അമേരിക്കൻ ഉപരോധം അതിജീവിക്കുന്ന ക്യൂബയുടെ കഥയുമായി എൻപി ഉല്ലേഖിന്‍റെ പുതിയ പുസ്തകം

cuba_ullekh

ആറു പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന അമേരിക്കൻ ഉപരോധങ്ങളെ ക്യൂബ എന്ന കമ്മ്യൂണിസ്റ്റ് രാജ്യം അതിജീവിച്ച് മുന്നേറിയതെങ്ങനെ? ഈ ചോദ്യത്തിനുള്ള സമഗ്ര മറുപടിയുമായി പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻപി ഉല്ലേഖിന്‍റെ പുതിയ പുസ്തകം. പെൻഗ്വിൻ ബുക്ക്സ് പുറത്തിറക്കുന്ന മാഡ് എബൗട്ട് ക്യൂബ- എ മലയാളി റീവിസിറ്റ്സ് ദ റെവല്യൂഷൻ എന്ന പുസ്തകം ആമസോൺ വഴി പ്രീ ഓർഡറിന് ലഭ്യമാണ്. മാധ്യമപ്രവർത്തകനായി ക്യൂബയിലേക്ക് നടത്തിയ യാത്രയിൽ കണ്ട കാഴ്ചകളും അവിടുത്തെ വികസന മാതൃകകളുമൊക്കെയാണ് ഉല്ലേഖ് പുസ്തകരചനയ്ക്ക് ആസ്പദമാക്കിയത്. ക്യൂബയിലെ വിപ്ലവം നിലനിൽക്കുമോ? ഈ ദ്വീപിൻ്റെ ഭാവി എന്താണ്? കേരളവുമായുള്ള ബന്ധം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കൃത്യതയോടെയും വ്യക്തതയോടെയും നൽകാൻ ഈ പുസ്തകത്തിലൂടെ ഉല്ലേഖ് ശ്രമിക്കുന്നുണ്ട്. നവംബർ 29 മുതൽ ബുക്ക് സ്റ്റാളുകളിൽ ഈ പുസ്തകം ലഭ്യമായി തുടങ്ങും.

സ്കൂൾ വിദ്യാർഥിയായിരിക്കെ നാട്ടിലെ രാഷ്ട്രീയ ചർച്ചകളിലൂടെയും വായിച്ചുമൊക്കെ നേടിയ അറിവ്  ക്യൂബയെയും ഫിദൽ കാസ്ട്രോയെയുമൊക്കെ അടുത്തറിയാൻ അവിടേക്ക് നടത്തിയ യാത്ര ഗുണം ചെയ്തതായി എൻ പി ഉല്ലേഖ് കൈരളിന്യൂസ് ഓൺലൈനോട് പറഞ്ഞു. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കും സജീവമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ മലയാളികൾക്കിടയിൽ ക്യൂബയും കാസ്ട്രോയും ചിരപരിചിതരാകാൻ ഇടയാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിൽ ജനിച്ചു വളർന്ന തനിക്ക് ക്യൂബയുടെ ചരിത്രം, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയ ഇതിഹാസങ്ങൾ എന്നിവയിൽ ഇടതുപക്ഷ ജേർണലുകളിലൂടെയും ക്യൂബൻ കൃതികളുടെ മലയാളം വിവർത്തനങ്ങളിലൂടെയും നേടിയെടുത്ത അറിവുകളുണ്ടായിരുന്നു. ഇത് കൈമുതലാക്കിയാണ് ക്യൂബയെ അടുത്തറിയാനുള്ള യാത്ര നടത്തിയതെന്ന് ഉല്ലേഖ് പറയുന്നു. ബയോ ടെക്‌നോളജി, പബ്ലിക് ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽസ്, അഗ്രികൾച്ചർ എന്നീ മേഖലകളിൽ അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും പൊതുമേഖലയുടെ കരുത്തിൽ ക്യൂബ കൈവരിച്ച വലിയ മുന്നേറ്റങ്ങൾ ആ രാജ്യത്തിന്‍റെ ശരിയായ വളർച്ച വ്യക്തമാക്കുന്നതാണെന്ന് എൻ പി ഉല്ലേഖ് പറഞ്ഞു.

2023-ൽ പത്രപ്രവർത്തക വിസയിലാണ് താൻ ക്യൂബയിലേക്ക് പോയതെന്ന് ഉല്ലേഖ് പറയുന്നു. മാഡ് എബൗട്ട് ക്യൂബ എന്ന പുസ്തകം തന്‍റെ സന്ദർശനവും നിരീക്ഷണങ്ങളും രേഖപ്പെടുത്തുന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ, ക്യൂബയിലെ ഫാർമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ശാസ്ത്രജ്ഞർ, അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ, വിദ്യാർത്ഥികൾ, മറ്റ് പലരുമായും നടത്തിയ സംഭാഷണങ്ങളിലൂടെ, ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കൻ ഉപരോധങ്ങളെ നേരിടാൻ കഴിഞ്ഞ രാജ്യത്തിന്‍റെ ഏറ്റവും വസ്തുനിഷ്ഠമായ ചിത്രം വരച്ചുകാട്ടാൻ പുസ്തകത്തിനായിട്ടുണ്ട്.

കുട്ടിക്കാലം മുതൽക്കേ മനസിൽ ആഴത്തിൽ പതിഞ്ഞ ഒരു രാജ്യമാണ് ക്യൂബയെന്ന് ഉല്ലേഖ് പറയുന്നു. സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് ക്യൂബ മുന്നോട്ടുപോയത്. അക്കാലത്ത് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഡിവൈഎഫ്ഐയുമൊക്കെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഭക്ഷണവും വസ്ത്രവുമൊക്കെ ശേഖരിച്ച് ക്യൂബയിലേക്ക് എത്തിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം ചെറുപ്പമായിരിക്കുമ്പോൾ തന്നെ മനസിൽ അത്യധികം സ്വാധീനിച്ചവയാണ്. വിഖ്യാത കമ്മ്യൂണിസ്റ്റുകളായ ഫിദൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും ജീവിതം വായിച്ചറിഞ്ഞതുകൊണ്ടുതന്നെ ആവേശത്തോടെയാണ് ക്യൂബൻ യാത്ര നടത്തിയത്. എന്നാൽ അമേരിക്കയുടെ കടുത്ത നിയന്ത്രണങ്ങളെ ഇച്ഛാശക്തികൊണ്ട് അതീജിവിക്കുന്ന ഒരു ജനതയെയാണ് അവിടെ കാണാനായത്. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതുവിധേനെയും ദുർബലമാക്കി ഭരണം അട്ടിമറിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ഉല്ലേഖ് പറഞ്ഞു.

അമേരിക്കൻ ഉപരോധം ആഗോള ഉപരോധം പോലെ…

1959 ൽ ക്യൂബൻ വിപ്ലവത്തിന് ശേഷം അറുപതുകളുടെ തുടക്കം മുതൽ ക്യൂബയ്ക്കെതിരെ അമേരിക്ക ഉപരോധം ആരംഭിച്ചെങ്കിലും സോവിയറ്റ് യൂണിയന്‍റെ കരുത്തിലത് അതിജീവിക്കാനവർക്ക് സാധിച്ചു. എന്നാൽ യുഎസ്എസ്ആർ തകർന്നതിന് ശേഷമുള്ള മൂന്നര പതിറ്റാണ്ടോളം കാലവും അമേരിക്കൻ ഉപരോധത്തെ നേരിട്ടുതന്നെയാണ് ആ ജനത മുന്നോട്ടുപോയത്. ഒരുപക്ഷേ ലോക ചരിത്രത്തിൽ ആറു പതിറ്റാണ്ടോളം ഇത്തരത്തിലുള്ള ഉപരോധം നേരിട്ട മറ്റൊരു ജനത ഉണ്ടാകില്ലെന്നും ഉല്ലേഖ് പറഞ്ഞു. സോവിയറ്റ് യൂണിയനുണ്ടായിരുന്നപ്പോൾ ആ സഖ്യത്തിലുണ്ടായിരുന്ന രാജ്യങ്ങൾ ക്യൂബയുമായി വ്യാപാരബന്ധം പുലർത്തി. എന്നാൽ അതിനുശേഷം ക്യൂബയുമായി ഒരു രാജ്യവും വ്യാപാരം പുലർത്തിയിരുന്നില്ല. ക്യൂബൻ തീരത്ത് അറ്റകുറ്റപ്പണിക്കായി അടുക്കുന്ന കപ്പലുകൾക്ക് ആറുമാസത്തേക്ക് അമേരിക്ക തുറമുഖങ്ങളിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ക്യൂബയിൽനിന്ന് വാങ്ങിയ ഉൽപന്നങ്ങൾ ട്രാൻസിറ്റിലായിരുന്നിട്ടും അമേരിക്കയിലെ മിയാമി എയർപോർട്ടിൽവെച്ച് നശിപ്പിച്ചുകളയുന്ന അനുഭവം തനിക്കുണ്ടായെന്നും, അതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ വായിച്ചുകേൾപ്പിക്കുകയും ചെയ്തതായി ഉല്ലേഖ് പറയുന്നു.

Also Read- കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവ്, ക്യൂബയിലേത് വാക്സിൻ വിപ്ലവം

കേരളവും ക്യൂബയുമായുള്ള സാമ്യം

കേരളവുമായുള്ള ക്യൂബയ്ക്കുള്ള സാമ്യതയാണ് ഈ യാത്രയിൽ തന്നെ ആകർഷിച്ച മറ്റൊരു പ്രധാന കാര്യമെന്ന് ഉല്ലേഖ് പറയുന്നു. അതിൽ ഏറ്റവും ശ്രദ്ധേയം, നമ്മുടെ കണ്ണൂരിലെ ദിനേഷ് ബീഡി കമ്പനികളിൽ കണ്ടുവരുന്ന ഒരു രീതിയാണ്. അവിടെ ഒരാൾ പുസ്തകമോ ദിനപത്രമോ വായിച്ചുനൽകും. മറ്റുള്ളവർ അത് കേട്ടുകൊണ്ടാണ് ബീഡി തെറുപ്പ് ജോലി ചെയ്യുന്നത്. ഇതേ രീതി ക്യൂബയിലെ സിഗറ്റ് കമ്പനികളിലുണ്ട്. ഒരാൾ ക്ലാസിക്കൽ പുസ്തകങ്ങൾ വായിക്കും. അതുകേട്ട് മറ്റുള്ളവർ ജോലി ചെയ്യുന്നു. അതുപോലെ അവിടുത്തെ ഭൂപ്രകൃതിയും മറ്റും കേരളത്തിന് സമാനമാണ്. കൂടാതെ ഇവിടുത്തെ കായ വറുത്തതുപോലെയുള്ള ഭക്ഷ്യവിഭവങ്ങളും ക്യൂബയിലുണ്ടെന്ന് ഉല്ലേഖ് പറയുന്നു.

ആരോഗ്യത്തിലെ ക്യൂബൻ മോഡൽ

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ക്യൂബൻ സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. നൂറോളം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന മെഡിക്കൽ സർവകലാശാല ക്യൂബയിലുണ്ട്. അവിടുത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളും മികവുറ്റതാണ്. ആരോഗ്യമേഖലയിലെ ക്യൂബൻ മോഡൽ കേരളത്തിലെ ആരോഗ്യരംഗത്തെ പദ്ധതികളെ സ്വാധീനിച്ചിട്ടുള്ളവയാണെന്നും ഉല്ലേഖ് പറയുന്നു.

Also Read- ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ

ചെഗുവേരയുടെ ദീർഘവീക്ഷണം

ചെഗുവേരയെന്ന ധീരനായ വിപ്ലവകാരിയെയാണ് ലോകം അറിയുന്നത്. എന്നാൽ ചെഗുവേര എന്ന ദീർഘവീക്ഷണമുള്ള ഭരണാധികാരിയെക്കുറിച്ചും കൂടുതൽ മനസിലാക്കാൻ ഈ ക്യൂബൻ യാത്ര സഹായിച്ചതായി ഉല്ലേഖ് പറയുന്നു. അതിൽ ഏറ്റവും പ്രധാനം ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങൾക്കായി ചെഗുവേര നൽകിയ പ്രാധാന്യമായിരുന്നു. ആരോഗ്യമേഖലയിൽ ഉൾപ്പടെ ക്യൂബ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളതിനുള്ള കാരണക്കാരനായി ചെഗുവേരയുടെ ഈ ദീർഘവീക്ഷണം മാറിയിട്ടുണ്ടെന്നും ക്യൂബയിലെ ഈ രംഗത്തുള്ള വിദഗ്ദരുമായുള്ള സംഭാഷണത്തിൽനിന്ന് ബോധ്യമായി. ബയോടെക്നോളജി ഗവേഷണത്തിനായി ചെഗുവേര നടത്തിയിട്ടുള്ള ഇടപെടലിനക്കുറിച്ചുള്ള രേഖകളും കാണാനായെന്ന് ഉല്ലേഖ് പറയുന്നു.

Also Read- ‘വിശ്വമാനവികതയുടെ വിപ്ലവ നക്ഷത്രം’ ചെഗുവേരയുടെ ജന്മദിനം

ഫിദൽ കാസ്‌ട്രോയും മുരിങ്ങ കൃഷിയും

അമേരിക്കൻ ഉപരോധം തീർത്ത പ്രതിസന്ധിയെ കൂസാതെയാണ് ഫിദൽ കാസ്‌ട്രോ എന്ന വിപ്ലവകാരി കാലങ്ങളോളം ക്യൂബയെ നയിച്ചത്. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പൂർണമായും ഇല്ലാതാകുന്ന കാലത്ത് തന്‍റെ ജനതയുടെ പട്ടിണി മാറ്റാനും പോഷകാഹാരം ഉറപ്പാക്കാനും ആരോഗ്യപരിപാലനത്തിലുമൊക്കെ ബദൽ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മാത്രം വ്യക്തമാക്കാം. ക്യൂബൻ ജനതയ്ക്ക് പോഷകാഹാരം ഉറപ്പിക്കാൻ വ്യാപകമായി മുരിങ്ങ കൃഷി നടത്താനുള്ള പദ്ധതിയാണ് കാസ്‌ട്രോ ആവിഷ്ക്കരിച്ചത്. മുരിങ്ങ പൗഡർ മികച്ച പോഷകഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണെന്നതിനാലാണിത്. ഇത് നടപ്പാക്കാനായി ഒരു വിദഗ്ദസംഘത്തെ തന്നെ നിയോഗിച്ചു. അതിന് നേതൃത്വം നൽകിയ ശാസ്ത്രസംഘത്തെ നയിച്ചത് ഒരു വനിതയായിരുന്നു. അവർ ഇന്ത്യയിലെത്തി ഇതേക്കുറിച്ച് വിശദമായി പഠിക്കുകയുണ്ടായി. കോയമ്പത്തൂരിൽ നിന്ന് കൊണ്ടുപോയ മുരിങ്ങത്തൈയാണ് കൃഷി ചെയ്യാനായി ഉപയോഗിച്ചതെന്ന് ഉല്ലേഖ് പറയുന്നു.

പ്രകൃതിസമ്പത്ത് അമൂല്യം, പക്ഷേ…

സ്മാർട്ട് ഫോൺ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണ് കൊബാൾട്ട്. നിലവിൽ കോംഗോയിൽ നിന്നും മറ്റുമാണ് ഫോൺ നിർമാതാക്കൾ കൊബാൾട്ട് വാങ്ങുന്നത്. എന്നാൽ ക്യൂബയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം കാരണം അമൂല്യമായ കൊബാൾട്ട് നിക്ഷേപം വേണ്ട രീതിയിൽ ഉപയോഗിക്കാനാകാത്ത പ്രതിസന്ധിയിലാണ് ക്യൂബ. വലിയതോതിൽ നിക്കൽ നിക്ഷേപവും ക്യൂബയിലുണ്ട്. എന്നാൽ അതും വേണ്ട രീതിയിൽ വിനിയോഗിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും ഉല്ലേഖ് പറയുന്നു.

ഗർഭഛിദ്രം നടത്താനെത്തുന്ന ‘ക്യൂബാവിരുദ്ധർ’

ക്യൂബയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയശേഷം ക്യൂബൻ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരുണ്ട്. ഇവർ കൂടുതലായി തിങ്ങിപ്പാർക്കുന്നത് ഫ്ലോറിഡയിലാണ്. ഇവരെ തൃപ്തിപ്പെടുത്തുകയെന്ന ഉദ്ദേശവും അമേരിക്കയിലെ ഭരണാധികാരികൾക്കുണ്ട്. അതിനാലാണ് കാലാകാലങ്ങളായി ക്യൂബയ്ക്കെതിരായ ഉപരോധം തുടർന്നുവരുന്നത്. ക്യൂബൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഫ്ലോറിഡയിലെ ക്യൂബക്കാർ ഗർഭച്ഛിദ്രം നടത്താനായി ക്യൂബയിലെത്താറുണ്ട്. അവിടെ തീർത്തും സൗജന്യമായാണ് ഗർഭച്ഛിദ്രം നടത്തി അമേരിക്കയിലേക്ക് മടങ്ങുന്നത്. ക്യൂബയ്ക്കെതിരെ അമേരിക്കൻ ഭരണകൂടത്തിനൊപ്പം നിന്നവർ പിന്നീട് ക്യൂബയിലെത്തി, അവിടുത്തെ യാഥാർഥ്യം മറ്റൊന്നാണെന്ന് ബോധ്യപ്പെട്ട് പുസ്തകം രചിക്കുന്ന സംഭവങ്ങളും നിരവധിയുണ്ട്. കാസ്ട്രോയെ വധിക്കാനായി അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയയാൾ പിന്നീട് ക്യൂബയിലെത്തി പശ്ചാത്താപം അറിയിച്ചിട്ടുണ്ട്.

ലോകരാജ്യങ്ങൾക്ക് പുല്ലുവില

un-assemblyഐക്യരാഷ്ട്രസഭയിലെ ജനറൽ അസംബ്ലിയിൽ ക്യൂബയ്ക്കെതിരായ ഉപരോധം നീക്കണമെന്ന പ്രമേയം കഴിഞ്ഞ 32 വർഷമായി അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും മാത്രമാണ് ഈ പ്രമേയത്തെ എതിർക്കുന്നവർ. ഇന്ത്യയുൾപ്പടെ മറ്റെല്ലാ രാജ്യങ്ങളും ക്യൂബയ്ക്കെതിരായ ഉപരോധം നീക്കണമെന്ന നിലപാട് സ്വീകരിക്കുമ്പോഴും അതിന് പുല്ലുവില കൽപിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. 2016ൽ ബരാക്ക് ഒബാമ പ്രസിഡന്‍റായിരിക്കുമ്പോൾ മാത്രമാണ് നേരിയതെങ്കിലും ഒരു ഇടപെടൽ അമേരിക്കൻ ഭരണകൂടത്തിൽനിന്ന് ഉണ്ടായത്. എന്നാൽ അതുപോലും കണ്ണിൽപൊടിയിടുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ കൗശലമായിരുന്നുവെന്നത് വേറെ കാര്യം. ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്തെങ്കിലും ഉപരോധത്തിന്‍റെ കാര്യത്തിൽ ഒന്നും ചെയ്യാൻ ഒബാമ തയ്യാറായില്ല. ഫ്ലോറിഡയിലെ ക്യൂബൻ വിരുദ്ധരുടെ വോട്ട് ബാങ്കാണ് ഇവരുടെ ലക്ഷ്യം. ഒബാമ മാറി ട്രംപ് വന്നപ്പോഴേക്കും, എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, ഭീകരരെ സ്പോൺസർ ചെയ്യുന്നവരുടെ പട്ടികയിൽ ക്യൂബയെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് ഉല്ലേഖ് പറയുന്നു.

Also Read : ക്രൂരതയില്‍ കൊതിതീരാതെ… ഗാസയെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി ഇസ്രയേല്‍; ഭക്ഷണമെത്തിക്കുന്നതിനും വിലക്ക്

ഹൃദയവിശാലതയും നർമ്മബോധവും

ക്യൂബയിലെ ജനങ്ങളെക്കുറിച്ചും ഒരുപാട് പറയാനുണ്ടെന്ന് ഉല്ലേഖ് പറയുന്നു. വളരെയേറെ ഹൃദയവിശാലതയും നർമബോധവും കാത്തുസൂക്ഷിക്കുന്നവരാണ് ക്യൂബക്കാർ. കലാ-കായികരംഗത്തും ഉന്നത മികവ് കാട്ടുന്നവരാണ് ക്യൂബക്കാർ. കായികരംഗത്ത് ഉൾപ്പടെ ക്യൂബക്കാർ പ്രതിഭാധനരാണ്. കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ക്യൂബ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും ബോക്സിങ്ങിലൊക്കെ. ലോകനിലവാരമുള്ള ബോക്സർമാർ ക്യൂബയിലുണ്ട്. മികച്ച ഗുസ്തിതാരങ്ങളും ക്യൂബയിലുണ്ട്. ഈ വർഷം നടന്ന ഒളിംപിക്സിൽ ബോക്സിങ്ങിലും ഗുസ്തിയിലും ഓരോ സ്വർണം ഉൾപ്പടെ ഒമ്പത് മെഡലുകളാണ് ക്യൂബ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News