‘ഇന്ത്യ തകരില്ല, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല, ഉത്തരേന്ത്യയിലെ സാധാരണക്കാർ ബിജെപിയെ കയ്യൊഴിയുന്നു, സമരം തുടരും’: എം സ്വരാജ്

ഉത്തരേന്ത്യയിലെ സാധാരണക്കാർ ബി ജെ പിയെ കയ്യൊഴിയുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് എം സ്വരാജ്. മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും, നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് പോലും ലഭിക്കാത്തതും ഇന്ത്യ തകരില്ല എന്നതിന്റെ തെളിവാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സ്വരാജ് കുറിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘ഇനി മത്സരിക്കാനില്ല, പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കും, കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും ഇനി പങ്കെടുക്കില്ല’; പാർട്ടിക്കെതിരെ കെ മുരളീധരൻ

ഇന്ത്യ തകരില്ല

വിജയങ്ങൾ പല വിധത്തിലുണ്ട്. വിജയികൾക്ക് ആഹ്ലാദിക്കാനോ ആവേശം കൊള്ളാനോ യാതൊരു വകയും നൽകാത്ത നിറം മങ്ങിയ വിജയത്തിന് ഉദാഹരണമാണ് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി യുടെ വിജയം. രാജ്യത്തെ നാണം കെടുത്തിയ വർഗ്ഗീയ പ്രചരണത്തിനു ശേഷം നാനൂറ് സീറ്റ് പിടിക്കുമെന്ന് അഹങ്കരിച്ചവർക്ക് മുന്നൂറ് തികയുന്നില്ല. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല എന്ന് ഉറപ്പായിരിക്കുന്നു.

ബി ജെ പിക്ക് സർക്കാരുണ്ടാക്കാൻ കഴിയുമോ? കഴിഞ്ഞാൽ തന്നെ ‘പുതിയ’ സഖ്യകക്ഷികളുടെ തണലിൽ എത്ര നാൾ ഭരിക്കും.? അതോ പതിവുപോലെ പണക്കിഴിയുമായി ജനാധിപത്യത്തെ വിലക്കെടുക്കാൻ ഇറങ്ങുമോ ? കാത്തിരുന്നു കാണാം. ഏതായാലും ഒന്നുറപ്പായിരിക്കുന്നു. ഭരണഘടനയെ തകർക്കാനോ മതരാഷ്ട്ര പ്രഖ്യാപനം നടത്താനോ തൽക്കാലം സംഘപരിവാരത്തിന് സാധിക്കില്ല. സ്വന്തം പേര് ആവർത്തിച്ചു കൊണ്ട് “ഗാരണ്ടിയെന്ന് ” ആക്രോശിക്കുകയും സ്വയം ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഉത്തരേന്ത്യയിലെ സാധാരണക്കാർ ബി ജെ പിയെ കയ്യൊഴിയുന്നതിൻ്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് മാറി. വിശ്വാസത്തെ മറയാക്കി ഇന്ത്യയെ ചൂഷണം ചെയ്യാനുള്ള നീക്കം ഫൈസാബാദിലെ ജനങ്ങൾ തോൽപിച്ചതും കാണാതിരുന്നു കൂടാ. യാഥാർത്ഥ്യബോധവും പ്രായോഗിക ബുദ്ധിയും ഉള്ള ഒരു കരുത്തുറ്റ നേതൃത്വം കോൺഗ്രസിനുണ്ടായിരുന്നെങ്കിൽ.

ALSO READ: ‘പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലത്’, നേതാക്കളോട് കയർത്ത് കെ മുരളീധരൻ

‘ഇന്ത്യ കൂട്ടായ്മ’ ഭൂരിപക്ഷം സീറ്റുകൾ നേടി അധികാരത്തിലെത്തുമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. പിന്നെ, കേരളം പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പൊതുവെ പ്രകടമാവുന്ന വലതുപക്ഷ ചായ്‌വ് ഇത്തവണയും കേരളത്തിൽ തുടർന്നു. കഴിഞ്ഞ തവണ എൽ ഡി എഫിന് ഒരു സീറ്റാണ് ലഭിച്ചത്. ഇത്തവണയും ഒരു സീറ്റ്. ആറ്റിങ്ങലിൽ വിജയത്തോളമെത്തിയ പരാജയമാണുണ്ടായത്. എൻഡിഎ ഒരു സീറ്റിൽ വിജയിച്ചു.

ഇതിനു മുമ്പ് 2004 ൽ എൻ ഡി എ ഒരു സീറ്റിൽ ജയിച്ചിരുന്നു. മൂവാറ്റുപുഴയിൽ . പക്ഷേ പിന്നീടൊരിക്കലും അവിടെയവരുടെ പൊടി പോലും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുമില്ല. തൃശൂരിലെ എൻ ഡി എ വിജയത്തിൻ്റെ കാരണം തേടി അലയേണ്ടതില്ല . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾ ഇത്തവണ അവർ എൻ ഡി എ യ്ക്ക് ഉദാരമായി സംഭാവന നൽകി. അങ്ങനെ തൃശൂരിലെ എൻ ഡി എ വിജയം ഉറപ്പാക്കിയത് കോൺഗ്രസാണ്.

കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട വിജയം എൽ ഡി എഫ് അർഹിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. ജനവിധി അംഗീകരിക്കുന്നു. മികച്ച വിജയം ലഭിക്കാതെ പോയതെന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കും. പിശകുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകളുണ്ടെങ്കിൽ അവരെ വസ്തുതകൾ ബോധ്യപ്പെടുത്തും. ജനങ്ങൾക്കു വേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കും.
1977ൽ പൂജ്യം സീറ്റു നേടിയ പാർട്ടി 1980 ൽ കേരളം ഭരിക്കുന്ന പാർട്ടിയായി മാറിയത് അങ്ങനെയാണ്. 2019ൽ ഒരു സീറ്റ് മാത്രം നേടിയ പാർട്ടി 2021ൽ തുടർഭരണം നേടിയതും അങ്ങനെ തന്നെയാണ്. ഒരു തിരഞ്ഞെടുപ്പും അവസാനത്തേതല്ല.

സമരം തുടരും
മുന്നേറും
വിജയിക്കും
തീർച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News