ശബ്ന ശ്രീദേവി ശശിധരൻ
തലമുറകളുടെ സ്നേഹവാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കാത്തുവച്ചു. അക്ഷരങ്ങളുടെ ലോകത്തിനു ഇന്ന് യുഗാന്ത്യം .എഴുത്തുകളുടെ ഇതിഹാസ നായകൻ , വാക്കുകളിലൂടെ വിസ്മയം തീർത്ത് കൈവെച്ചതെല്ലാം പൊന്നാക്കിയ സർഗ്ഗ പ്രതിഭ …ഇനി ഓർമ്മകളിലൂടെ .
കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി മൂന്നു തലമുറകളെ സ്വാധീനിച്ച അദ്ദേഹം,പുന്നയൂർക്കുളം ടി. നാരായണൻ നായരുടെയും ശ്രീമതി അമ്മാളു അമ്മയുടെയും നാലാൺമക്കളിൽ ഏറ്റവും ഇളയ മകനാണ് . മലമക്കാവ് എലിമെന്‍ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ലാണ് രസതന്ത്രത്തിൽ ബിരുദം നേടിയത്. ബിരുദം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം എഴുത്തും തുടര്‍ന്നു.എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.തുടർന്ന് കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. നൃത്ത അദ്ധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. സിത്താരയും ,അശ്വതിയും മക്കൾ
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ തുടങ്ങിയതാണ് അദ്ദേഹത്തിന്‍റെ സാഹിത്യരചനകള്‍. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത് ബിരുദകാലത്താണ്. ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഏറെ ചർച്ചയായി. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ, പിന്നീട് ‘നാലുകെട്ട്’. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരം.‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു.
ഓരോ എം.ടി കഥയും ഒരു ചരിത്രമാണ് .യാഥാസ്ഥിതിക നായർ തറവാടും , മരുമക്കത്തായവും ജന്മിത്വത്തിന്റെഅവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെ അദ്ദേഹം എഴുതുകളിലൂടെ തുറന്നു കാണിച്ചു .അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും വന്ന കഥാപാത്രങ്ങൾ കുട്ട്യേടത്തിയും , ഭ്രാന്തൻ വേലായുധനും എന്നും നൊമ്പരമായിരുന്നു. ഓരോ എം ടി കഥകളിൽ നിന്നും പ്രണയത്തിന്റെ ഭൂതകാലം വായിച്ചെടുക്കാൻ പറ്റുമായിരുന്നു .
തമാശകൾ കൈകാര്യം ചെയ്യാൻ അറിയാത്ത ആളാണെന്നു സാഹിത്യ ലോകം എം.ടി യെ വിശേഷിപ്പിച്ചിരുന്നു . എന്നാൽ എം ടി യുടെ എഴുതുകളിലും തമാശകളുടെ ഒരു ക്ലാസ്സിസം നിലനിൽക്കുന്നുണ്ട് .‘കൃഷ്ണനൊരുനാൾ അമ്മിണിമേലൊരു തൃഷ്ണ ഭവിച്ചു വലഞ്ഞു വശായി’’. തെറ്റും തിരുത്തും എന്ന എം.ടി ചെറുകഥയിലെ ഒരു ഹാസ്യമാണിത്. അധ്യാപകനോടുള്ള ദേഷ്യത്തിൽ മാഷേയും ടീച്ചറെയും ചേർത്ത് കഥകൾ മെനഞ്ഞു പറയുന്ന കുട്ടികൂട്ടത്തിന്റെ തമാശ . കുടു കൂടെ ചിരിപ്പിക്കാൻ കഴിയാത്ത എന്നാൽ നിരുപദ്രവകാരികൾ ആയ തമാശകളും , വള്ളുവനാടൻ ശൈലിയും ,പ്രണയവും ,ദാരിദ്ര്യവും ,വ്യക്തി ബന്ധങ്ങളിൽ ഉണ്ടായ വിള്ളലുകളും എം ടി യുടെ രചനകളിൽ കാണാം .
പരിചിതമായ ജീവിതയാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കാലാതിവർത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. ‘കാലം’, ‘അസുരവിത്ത്, ‘വിലാപയാത്ര’, ‘മഞ്ഞ്, എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ ‘അറബിപ്പൊന്ന്, ‘രണ്ടാമൂഴം’ തുടങ്ങിയ നോവലുകൾ. കൂടാതെ വായനക്കാർ നെഞ്ചോടു ചേർത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984ൽ ആണ് ‘രണ്ടാമൂഴം’ പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുന്ന വിധത്തിൽ എഴുതിയ ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം ‘തൊണ്ണൂറുകളിലാണ് ‘വാരണാസി’ പുറത്തുവന്നത്.
സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതവും എന്ന് വേണമെങ്കിൽ പറയാം.സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്കെത്തിയത് .സിനിമാലോകത്തേക്ക് അദ്ദേഹം കാലെടുത്തു വെച്ചപ്പോൾ പിറന്നുവീണത് “നിർമാല്യം ” എന്ന മികച്ച ചിത്രം . ‘പള്ളിവാലും കാൽചിലമ്പും’ എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കിക്കൊണ്ട് എംടി തിരക്കഥയും നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം ദാരിദ്രത്തിന്റെ കനൽച്ചൂളയിൽ ജീവിക്കുന്ന വെളിച്ചപ്പാടിന്റെയും കുടുംബത്തിന്റെയും നീറുന്ന കഥ പറയുന്ന ചിത്രമായിരുന്നു നിർമാല്യം .അക്കാലത്തെ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ തുറന്നുകാട്ടിയ ചിത്രം .1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമ രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം നേടി. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിനെ നാലുതവണ ദേശീയ പുരസ്ക്കാരം തേടിയെത്തി.
എസ് കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എടി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടവ്. ഹൃദയ വേദനയോടെ പ്രേക്ഷകർ കണ്ട ചിത്രം ദേശീയ അന്തർ ദേശീയ വേദികളിൽ ഉൾപ്പെടെ പുരസ്കാരങ്ങളോടെ തിളങ്ങി. എഴുപതിലധികം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ എം ടിയുടെ സംവിധാന മികവിൽ മലയാളം കണ്ടത് ആറ്ചിത്രങ്ങൾ മാത്രം. മലയാളവും മലയാള സിനിമയും ഉള്ളിടത്തോളം ഓരോ മലയാളിക്കും നെഞ്ചേറ്റാൻ കഴിയുന്ന ചിത്രങ്ങൾ സംഭാവനചെയ്ത മലയാള കരയുടെ സുകൃതമായിരുന്നു എം ടി .
also read: ലോകത്ത് നൂറുവർഷത്തെ 100 കഥകൾ എടുത്താൽ അതിലൊന്ന് എംടി സാറിന്റെ ഇരുട്ടിന്റെ ആത്മാവ് ആയിരിക്കും
ഏത് തരത്തിലുള്ള വായനക്കാരനും (സാധരണക്കാരന്‍ മുതല്‍ ബൗദ്ധീകവ്യവഹാരം നയിക്കുന്നവര്‍ വരെ ) എംടിയിലേക്ക് ഒരു പാലമുണ്ടെന്നതാണ് എംടി എഴുത്തിലെ അപൂര്‍വത. ആ ചാരുതയുടെ നിറവ് മലയാളസാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നു.അറുപതോളം മികവാർന്ന തിരക്കഥകൾ കൊണ്ട് മലയാള സിനിമയെ അദ്ദേഹം ധന്യമാക്കി.ജ്ഞാനപീഠം, പത്മവിഭൂഷൺ തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ തേടിയെത്തിയ എം.ടി മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ്, എന്തെഴുതിയാലും അതിൽ നക്ഷത്രം വിടർത്താൻ സാധിക്കുന്ന , മലയാള ഭാഷയ്ക്ക് ഇന്നത്തെ മനോഹാരിത നൽകിയതിന് എം .ടി യെ നന്ദിയോടെ അനുസ്മരിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here