വ്യക്തിബന്ധങ്ങളില്‍ ഊഷ്മളത കാത്തുസൂക്ഷിക്കുവാന്‍ വലിയതാല്പര്യമായിരുന്നു അദ്ദേഹത്തിന്; എം എ ബേബി

കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ മരണം വളരെ ദു:ഖകരമെന്ന് എം എ ബേബി. രാഷ്ട്രീയ വിയോജിപ്പുകളെ വകഞ്ഞുമാറ്റി വ്യക്തിബന്ധങ്ങളില്‍ ഊഷ്മളത കാത്തുസൂക്ഷിക്കുവാന്‍ വലിയതാല്പര്യമാണ് ഉമ്മന്‍ചാണ്ടി കാണിച്ചിരുന്നുവെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ മരണം വളരെ ദു:ഖകരമാണ്. രാഷ്ട്രീയ വിയോജിപ്പുകളെ വകഞ്ഞുമാറ്റി വ്യക്തിബന്ധങ്ങളില്‍ ഊഷ്മളത കാത്തുസൂക്ഷിക്കുവാന്‍ വലിയതാല്പര്യമാണ് അദ്ദേഹം എന്നും പിന്തുടര്‍ന്നു പോന്നത് എന്നത് പ്രസിദ്ധം.

അദ്ദേഹം പ്രതിപക്ഷ നേതൃത്വത്തിലുണ്ടായിരുന്ന കാലത്താണ് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. രൂക്ഷമായ
ഏറ്റുമുട്ടലുകള്‍ നിയമസഭാജീവിതത്തിന്റെ അവിഭാജ്യഭാഗമാണല്ലോ. എന്നാല്‍സഹകരണത്തിന്റെ അന്തസ്സുള്ള അനുഭവങ്ങളും അനേകം. അതിലൊന്ന് , പഠന ഗുണമേന്മ ഉയര്‍ത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകപരിശീലനത്തിന് ഏതാനും ശനിയാഴ്ചകള്‍ കൂടി സഹകരിക്കുവാന്‍ അദ്ധ്യാപക സംഘടനകളെ സമ്മതിപ്പിക്കുന്ന വിഷയമായിരുന്നു. പ്രതിപക്ഷവുമായി ബന്ധമുള്ള അദ്ധ്യാപകസംഘടനകള്‍ ശക്തമായി എതിര്‍ത്താല്‍ ഈ പദ്ധതി പിന്നെ നടപ്പാക്കുക പ്രയാസകരമായിരിക്കുമെന്ന് വ്യക്തം. പ്രതിപക്ഷ നേതാവായിരുന്ന
ശ്രീ ഉമ്മന്‍ചാണ്ടിക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തപ്പോള്‍ പൂര്‍ണ്ണ സഹകരണം ഉറപ്പുതന്നു. അതദ്ദേഹം പാലിക്കുകയും ചെയ്തു.

എപ്പോഴും ജനമദ്ധ്യത്തായിരിക്കുന്നത് അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. ബാംഗ്‌ളൂരില്‍ ചികില്‍സയിലായിരുന്നപ്പോള്‍ ആശുപത്രിയില്‍ ചെന്ന് കണ്ടതാണ് അവസാന സന്ദര്‍ഭം. ഏതാണ്ടൊരു പൂര്‍ണ്ണജീവിതത്തിനു ശേഷമാണ് അദ്ദഹം നമ്മെ വിട്ടുപിരിയുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു; അനുശോചനമറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News