എംഎ മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എംഎ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ 4 മണി വരെ വയനാട് മുട്ടിൽ യത്തീംഖാനയിൽ ജനാസ കാണാൻ സൗകര്യമൊരുക്കും. ജനാസ നിസ്‌കാരം 4 മണിക്ക് യതീംഖാനയിൽ ഉണ്ടായിരിക്കും. ആറ് മണിക്ക് സുൽത്താൻ ബത്തേരിയിലുള്ള ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂളിൽ ജനാസ കാണാൻ സൗകര്യമുണ്ടാകും. 7.30ന് സുൽത്താൻ ബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.

1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ജനിച്ച ജമാൽ മുഹമ്മദ് അബ്ദുറഹീം കദീജ ദമ്പതികളുടെ മകനാണ്. സുൽത്താൻ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ൽ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യുഎംഒ സ്ഥാപിച്ചത് മുതൽ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യുഎംഒയുടെ കീഴിൽ ഇന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകർന്നാണ് ജമാൽ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യുഎംയ്ക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും ജമാൽ മുഹമ്മദ് നിർണായക പങ്ക് വഹിച്ചു. തൊഴിൽ പരിശീലനം, സ്‌കോളർഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സേവനം നൽകി. 2005 മുതൽ ഡബ്ല്യുഎംഒയിൽ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദർശിയാണ്.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. 30 വർഷമായി സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച വിദ്യാഭ്യാസ പ്രവർത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവർത്തകനായും ജമാൽ മുഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ പുനത്തിൽ. മക്കൾ അഷ്‌റഫ്, ജംഹർ, ഫൗസിയ, ആയിശ.

Also Read; തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News