ഭരണഘടന ഇന്നത്തെക്കാള്‍ ജനാധിപത്യപരവും പുരോഗമനപരവുമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപിയുടെ ലക്ഷ്യം മനുസ്മൃതിയിലേക്കുള്ള യാത്രയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ കാവി വത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി നടപ്പിലാക്കുകയാണ് ബിജെപി ലക്ഷ്യം. പള്ളികള്‍ പൊളിച്ചു ക്ഷേത്രം പണിയാന്‍ സര്‍വേ നടത്തുന്ന ബിജെപിയുടെ ലക്ഷ്യം ജനങ്ങളുടെ ഐക്യം തകര്‍ക്കുക എന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഭരണഘടന കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ഏക സ്വരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭരണഘടനയെ കാവിവല്‍ക്കരിക്കാനാണ് നിലവിലെ ശ്രമമെന്ന ആശങ്ക എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പങ്കുവെച്ചു. ഐക്യം തകര്‍ക്കുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ രാജ്യം അംഗീകരിക്കില്ല. സമൂഹത്തെയും ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോകുന്ന ജനാധിപത്യ സംവിധാനം നിലനിര്‍ത്താനുള്ള ഭരണഘടന ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയെ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം നടത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഏക സിവില്‍ കോഡും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഉജ്ജ്വലമായ ഭൂതകാലത്തിലൂന്നി വേണം വര്‍ത്തമാന ഇന്ത്യ പുനര്‍സൃഷ്ടിക്കാന്‍. സമ്പത്തിന്റെ ധ്രുവീകരണമാണ് നിലവില്‍ നടക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നത് വെച്ച് രാജ്യം പുരോഗമിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന മതനിരപേക്ഷ കാഴ്പ്പാടുള്ളവരുമായി ചേര്‍ന്ന് വര്‍ഗീയതയെ ചെറുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം കേരളത്തിന് പുറത്ത് ഇത്തരം ഒരു ചര്‍ച്ച നടത്താന്‍ പറ്റില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതാണ് കേരളത്തിന്റെ വലിയ പ്രത്യേകതയെന്നും ഇത്തരം ഒരു വേദി ഒരുക്കിയതിന് സ്പീക്കര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ പുസ്തകോത്സവം സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here