ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്. സി.പി.ഐക്കും, ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും ഇത് തീരാനഷ്ടമാണ്. ആ വിടവ് ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്തുക എന്നതാണ് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം.
സി.പി.ഐ (എം) ഉം, സി.പി.ഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി നേരിടുന്നതില്‍ കാനം രാജേന്ദ്രന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. വലതുപക്ഷ പ്രചരങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം. പ്രതികൂല സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വപരമായ പങ്ക് അദ്ദേഹം നിര്‍വ്വഹിച്ചു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലിടപെട്ട് അവരുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന ശൈലി കാനത്തിനുണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം സജീവമാക്കി ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് അദ്ദേഹം തല്‍പരനായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷ ബദല്‍ മുന്നോട്ടുവെക്കുന്നതിന് സജീവമായ പങ്കാളിത്തം കാനം വഹിച്ചിരുന്നു.
കോട്ടയം ജില്ലയിലെ വാഴൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. നിയമസഭ സാമജികനെന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയിലെത്തിക്കാനും, പരിഹരിക്കാനും അദ്ദേഹം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ കണിശമായ നിലപാട് സ്വീകരിച്ച് നിയമസഭല്‍ ഇടപെടാനും അദ്ദേഹത്തിന് കഴിഞ്ഞു.
അസുഖ ബാധിതനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം കണ്ട അവസരത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയാണ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടത്. ഒരു ആയുസ് മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കാനം രാജേന്ദ്രന്റെ വിയോഗത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സി.പി.ഐ സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Also Read : കേരളത്തിന്റെ കരുത്തുറ്റ നേതാവ്; പ്രിയ സഖാവിന് വിട
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
Also Read : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു
കാനം രാജേന്ദ്രന്‍ ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ (AIYF) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും, ആള്‍ ഇന്ത്യ ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (AITUC) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു
1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-മത് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1987 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here