മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ വിടപറഞ്ഞു. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എം ടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് വിടപറഞ്ഞത്.
രാജ്യം കണ്ട മഹാ എഴുത്തുകാരന്. രാജ്യം നല്കിയ വലിയ അംഗീകാരങ്ങളെല്ലാം കൈവള്ളയില്‍. അപ്പോഴും ഞാന്‍ മാത്രമല്ല ലോകമെന്നും തന്റേത് മാത്രമല്ല കഥകളെന്നും തിരിച്ചറിഞ്ഞ് സാഹിത്യത്തിന്റെ പല തലമുറകളെ വാര്‍ത്തെടുത്ത പത്രാധിപര്‍. നാടിന്റെ ജീവല്സങ്കടങ്ങളില് -അത് മാറാടായാലും മുത്തങ്ങയായാലും – ആദ്യം ഉയര്‍ന്നുകേട്ട ഉത്കണ്ഠ. കാലത്തിന്റെ കഥകള്‍ മാത്രമല്ല കഥയില്ലായ്മകളുടെയും പകര്ത്തെഴുത്തുകാരന്.
Also read: ജ്ഞാനപീഠം മുതൽ പദ്മഭൂഷൺ വരെ; എം.ടിക്ക് ലഭിച്ച ആദരങ്ങളും പുരസ്ക്കാരങ്ങളും
ഭാരതപ്പുഴ തെക്കുവടക്കായി ഒഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും കഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എം ടി എന്ന കഥാകാരനേയില്ല.
അതൊരു നാടിന്റെയും കുടുംബത്തിന്റെയും നാലുകെട്ടിന്റെയും കഥകളെന്നതിനപ്പുറം മനുഷ്യസമുദായത്തിന്റെ മുഴുവന്‍ നിത്യദുരന്തകഥകളായി മാറിയെന്നതാണ് അതിന്റെ മാജിക്ക്. മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ കഥകളിലൂടെയുമായിരുന്നു.
കൂട്ടുകുടുംബവ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണുകുടുബത്തിലെ ബന്ധസംഘര്‍ഷങ്ങള്‍ കൂടിയെഴുതിയേ വിശ്രമിച്ചതുള്ളൂ. കാലം കുത്തിയൊഴുകുമ്പോഴും നക്ഷത്രങ്ങള്‍ പോലെ പരിശോഭിക്കുന്ന കഥാപ്രപഞ്ചത്തിനും വിരാമമിട്ടുകൊണ്ടാണ് എംടിയെന്ന മഹാപ്രതിഭ വിടവാങ്ങുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here