പ്രക്ഷോഭ പാതകള്‍ക്ക് ഊര്‍ജം പകര്‍ന്ന സഖാവ്… ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന നേതാവ് ; കോടിയേരി ബാലകൃഷ്ണനെ കുറിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതുന്നു

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാര്‍ടിക്കും യുവജന പ്രസ്ഥാനത്തിനും വര്‍ഗ -ബഹുജന സംഘടനകള്‍ക്കും ഊര്‍ജസ്വലമായ നേതൃത്വം നല്‍കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതില്‍ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന കോടിയേരി സ്‌നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു. കേരളം മുഴുവന്‍ പ്രവര്‍ത്തനമണ്ഡലമാക്കിയ സഖാവ് മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും വ്യക്തമായി മനസ്സിലാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളില്‍ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. വര്‍ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു.
നല്ലൊരു പാര്‍ലമെന്റേറിയന്‍കൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു. കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. നിരവധിയായ ജയില്‍ പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. കേരളത്തിന്റെ ഭാവി വികസനം മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് ആവിഷ്‌കരിച്ച വികസന പദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസന വിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയില്‍ ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. നര്‍മത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയില്‍ ശോഭിച്ചു. എതിര്‍ പാര്‍ടികളില്‍പ്പെട്ടവരുടെപോലും സ്‌നേഹവും ആദരവും ഏറ്റുവാങ്ങി. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച് അവരുടെ വാക്കുകള്‍ സശ്രദ്ധം കേട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുമായിരുന്നു.

ALSO READ:  സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

പാര്‍ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവിയും സഖാവ് വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്‍കി. ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതല്‍ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്‌പ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.

ALSO READ: സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

ചെറുപ്പംമുതല്‍ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഞങ്ങളിരുവരും സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി വന്ന ഘട്ടംമുതല്‍ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ (കെഎസ്വൈഎഫ്) രൂപീകരണ വേളയില്‍ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാര്‍ഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം. ഞാന്‍ യുവജനരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം അവസാനംവരെ ഒരു പോറല്‍പോലുമേല്‍ക്കാതെ നിലനിന്നു. സംഘാടകന്‍ എന്ന നിലയില്‍ അന്നുമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധ ഘട്ടത്തിലും പാര്‍ടിയെ മുന്നോട്ടു നയിക്കുന്ന നേതാവ്. തലശേരി മേഖലയില്‍ ആര്‍എസ്എസിന്റെ കടന്നാക്രമണം തുടര്‍ച്ചയായി നടക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതില്‍ സഖാവ് മുന്നിലുണ്ടായിരുന്നു.

ALSO READ: സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുന്നതില്‍ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകന്‍, പ്രസംഗകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു.

ALSO READ: സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

പാര്‍ടിയില്‍ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാര്‍ടിയെ പരിക്കേല്‍ക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പ്രമുഖ പങ്കുണ്ട്. 1967- 68 ഘട്ടത്തില്‍ നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ശക്തമായ ആശയസമരം നടന്നപ്പോള്‍ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതില്‍ വിദ്യാര്‍ഥി നേതാവെന്ന രീതിയില്‍ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് വിദ്യാര്‍ഥി നേതാവെന്ന നിലയില്‍ സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാര്‍ടിക്കകത്ത് വിഭാഗീയത ഉയര്‍ന്നുവന്ന ഘട്ടത്തിലും പാര്‍ടി നിലപാടുകളില്‍ ഉറച്ചുനിന്ന് വിഭാഗീയ നിലപാടുകളെ ചെറുക്കുന്നതിന് നേതൃത്വം നല്‍കി. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങളില്‍ കണിശതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്നും ശ്രദ്ധിച്ചു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്.

ALSO READ: സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിര്‍ത്താന്‍ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാര്‍ടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനായി. നിഷ്‌കളങ്കവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. വിശ്രമരഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏത് പരീക്ഷണ ഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരവ് പിടിച്ചു വാങ്ങാനും അദ്ദേഹത്തിനായി.

ALSO READ: പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ വികസനപ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേര്‍പാടുണ്ടായത്. സമൂഹത്തിലെ നാനാതുറയിലുംപെട്ടവരുടെ വിഷമതകളും പ്രശ്‌നങ്ങളുമെല്ലാം അഭിമുഖീകരിച്ച് സാധാരണക്കാര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള പാതയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വയനാട് ദുരന്തം നേരിടാന്‍ ഒറ്റക്കെട്ടായി കേരളം നീങ്ങുകയാണ്. സാമ്പത്തിക പരിമിതികള്‍ എല്ലാം അവഗണിച്ചുകൊണ്ട് മികച്ച പുനരധിവാസം സാധ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുന്നത്. എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടസ്സം സൃഷ്ടിക്കാനാണ് ഏതാനും മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്. ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള സര്‍ക്കാര്‍ശ്രമം തടയാനാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കുന്നത്. കേരളം കണക്കുകള്‍ പെരുപ്പിച്ചു നല്‍കി എന്നാണ് വാര്‍ത്ത നല്‍കിയത്. കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരാണ് മാധ്യമങ്ങളുടെ ഈ നിലപാട്. നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായിട്ടും തിരുത്താന്‍ തയ്യാറായില്ല. കേന്ദ്രസര്‍ക്കാരാകട്ടെ കേരളത്തെ പൂര്‍ണമായും തഴയുന്ന സമീപനമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അര്‍ഹമായ ദുരിതാശ്വാസംപോലും നല്‍കാന്‍ തയ്യാറായിട്ടില്ല.

ALSO READ: സംസ്‌കൃത സർവകലാശാല പരീക്ഷകൾ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എ പാര്‍ടിക്കും സര്‍ക്കാരിനുമെതിരായി അടിസ്ഥാനരഹിതമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ഇടതുപക്ഷ സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ സാമാന്യമര്യാദ പാലിക്കാതെ പരസ്യമായി പ്രസ്താവന നടത്തുകയും പാര്‍ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയുമാണ് പി വി അന്‍വര്‍ ചെയ്യുന്നത്. സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പ്പര്യമാണെന്ന് വ്യക്തമാണ്. ഇതൊന്നുംകൊണ്ട് പാര്‍ടിയെയും എല്‍ഡിഎഫിനെയും തകര്‍ക്കാനാകില്ല.

പ്രക്ഷോഭ പാതകള്‍ക്ക് എന്നും ഊര്‍ജം പകര്‍ന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകള്‍ക്കു മുന്നില്‍ രക്തപുഷ്പങ്ങള്‍.

(ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News