ഉസ്താദ് സാക്കിർ ഹുസൈൻ്റെ വിയോഗത്തിലൂടെ നഷ്ടമായത് ‘തബലയുടെ കാളിദാസനെ’; എം എ ബേബി

m a baby

തബലയുടെ കാളിദാസനെന്ന് ഉസ്താദ് സാക്കിർ ഹുസൈനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയില്ല. ഈ പ്രയോഗത്തിന് പണ്ഡിറ്റ് രാജീവ് താരാനാഥിനോട് കടപ്പാട്. പക്ഷേ അദ്ദേഹം പറഞ്ഞത് സാക്കിർ ഭായി തബലയുടെ ഷേക്സ്പിയർ ആണെന്നായിരുന്നു. തികച്ചും അനവസരത്തിലെ മരണം. ചുരുങ്ങിയത് ഒരു പതിറ്റാണ്ടു കൂടി സജീവമായി സംഗീതസദിരുകളിൽ ത്രസിച്ചു നിൽക്കേണ്ടതായിരുന്നു.

1979 ഡിസംബർ മാസം കൊടുംതണുപ്പണിഞ്ഞ ഡൽഹിയിലെ കമാനി ഹാളിലാണ് തബലയുടെ മാസ്മരികനെ ഞാൻ ആദ്യം കേൾക്കുന്നത്.പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ,സന്തൂറിൽ ശിവകുമാർ ശർമ.തബലയിൽ സക്കീർഹുസൈൻ.

സംഗീതം മനുഷ്യസ്വരത്തിലൂടെ ആവിഷ്കരിക്കേണ്ടത് തന്നെയാണ്. അതുകൊണ്ടുതന്നെ മനുഷ്യനിർമ്മിതമായ ഏത് സംഗീത ഉപകരണവും മനുഷ്യസ്വരത്തിൻ്റെ വൈവിധ്യങ്ങളെ ഭാവനയിൽ ആവിഷ്കരിച്ച് ഫലിപ്പിക്കാനാണ്
വിഫല ശ്രമം നടത്തുന്നത്. എന്നാൽ ടി.ആർ. മഹാലിംഗവും ദ്വാരം വെങ്കിടസ്വാമി നായിഡുവും യഹൂദി മിനൂഹിനും പാലക്കാട് മണിഅയ്യരും ഉമയാൾപുരം ശിവരാമനും സക്കീർ ഹുസൈനും ഉപകരണ സംഗീതത്തിൻ്റെ പരിമിതിയെ വലിയൊരു അളവോളം മറികടന്നവരാണ്. ഒപ്പം പരിമിതികളിൽ നിന്നും സാധ്യത വാറ്റിയെടുത്തവരും.

ALSO READ: ഇന്ത്യൻ സമുദ്ര പരിധിയിൽ വൻ ധാതുനിക്ഷേപത്തിന് സാധ്യതയുള്ളതായി ഗവേഷകരുടെ കണ്ടെത്തൽ; രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷ

സാക്കിർ ഹുസൈൻ്റെ വിസ്മയകരമായ മികവും പ്രതിഭയും യാദൃച്ഛികം അല്ല. എക്കാലത്തേയും ഏറ്റവും വലിയ തബലവാദകരിൽ ഒരാളായ ഉസ്താദ് അള്ളാ രഖായുടെ മകനായി പിറന്നത് തന്നെയാണ് മുഖ്യ ഘടകം.അതോടൊപ്പം

പണ്ഡിറ്റ് കിഷൻ മഹാരാജ് ,സമതാ പ്രസാദ്, ചതുർലാൽ തുടങ്ങിയ മഹാന്മാരായ താളവാദ്യ ഗുരുക്കന്മാർ തബലയുടെ പ്രയോഗ സാധ്യതകളിൽ പരീക്ഷണങ്ങൾ നടത്തുന്നതും കണ്ടും കേട്ടും വളരാൻ കഴിഞ്ഞു. ആദ്യ ഗുരുവായ വാപ്പ അള്ളാരഖാ പുത്രവാത്സല്യം മറന്നാണ് മക്കളെ പരിശീലിപ്പിച്ചത്. എന്താണീ പറഞ്ഞതിൻ്റെ അർഥം?
മക്കളിൽ കുറച്ച് കഴിവ് കണ്ടാൽ മിടുമിടുക്കനോ മിടുമിടുക്കിയോ ആയിക്കഴിഞ്ഞു എന്ന് പറഞ്ഞ്‌ അഭിനന്ദനം കോരിച്ചൊരിയുന്നവരാണ് നമ്മളെല്ലാം. അതവരെ മിക്കപ്പോഴും വഴിതെറ്റിക്കാനാണിട.

എന്നാൽ വളരെ നന്നായി തബലയിലെ പാഠങ്ങൾ പഠിച്ച് ആവർത്തിക്കുമ്പോഴും ഇനിയും ശരിയാകാൻ ഉണ്ടെന്ന്‌ പറയുമായിരുന്നു വാപ്പയും ഗുരുവുമായിരുന്ന അള്ളരഖാ. മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻ ജിയും തൻ്റെ അച്ഛനെ കുറിച്ച് സമാനമായാണ് ഓർക്കുന്നത്. ഇന്ത്യൻ താളപദ്ധതിയിൽ കർക്കശമായ അവഗാഹം നേടിയതിനു ശേഷം മാത്രമാണ് ജുഗൽബന്ദികൾക്കും മറ്റു പരീക്ഷണങ്ങൾക്കും സക്കീർ ഹുസൈൻ സന്നദ്ധനായത് എന്നത് മറന്നുകൂടാ.

ALSO READ: സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദം കൂടിയാണ്: ബിയാട്രിസ് തിരിയേറ്റ്

ഡൽഹിയിലെ മാവ്‌ലങ്കർ ഹാളിൽ ‘സ്വരലയ’ സംഘടിപ്പിച്ച സാക്കിർ ഹുസൈനും ഉമയാൾപുരം ശിവരാമനും ആവിസ്മരണീയമാക്കിയ ‘താളലയ അന്യോന്യം’ താരതമ്യമില്ലാത്തതായിരുന്നു. തബലയുടെയും മൃദംഗത്തിൻ്റെയും നിലവാരം സാധാരണഗതിയിൽ മറ്റുള്ളവർക്ക് അപ്രാപ്യമായ തലത്തിലേക്ക് ഉയർത്തിയ ഇരുവരും അന്യോന്യം വെല്ലുവിളിച്ചും പരിപോഷിപ്പിച്ചും അവരിലെ സർഗ്ഗവൈഭവത്തിൻ്റെ അപൂർവ മേഖലകൾ അനാവരണം ചെയ്ത ഒരു സായാഹ്നമായിരുന്നു അത് . മുഖ്യാതിഥിയായി എത്തിയ പണ്ഡിറ്റ് രവിശങ്കറും പത്നി സുകന്യയും മകൾ അനുഷ്കയും നിറഞ്ഞ സംതൃപ്തിയോടെയാണ് അന്ന് കച്ചേരി കേട്ട് മടങ്ങിയത്.

ഒട്ടേറെ പാശ്ചാത്യ സംഗീതഞ്ജരും വിക്കു വിനായക റാം (ഘടം), ശശാങ്ക് ( യുവ പുല്ലാംകുഴൽ വാദകൻ ), മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ ( ചെണ്ട), ശോഭന (നൃത്തം ) എന്നിങ്ങനെ അസംഖ്യം പ്രതിഭകളുമായി അദ്ദേഹം കലാവിഷ്കാരത്തിൽ എത്രയോ വൈവിധ്യ പൂർണ്ണങ്ങളായ കലാപരീക്ഷണങ്ങളിലാണ് വിജയകരമായി പങ്കാളിയായിയിട്ടുള്ളത്‌. ശാസ്ത്രീയതയുടെ അടിത്തറ ഉപേക്ഷിക്കാതെയുള്ള സർഗാത്മകവും സാഹസികവുമായ പരീക്ഷണങ്ങളീലാണ്‌ അദ്ദേഹം ഏർപ്പെട്ടിരുന്നത്.

ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങൾക്ക് വേണ്ടി ഒരു കലാകാരന് പ്രതിബദ്ധതയോടു കൂടി പ്രതികരിക്കാൻ കഴിയുമെന്നും സാക്കിർ ഭായി തെളിയിച്ചു.കോൺഗ്രസ് നേതാവ് എച്ച്.കെ.എൽ ഭഗത്തിൻ്റെ സായുധരായ കിങ്കരന്മാർ

പ്രമുഖ കലാകാരനായ സഖാവ് സഫ്ദർ ഹാഷ്മിയെ ഘാസിയാബാദിന് അടുത്തുള്ള സൈബാബാദിൽ വച്ച് നാടകാവതരണത്തിനിടയിൽ കടന്നുചെന്ന് തലയടിച്ചു തകർത്തു കൊന്നത് രാജ്യത്തെമ്പാടും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ആ പ്രതിഷേധത്തിൽ അണിചേരാൻ തൻ്റെ കലാവിഷ്കാരത്തിലൂടെ സാക്കിർ ഭായി തയ്യാറായി.സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിൻ്റെ (സഹമത്) പരിപാടികളിൽ പലകുറി അദ്ദേഹം പങ്കാളിയായി.കലാകാരർ ദന്തഗോപുരവാസികളായി മാറേണ്ടവർ അല്ലെന്ന ഒരു സാംസ്കാരിക പ്രസ്താവനയാണ് അദ്ദേഹം തൻ്റെ തബല വാദനത്തിലൂടെ അന്ന് നടത്തിയത്. അപ്രതീക്ഷിതമായി അനവസരത്തിൽ നിലച്ചുപോയ അഭൗമമായ സംഗീത പ്രവാഹം. അതാണ് സാക്കിർ ഭായ്. ആസ്വാദക മനസ്സുകളിൽ ആ ഓർമ്മ സംഗീതസാന്ദ്രമായ നിത്യനൊമ്പരമായി തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News