മാമുക്കോയയുടെ അപ്രതീക്ഷിതമായ വേർപാട് വളരെ വേദനാകരമാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മറ്റുഭാഷകൾക്കൊന്നും ഒരുപക്ഷേ അവകാശപ്പെടാൻ കഴിയാത്തത്ര അസാധാരണ അഭിനയസിദ്ധിയുള്ള പ്രതിഭാശാലികളുടെ നിരയിലെ ഒരു മികച്ച കലാകാരനാണ് മാമുക്കോയയുടെ നിര്യാണത്തിലുടെ കലാലോകത്തിന് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും തങ്ങൾ ഉറ്റസുഹൃത്തുക്കളായിരുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ്
മാമുക്കോയയുടെ അപ്രതീക്ഷിതമായ വേർപാട് വളരെ വേദനാകരമാണ്. വിശേഷിച്ച് ഇന്നസെന്റിന്റെ മരണത്തിന്റെ വിഷമം ശമിക്കുന്നതിനുമുമ്പ് ഇതുണ്ടായത്.
കേരളത്തിന്റെ വ്യതിരിക്തമായ ഫലിത ബോധം കലയുടേയും സാഹിത്യത്തിന്റേയും മേഖലകളിൽ വളരെപ്രകടമാണ്. കുഞ്ചൻ നമ്പ്യാരിൽ പൂർണവളർച്ച എത്തിയ അത് സഞ്ജയനിലും ഈ വി കൃഷ്ണ പിള്ളയിലും വികസിച്ചു.
അഭിനയമേഖലയിൽ ഇതിന്റ ആവിഷ്ക്കാരങ്ങളാണ് നമ്മെവിട്ടുപിരിഞ്ഞ മാമുക്കോയയും അദ്ദേഹത്തിന്റെ മുൻഗാമികളായ അടൂർഭാസി,കുതിരവട്ടം പപ്പു, ബഹദൂർ, എസ് പി പിള്ള, ഇന്നസെന്റ് തുടങ്ങിയവരും. ആരോഗ്യപ്രശ്നങ്ങൾമൂലം പഴയ അഭിനയശേഷി ഇനിയും വീണ്ടെടുക്കാനാവുമോയെന്ന് സംശയിക്കേണ്ട ജഗതിശ്രീകുമാർ ഈ മേഖലയിലെ അതുല്യ പ്രതിഭാസമാണ്.
മറ്റുഭാഷകൾക്കൊന്നും ഒരുപക്ഷേ അവകാശപ്പെടാൻ കഴിയാത്തത്ര അസാധാരണ അഭിനയസിദ്ധിയുള്ള പ്രതിഭാശാലികളുടെ നിരയിലെ ഒരു മികച്ച കലാകാരനാണ് മാമുക്കോയയുടെ നിര്യാണത്തിലുടെ കലാലോകത്തിന് നഷ്ടമായിരിക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഞങ്ങൾ ഉറ്റസുഹൃത്തുക്കളായിരുന്നു.
വിടപ്രിയകലാകാരാ, വിട
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here