‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ. വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന അൻവറിന്റെ നിലപാടുകൾക്കെതിരെ പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ പേരും രംഗത്തിറങ്ങണം എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോവിന്ദൻ മാസ്റ്റർ പി വി അൻവറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

വാർത്താസമ്മേളനത്തിൽ പൂർണരൂപം :

കേരളത്തിലെ പാർട്ടിയെയും സർക്കാരിനേയും തകർക്കുന്നതിനായി കഴിഞ്ഞ കുറേ കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും പ്രചരണം നടത്തുന്നത്. അത് ഏറ്റുപിടിച്ച് അവരുടെ വക്കാലത്തുമായി ഇറങ്ങി പുറപ്പെടുകയാണ് അൻവർ ചെയ്തിരിക്കുന്നത്. വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന അൻവറിന്റെ നിലപാടുകൾക്കെതിരെ പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ പേരും രംഗത്തിറങ്ങണം.

അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ സംവിധാനങ്ങളെ കുറിച്ച് ഒന്നുമറിയില്ല എന്ന് വ്യക്തമാകും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച പി. വി അൻവർ നടത്തിയ പ്രതസമ്മേളനം മാധ്യമങ്ങൾ വലിയ രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രതസമ്മേളനം വിളിച്ചു ചേർക്കുന്നത്.

പി.വി അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസിനകത്ത് ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് കെ.കരുണാകരന്റെ നേതൃത്വത്തിൽ ഡി.ഐ.സി ഉണ്ടാക്കിയപ്പോൾ അതിന്റെ ഭാഗമായാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.

ഡി.ഐ.സി കോൺഗ്രസിലേക്ക് മടങ്ങി പോയപ്പോൾ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന രീതി അദ്ദേഹം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹം മത്സരിച്ചതും തെരഞ്ഞെടുപ്പിൽ വിജയിച്ചതും. അതിന് മുൻപ് ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇത്രയും വിശദീകരിച്ചത് അദ്ദേഹം പാർട്ടിയുടെ സാധാരണക്കാരുടെ വികാരം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ സാഹചര്യത്തിലാണ്. അൻവറിന്റെ അനുഭവ പരിചയവും കമ്മ്യൂണിസ്റ്റ് പാർട്ടിയും അതായത് കമ്മ്യൂണിസ്റ്റ് പാർടിയുടെ അംഗമായോ വർഗ ബഹുജനസംഘടനയുടെ ഭാരവാഹിയായോ ഇന്നേ വരെ പ്രവർത്തിച്ചിട്ടില്ലാത്ത വ്യക്തിയാണ് അൻവർ.

Also read:‘ഒരാളല്ല ദശലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് പ്രസ്ഥാനം’ :എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി മാറുകയും സി.പി.ഐ (എം)-ന്റെ പാർലമെന്ററി പാർട്ടി അംഗമായും പ്രവർത്തിച്ചു എന്നതാണ് സി.പി.ഐ (എം) രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. അതുകൊണ്ട് തന്നെ പാർടിയുടെ പ്രവർത്തനത്തെ കുറിച്ചോ, അതിന്റെ സംഘടനാപരമായ രീതിയെ കുറിച്ചോ, പാർടി നയങ്ങളെ കുറിച്ചോ, വ്യക്തമായ ധാരണ അദ്ദേഹത്തിന് ഇല്ല എന്നതാണ്.അതുകൊണ്ടാണ് തൊട്ടതെല്ലാം പിഴക്കുന്ന രീതി അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർടിക്കെതിരായും വിമർശനം ഉന്നയിക്കുമ്പോൾ സംഭവിക്കുന്നത്.

പാർടിയുടെ നയം

കമ്മ്യൂണിസ്റ്റ് പാർടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രകടന പത്രിക പ്രസിദ്ധീകരിക്കുകയും അത് നടപ്പിലാക്കുന്നതിന് വോട്ട്അ ഭ്യർത്ഥിക്കുകയുമാണ് ചെയ്യുന്നത്. പാർടിയുടെ കാഴ്ചപ്പാട് ജനങ്ങൾക്കാകമാനം നീതി ലഭിക്കുന്നതും പാവപ്പെട്ടവർക്ക് സവിശേഷമായ പ്രധാന്യം
നൽകുകയും ചെയ്യുന്ന രീതിയാണ് അവലമ്പിക്കാറ്. വികസനത്തെ സംബന്ധിച്ചുള്ള പാർടി കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തി കൂടിയാണ് ഇത് രൂപപ്പെടുത്തുന്നത്. അതിനായി വിപുലമായ ചർച്ചകൾ പാർടി സംഘടിപ്പിക്കാറുമുണ്ട്.

പരാതികളുടെ പരിശോധനയും പാർട്ടിയും

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർടി ആയതുകൊണ്ട് തന്നെ എല്ലാ ജനങ്ങളുടേയും ആവശ്യങ്ങളേയും ആവലാതികളേയും പരിശോധിക്കുക എന്നത് പാർട്ടി പ്രവർത്തനത്തിന്റെ അഭേദ്യമായ ഭാഗമാണ്. ഈ കമ്മ്യൂണിസ്റ്റ് പാർടിയുടെ ഈ പ്രവർത്തന ശൈലികൊണ്ട് തന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും അല്ലാത്ത ആളുകളും പാർട്ടിക്ക് പരാതി നൽകാറുണ്ട്. അതുപോലെ തന്നെ സംസ്ഥാന സർക്കാരിലും സംസ്ഥാനത്തെ ജനങ്ങളും പരാതി നൽകുന്നുണ്ട്.

അൻവറിന്റെ പരാതി കൈകാര്യം ചെയ്ത രീതി

സി.പി.ഐ (എം)-ന്റെ പാർലമെന്ററി പാർടി അംഗമായ അൻവർ ഭരണതലത്തിലുള്ള ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതി മുഖ്യമന്ത്രിക്ക് നൽകുകയുണ്ടായി. ഈ പരാതിയുടെ കോപ്പി പാർടി സംസ്ഥാന കമ്മിറ്റിക്കും നൽകുകയുണ്ടായി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തുന്നതിന് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കുകയുണ്ടായി. അതോടൊപ്പം പോലീസിന്റെ പൊതുവായ യശസ് ഉയർത്തി പിടിക്കുന്നതിൽ പ്രഥമ ദൃഷ്ട്യാ തന്നെ പോരായ്മ വന്നിട്ടുള്ള എസ്.പി സുജിത്ത് ദാസ് ഐ.പി. എസ്-നെ സസ്പെൻഡ് ചെയ്യുകയും മലപ്പുറം ജില്ലയിൽ തന്നെ പോലീസ് രംഗത്ത് ചില ക്രമീകരണങ്ങൾ വരുത്തുകയും ചെയ്തു.

പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് പാർടിക്ക് നൽകിയ പരാതി പരിശോധിക്കുകയുണ്ടായി. ഭരണതലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരാതിയിൽ ഉന്നയിച്ചത് എന്നതിനാൽ സർക്കാരിന്റെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഇടപെടാമെന്ന നിലപാട് സെക്രട്ടറിയേറ്റ് സ്വീകരിച്ചു. അതായത് അൻവർ നൽകിയ പരാതി പാർടി ചർച്ച ചെയ്യുകയും അത് സംബന്ധിച്ച് എടുത്ത തീരുമാനം പരസ്യമായി തന്നെ അറിയിക്കുകയും ചെയ്തു.

അൻവറിന്റെ പരാതിയിൽ പി.ശശിക്കെതിരെ പരാമർശമില്ലായിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. സർക്കാർ തലത്തിലുള്ള കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തി കഴിയുമ്പോൾ എന്തെങ്കിലും ഇടപെടേണ്ടതുണ്ടെങ്കിൽ ഇടപെടാമെന്ന കാര്യവും പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.

രണ്ടാമത്തെ പരാതി

രണ്ടാമത് ഒരു പരാതി പാർടി സംസ്ഥാനകമ്മിറ്റിക്ക് നൽകിയിരുന്നു. അതും പാർടി പരിശോധിച്ചിരുന്നു.
അതിന്റെ കാര്യങ്ങൾ പൊതുവിൽ പ്രതസമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹവുമായി നേരിട്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹവുമായി വീണ്ടും ഫോണിൽ സംസാരിച്ചിരുന്നു. 3-ാം തീയതി മാത്രമേ കാണാൻ പറ്റുകയുള്ളൂ എന്ന മറുപടിയാണ് ഉണ്ടായത്. അതിന് ശേഷമാണ് അച്ചടക്കത്തിന്റെ എല്ലാ സീമകളേയും ലംഘിച്ചുകൊണ്ട് വീണ്ടും ഒരു പ്രതസമ്മേളനത്തിലേക്ക് അദ്ദേഹം കടന്നത്.

Also Read- ‘ഉന്നാൽ മുടിയാത്‌ തമ്പീ, നിങ്ങളുടെ ഏറിലൊന്നും റിയാസ്‌ വീഴില്ല’; പ‍ഴയ പോസ്റ്റില്‍ അന്‍വറിന് മറുപടിയുമായി സോഷ്യല്‍മീഡിയ

ഇങ്ങനെ വന്ന പരാതികൾ പരിശോധിക്കുന്നതിനിടയിൽ പാർടിയിലും സർക്കാരിലും വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്നതിന് പകരം വാർത്താ സമ്മേളനങ്ങൾ നടത്തിയും മറ്റും പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്ന രീതിയാണ് അൻവർ സ്വീകരിച്ചത്. അച്ചടക്കമുള്ള ഒരാൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് അത്. അതുകൊണ്ട് കൂടുതൽ പ്രതികരണങ്ങൾ നടത്താതെ അൻവർ മാറി നിൽക്കണമെന്ന കാര്യം പലപ്പോഴും ഓർമ്മിപ്പിച്ചിട്ടും നിലപാടിൽ മാറ്റമുണ്ടായില്ല എന്നതാണ് വസ്തുത.

ചർച്ചകൾ

വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുമായും ഞാനുമായും പൊളിറ്റ്ബ്യൂറോ അംഗമായ എ. വിജയരാഘ
വനും എല്ലാം നേരിട്ട് ഇദ്ദേഹവുമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുള്ളതാണ്. പാർടിയുടെ മറ്റ് സഖാക്കളും പ്രത്യേകിച്ച് അദ്ദേഹം പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ പാർടി നേതൃത്വവും നിരന്തരമായി ഇദ്ദേഹവുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുകയായിരുന്നു. ഇതെല്ലാം വിശദീകരിച്ചത്. അൻവറിന്റെ പരാതികൾ പരിശോധിക്കാതിരിക്കുകയോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാതിരിക്കുകയോ ചെയ്യുന്ന ഒരു സമീപനം പാർടിയോ സർക്കാരോ സ്വീകരിച്ചിട്ടില്ല എന്ന് ഓർമ്മപ്പെടുത്താനാണ്.

ഇക്കാര്യത്തിൽ നല്ല പരിഗണന പാർടി നൽകിയിട്ടുണ്ട്. അൻവർ പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കു
ന്നുണ്ടോ എന്നതല്ല പ്രശ്നം മറിച്ച് അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോവുക എന്ന നയ
മാണ്. പാർടി സ്വീകരിച്ചത് എന്നർത്ഥം.

യാതൊരു തരത്തിലുള്ള പരിഗണന കുറവോ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാതിരിക്കുന്ന സമീപനമോ
പാർടിയോ സർക്കാരോ സ്വീകരിച്ചിട്ടില്ല. ആ അന്വേഷണങ്ങൾ മുറയ്ക്ക് തന്നെ നടക്കും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തീരുമാനങ്ങൾ സർക്കാർ തലത്തിൽ എടുക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്. പാർടിയും നേരത്തെ തീരുമാനിച്ച നിലപാടിൽ നിന്നുകൊണ്ട് തന്നെ കാര്യങ്ങൾ എല്ലാ പരിശോധിച്ച് തിരുത്തേണ്ട കാര്യം തിരുത്തും.

ഒരു പാർടി അംഗം പോലുമല്ലാത്ത അൻവറിന് നൽകാവുന്ന എല്ലാ പരിഗണനയും ഉന്നയിച്ച പരാതികളിൽ പരിശോധിക്കുമെന്ന ഉറപ്പും മൂന്ന് പി.ബി അംഗങ്ങൾ നൽകിയിട്ടും അത് വിശ്വാസത്തിലെടുക്കാതെ പ്രതസമ്മേളനം നടത്തി പാർടിയെ പ്രതിപക്ഷങ്ങൾ പോലും അധിക്ഷേപിച്ചിട്ടില്ലാത്ത വിധമുള്ള പ്രചരണങ്ങളാണ് നടത്തിയത്. അൻവർ പത്രസമ്മേളനത്തിൽ ഉന്നയിച്ച് പരാതികൾ പത്രസമ്മേളനത്തിൽ തനിക്ക് തെറ്റായ ബന്ധങ്ങളുണ്ടെന്നും മറ്റും മുഖ്യമന്ത്രിയുടെ ചില വാക്കുകളിൽ നിന്ന് ഉണ്ടായി എന്നതായിരുന്നു ആരോപണം. കഴിഞ്ഞ കുറേ ദിവസങ്ങളായി പാർടിക്കെതിരെയും സർക്കാരിനെ തിരെയും നിരന്തരമായ അപവാദ പ്രചരണങ്ങൾ നടത്തിയിട്ടും അദ്ദേഹത്തെ കൂടെ നിർത്താനാണ് പാർടി പരിശ്രമിച്ചത്. എന്നാൽ വ്യക്തമായ അജണ്ടയോടെ പ്രവർത്തിച്ചിരുന്ന അൻവർ സമനില തെറ്റുന്ന വിധം പത്രസമ്മേളനം നടത്തുന്ന രീതിയാണ് ഉണ്ടായത്.

അൻവർ പ്രതസമ്മേളനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞ കുറേ കാലമായി വലതുപക്ഷ ശക്തികളും വർഗീയ സംഘടക്കാരും നടത്തുന്ന പ്രചരണങ്ങളാണ് അവയെന്ന് ബോധ്യമാകും.

ആർ.എസ്.എസ്. സി.പി.ഐ (എം) ബന്ധം

കഴിഞ്ഞ കുറേ കാലമായി നമ്മുടെ നാട്ടിൽ നടത്തികൊണ്ടിരിക്കുന്ന ഒരു പ്രചരണം ആർ.എസ്.എസ്-ഉം സി.പി.ഐ (എം) തമ്മിൽ രഹസ്യബന്ധമുണ്ട് എന്നതാണ്. * കേരളത്തിന്റെ രാഷ്ട്രീയത്തെ മനസിലാക്കുന്ന ആർക്കും അറിയാവുന്ന ഒരു കാര്യം സി.പി.ഐ (എം)-നേയും ഇടതുപക്ഷത്തേയും തകർക്കാൻ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതി മുന്നോട്ട് വെച്ചിട്ടുള്ളത് യു.ഡി.എഫാണ് എന്ന് കാണാവുന്നതാണ്.

ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷം ഇവിടെ നടന്ന പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് കോ ലീ-ബി സഖ്യം അരങ്ങേറിയത് എന്ന് കാണാം. കേരളത്തിലെ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബാങ്കുകളിലുമെല്ലാം ഇത്തരത്തിലുള്ള സംഖ്യങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് പകൽ പോലുള്ള യാഥാർത്ഥ്യങ്ങളാണ്. കേരള സർക്കാരിനെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള വലിയ പരിശ്രമങ്ങൾ ബി.ജെ.പി നടത്തിയത്.

രാജ്യത്താകമാനം പ്രതിപക്ഷത്തിനെതിരെയുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യാവേദിയിലെ കക്ഷികളെല്ലാം പൊതുവിൽ നടത്തിയത്. എന്നാൽ കേരള സർക്കാരിനെതിരെയുള്ള ഈ നീക്കത്തിനെതിരെ നിലപാട് സ്വീകരിക്കാൻ പോലും
കോൺഗ്രസ് തയ്യാറായില്ല. സംസ്ഥാന സർക്കാരിന് അർഹതപ്പെട്ട വിഭവങ്ങൾ ലഭി ക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടും കഴിഞ്ഞ കേന്ദ്രസർക്കാരിന്റെ കാലത്ത് ഒരുതരം പ്രതിരോധവും യു.ഡി.എഫ് ന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഇത്തരത്തിൽ സംസ്ഥാനത്തെ ഞെക്കി കൊല്ലാനുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന് എൽ.ഡി.എഫ്-നെ തകർക്കാനുള്ള പ്രവർത്തനങ്ങൾക്ക് ബി.ജെ.പിക്കൊപ്പം കൈകോർത്ത് നിൽക്കുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്.

ഗവർണ്ണറെ ഉപയോഗപ്പെടുത്തി സർവകലാശാലകളെ തകർക്കുന്ന നയം ബി.ജെ.പി സ്വീകരിച്ചു. എല്ലാ മാനദണ്ഡങ്ങളേയും കീഴ്വഴക്കങ്ങളേയും ലംഘിച്ച് സെനറ്റിൽ കോൺഗ്രസിന്റെ സംഘടനാ നേതാക്കളേയും മറ്റും നോമിനേറ്റ് ചെയ്യുന്ന സ്ഥിതിയുണ്ടായി. സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ഈ അജണ്ടയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത് എന്ന് കാണാം.

ആർ.എസ്.എസ്-ന്റെ ശാഖയ്ക്ക് കാവൽ നിന്നു എന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്റാണ്. സർവകലാശാലയിലെ കാവിവൽക്കരണ നീക്കങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. വൈസ് ചാൻസലറെ പോലും ഇത്തരത്തിൽ നിയമിച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പിയുടെ നയത്തെ എതിർക്കാതെ അവയെല്ലാം സ്വീകരിക്കുന്ന നയമാണ് യു.ഡി.എഫ് സ്വീക
രിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ്-ന്റെ ഇത്തരം നയങ്ങളെ പറ്റിയോ ബി.ജെ.പി കേരളത്തോട് കാണിക്കുന്ന അവഗണനയെ സംബന്ധിച്ചോ ഒരക്ഷരം പറയാത്ത ആളാണ് 218 രക്തസാക്ഷികൾ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ നഷ്ടപ്പെട്ട പാർടിക്കെതിരെ വിമർശനങ്ങളുമായി മുന്നോട്ട് വരുന്നത്.

Also Read- ‘പി വി അൻവർ വലതുപക്ഷത്തിന്‍റെ നാവായി; ആരോപണങ്ങൾ സാധാരണക്കാർ പുച്ഛിച്ച് തള്ളും’: എം സ്വരാജ്

എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിമർശനം അൻവർ ഉന്നയിച്ചപ്പോൾ ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ അത് സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനിക്കുകയുണ്ടായി. കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യംവെച്ച് സംഘപരിവാർ രഹസ്യമായി സംഘടിപ്പിച്ച അക്രമ കൂട്ടുകെട്ടിനെ തകർത്ത് അവരുടെ ലക്ഷ്യം തകർത്ത് കളഞ്ഞത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ് എന്ന കാര്യവും വിസ്മരിക്കരുത്.

സെൻകുമാർ-ന് ബി.ജെ.പി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ യു.ഡി.എഫ് നിയമിച്ച അദ്ദേഹത്തെ
സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നതും വിസ്മരിക്കരുത്. ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ആർ.എസ്.എസ് നേതാവ് രണ്ട് കോടി വാഗ്ദാനം ചെയ്തത് എന്ന കാര്യവും അൻവർ വിസ്മരിച്ച് പോയത് എന്ത് കൊണ്ടാണ്.

കള്ളക്കടത്തുകാരെ ഉപയോഗപ്പെടുത്തൽ

ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കാൻ അൻവർ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത് രണ്ട് സ്വർണ്ണ കള്ളക്കടത്തുകാരെയാണ്. സുപ്രീംകോടതി കഴിഞ്ഞ ദിവസം അരവിന്ദ് കെജവാളിനെ ജാമ്യം അനുവദിച്ചപ്പോൾ പറഞ്ഞ ഒരു കാര്യം പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി മറ്റുള്ളവരെ കേസിൽ ഉൾപ്പെടുത്തിയതിന്റെ പോരായ്മയെ സംബന്ധിച്ചാണ്. സ്വർണ്ണം വെട്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരായിട്ടാണ് അൻവർ സംസാരിച്ചത് എന്നാണ് ഇവിടെ കാണേണ്ടത്. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു എം.എൽ.എ ഇത്തരം കള്ളക്കടത്തുകാരുടെ വക്കാലത്തി ലേക്ക് കടക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം തന്നെ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.

അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

പിണറായി വിജയൻ ഉപജാപക സംഘത്തിന്റെ കൈകളിൽപെട്ടു വെന്നും കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നും അൻവർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുകേൾക്കുമ്പോൾ
മനോരമയുടെ മാമൻമാപ്പിള പറഞ്ഞ വാക്കുകളാണ് ഓർമ്മ വരുന്നത്. അദ്ദേഹം ഇതിനേക്കാൾ ഒന്നുകൂടി കടത്തിയാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എ.കെ.ആന്റണി ആകട്ടെ 100 വർഷത്തേയ്ക്ക് കമ്മ്യൂണിസ്റ്റ് പാർടി അധികാരത്തിൽ വരില്ലെന്നായിരുന്നു പ്രസ്താവിച്ചത്. അതിനുശേഷം കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അധികാരത്തിൽ വന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാവട്ടെ കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന കീഴ്വഴക്കളെയെല്ലാം മാറ്റി മറിച്ചു കൊണ്ട് തുടർ ഭരണത്തിലേക്ക് എത്തിച്ചേർന്നു. മാറി മാറി സർക്കാരിനെ അധികാരത്തിലേറ്റാറുള്ള കേരളത്തിൽ അതിന് മാറ്റം വരുത്തി രണ്ടാം പിണറായി സർക്കാരിന് അധികാരത്തിലേക്ക് കേരളത്തിലെ ജനങ്ങൾ അവരോധിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 92 സീറ്റുകളാണ് ലഭിച്ചതെങ്കിൽ 99 സീറ്റെന്ന നിലയിലേക്ക്
ഉയർത്തിക്കൊണ്ടാണ് ജനങ്ങൾ വിധിയെഴുതിയത്. ഈ കാലത്തെയാണ് അൻവർ ജനവിരുദ്ധമെന്നും ഈ മുഖ്യമന്ത്രി കെട്ടുപോയ സൂര്യനാണെന്നുമെല്ലാം പറയുന്നത്. വയനാട് ദുരന്തമുണ്ടായപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനങ്ങളും ഇടപെടലുമെല്ലാം മാതൃകാപരമാണെന്ന് എല്ലാവർക്കും പറയേണ്ടി വന്ന ഒരു ഘട്ടത്തിലാണ് ഇത്തരം പ്രയോഗം അൻവർ നടത്തുന്നത് എന്ന് ഓർമ്മ വേണം. ഈ നേട്ടത്തെ തകർക്കാനായിരുന്നുവല്ലോ കള്ളക്കണക്കുമായി മാധ്യമങ്ങൾ രംഗത്ത് വന്നത്.

റിയാസിന്റെ പ്രശ്നം

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അൻവർ സംസാരിക്കുകയുണ്ടായി. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അത്തരമൊരു വ്യക്തിയെ കുറിച്ചാണ് ഇത്തരത്തിൽ സംസാരിച്ചത്. റിയാസിനെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ അൻവർ പോസ്റ്റ് ചെയ്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇപ്പോൾ വന്നിട്ടുള്ള ഈ മാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമാണ്.

സ. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കാര്യം സ. കോടിയേരി ബാലകൃഷ്ണന്റെ അന്ത്യോപചാര കാര്യങ്ങളുമായി ബന്ധപ്പെട്ടും അൻവർ ചിലത് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ അത് കൊട്ടിഘോഷിച്ചിട്ടുമുണ്ട്. സ. കോടിയേരി കൃഷ്ണൻ ജീവിച്ചിരുന്ന കാലത്ത് മാധ്യമങ്ങൾ നടത്തിയ വേട്ട കേരളീയർക്കെല്ലാം അറിയാവുന്നതാണ്. എന്നിട്ടിപ്പോൾ പാർടിയുടെ ഇകഴ്ത്തി കാണിക്കാൻ കോടിയേരിയുടെ പേര് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

എനിക്ക് ചങ്ങലയോ?

എനിക്ക് ചങ്ങലകൾ ഉണ്ട് എന്നാണ് മറ്റൊരു കണ്ടുപിടുത്തം. കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനത്തെ
സംബന്ധിച്ച് ഉള്ള ധാരണ കുറവാണ് ഇതിന്റേയും പിന്നിലുള്ളത്. പൊതുവിൽ ചർച്ച ചെയ്തുകൊണ്ടാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. ഒരുഭിപ്രായ സ്വാതന്ത്ര്യ കുറവോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് റിവ്യൂ തന്നെ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങൾ സംസ്ഥാനകമ്മിറ്റി പരിശോധിച്ച് താഴെതലം വരെ ചർച്ച ചെയ്തു. അതിന്റെ ചർച്ചകൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഭാവി പരിപാടികൾ നിശ്ചയിച്ചത്.

പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിവ്യൂവിൽ രൂക്ഷമായ വിമർശനമുണ്ടെന്ന് എല്ലാ പത്രമാധ്യമങ്ങളും എഴുതി. ഇപ്പോൾ പാർടിയിൽ വിമർശനമില്ലെന്നും പ്രചരിപ്പിക്കുകയാണ്. എന്തും പാർടിക്കെതിരെ എടുത്ത് ഉപയോഗിക്കുക എന്നതിന്റെ ഉദാഹരണമാണ് ഇത്. തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ അറസ്റ്റ് ചെയ്യുന്നതിന് ഇടയാക്കുന്ന എന്തെങ്കിലും കാര്യങ്ങൾ അദ്ദേഹം ചെയ്തോ എന്ന് അദ്ദേഹത്തിന് തന്നെയാണ് അറിയാവുന്നത്.

അൻവർ ആഗ്രഹിക്കുന്നതുപോലെ രാഷ്ട്രീയ പ്രതിയോഗികളെ തകർക്കുന്നതിന് പോലീസിനെ ഉപയോഗിക്കുന്നത് പാർടിയുടെ നയമേ അല്ല. അതുകൊണ്ട് പാർടിയും സർക്കാരും അത്തരം നിലപാട് സ്വീകരിക്കുകയില്ല. അതേസമയം തെറ്റായ നടപടികൾ ആര് ചെയ്താലും അവർക്കെതിരെ നടപടി എടുക്കുക എന്നത് കൂടിയാണ് സർക്കാരിന്റെ നയം എന്ന് അൻവർ ഓർക്കണം.

ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള പരിപാടികൾ ഒരു എം.എൽ.എയ്ക്ക് ചേർന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത് അൻവർ പ്രശ്നങ്ങൾ ഉന്നയിച്ചത് അവ പരിഹരിച്ച് പാർടിയേയും ഗവൺമെന്റിനേയും ശക്തിപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയല്ല. മറിച്ച് വലതുപക്ഷ ശക്തികളും വലതുപക്ഷ മാധ്യമങ്ങളും നടത്തി കൊണ്ടിരിക്കുന്ന പ്രചരണങ്ങളുടെ ആവർത്തനമാണ് പൊതുവിൽ അദ്ദേഹം നടത്തിയിട്ടുള്ളത്.

സമനിലതെറ്റി അവസാനത്തെ പത്രസമ്മേളനം കണ്ടാൽ അദ്ദേഹത്തിന്റെ മനോനിലയ്ക്ക് തന്നെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന് തോന്നിക്കുന്ന നിലയിലാണ്. അത്തരം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടി ദീർഘമായ സമരപോരാട്ടങ്ങളിലൂടെ രൂപപ്പെട്ട് വന്നിട്ടുള്ളതാണ്. പോരാട്ടങ്ങളിലൂടെ ഉയർന്നു വന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വം.

ആ നേതൃത്വത്തിനെതിരെ പാർടി അനുഭവ പരിചയം പോലും ഇല്ലാത്ത അൻവറാണ് രംഗത്തിറങ്ങിയിരിക്കുന്ന ത്. പാർടിയുടെ മൊത്തം പിന്തുണയുണ്ട് എന്നാണ് അവകാശപ്പെടുന്നത്. കേരളത്തിലെ പാർടി കടന്നു വന്ന വഴികൾ അൻവറിന് അറിയില്ലായിരിക്കാം. രാഷ്ട്രീയ കേരളത്തിന് അറിയാം.

Also Read- പി വി അൻവർ രാഷ്ട്രീയ ശത്രുക്കളുടെ കൈക്കോടാലിയായി മാറി: ഡിവൈഎഫ്ഐ

എന്നാൽ മറുനാടൻ മലയാളി ചാനൽ നടത്തുന്ന സാജൻ സ്കറിയ നവമാധ്യമങ്ങളിലൂടെ നടത്തിയ ആക്ഷേപങ്ങളാണ് ഇപ്പോൾ അൻവർ ഏറ്റെടുത്തിരിക്കുന്നത്. മറുനാടൻ മലയാളിയെ പൂട്ടിക്കുമെന്ന് പറഞ്ഞ അൻവർ അതേ ആക്ഷേപങ്ങൾ ആരുടെയൊക്കെയോ താൽപര്യങ്ങൾക്കായി അവതരിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. വി.ഡി സതീശനെതിരെ ഉയർത്തിയ ആരോപണങ്ങളെ സംബന്ധിച്ച് അൻവറിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്.

വർഗീയ ശക്തികൾ പാർടിക്കെതിരെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം പ്രീണനനയം പാർടി സ്വീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പ്രചരണം ഉണ്ടായത്. സംഘപരിവാർ ആയിരുന്നു ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. ഇപ്പോൾ ഹിന്ദുത്വയുമായി സന്ധി ചെയ്യുന്നു എന്ന പ്രചരണമാണ് പാർടിക്കെതിരെ ഉയർത്തുന്നത്. ഫലത്തിൽ മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന പാർടിയെ തകർക്കുക എന്ന വർഗീയ ശക്തികളുടെ സമീപനങ്ങളും ഇപ്പോൾഉയർത്തി കൊണ്ട് വരുന്നുണ്ട്. ഇവയെ പ്രതിരോധിക്കാനാകണം.

അൻവറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു

അൻവറിന്റെ പരാതിയിൽ ശരിയായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് പാർടിക്കും സർക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന പ്രചരണങ്ങൾ ഏറ്റുപിടിച്ച് മുന്നോട്ട് വന്നത്. തെറ്റ് തിരുത്തികൂടെ നിർത്തിക്കാനുള്ള സമീപനമാണ് പാർടി സ്വീകരിച്ചത്. എന്നാൽ അത് മനസിലാക്കാനോ തിരുത്താനോ തയ്യാറാവാതെ താൻ സ്വയം ഒരു സ്വതന്ത്രനായി നിയമസഭയിൽ നിൽക്കുമെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാർലമെന്ററി പാർടി അംഗമെന്നുള്ള സ്ഥാനം സ്വയം വലിച്ചെറിയുന്ന രീതിയാണ് അൻവർ സ്വീകരിച്ചിട്ടുള്ളത്. ഇതോടെ അൻവറിന്റെ പാർടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ അവസാനിക്കുകയാണ്. ഇദ്ദേഹതിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നു കാട്ടാനും പ്രതിരോധിക്കാനും പാർടിയെ സ്നേഹിക്കുന്ന എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News