉന്നയിക്കുന്നത് മോശമാണ്. അത് ശരിയായ കാര്യമല്ല,അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ തന്നെ സംശയത്തിലാക്കുന്നതാണ്. കള്ളക്കടത്ത് സംഘങ്ങൾ പറയുന്നത് അനുസരിച്ച് ഭരണം നിർവഹിക്കാനാകില്ല. അവരുടെ വാക്കുകൾ വിശ്വസിച്ച് ആരോപണം ഉന്നയിക്കുന്നത് ബാലിശമാണ്. എന്നിട്ടുപോലും ആ ആരോപണങ്ങളെല്ലാം അന്വേഷിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. ആ അന്വേഷണം അവസാനിക്കുന്നതിനുള്ള ക്ഷമ പോലും കാത്തിരിക്കാതെ ഇടതുപക്ഷം വിട്ട് വലതുപക്ഷ മാധ്യമങ്ങളുടെയും വലതുപക്ഷത്തിന്‍റെയും ചതിക്കുഴിയിൽ വീണുപോയിരിക്കുന്നു താൻ എന്ന് പിവി അൻവർ തെളിയിക്കുകയാണ് ചെയ്യുന്നത്.

Also Read- പി വി അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്; മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യം: ടി പി രാമകൃഷ്ണൻ

ഈ പാർട്ടി എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരെ പൊരുതിവന്ന പാർട്ടിയാണ്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. രക്തസാക്ഷികളുടെ ഹൃദയരക്തത്തിൽനിന്ന് വളർന്നുവന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്. എല്ലാ തിൻമകൾക്കും തെറ്റായ പ്രവണതകൾക്കുമെതിരായി പൊരുതിമുന്നേറിയ ചരിത്രമാണ്. ഇന്നും സാധാരണക്കാരുടെ പ്രതീക്ഷയായി കമ്മ്യൂണിസ്റ്റ് പാർട്ടി നിലയുറപ്പിക്കുന്നത് സാധാരണക്കാർക്കുവേണ്ടി നയങ്ങൾ രൂപീകരിക്കുകയും അവരുടെ വികസനത്തിന് വേണ്ടി പദ്ധതികൾ ആവിഷ്ക്കരിക്കുകയും സാധാരണക്കാരന്‍റെ പ്രസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. നിർഭാഗ്യവശാൽ അൻവർ എംഎൽഎ ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് വലതുപക്ഷത്തിന്‍റെ നാവായാണ്. വലതുപക്ഷമാധ്യമങ്ങളുടെ പ്രിയപ്പെട്ടവനായി അദ്ദേഹം മാറിയിരിക്കുന്നു. വലതുപക്ഷമാധ്യമങ്ങൾ എതിർക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ടുതന്നെ കേരളത്തിലെ സർക്കാർ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഉറപ്പിക്കാൻ സാധിക്കും.

അൻവർ ഇപ്പോ സ്വീകരിച്ചിട്ടുള്ള നിലപാട് ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന്‍റെ ഭാഗമാണ് എന്ന് അദ്ദേഹത്തിന്‍റെ വാദഗതികൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ, അവന്‍റെ പ്രതീക്ഷയായ ഇടതുപക്ഷമുന്നണി സർക്കാരിനെതിരെ കെട്ടിച്ചമച്ചുണ്ടാക്കുന്ന ദുരവദിഷ്ടമായ വലതുപക്ഷമാധ്യമങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോപണം പുച്ഛിച്ച് തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

(സിപിഐഎം സെക്രട്ടറിയേറ്റ് അംഗമായ എം സ്വരാജ് ദേശാഭിമാനിയ്ക്കുവേണ്ടി അവതരിപ്പിച്ച വീഡിയോയിൽനിന്നുള്ളത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News