നീര്‍മാതളം കൊഴിഞ്ഞിട്ട് 14 വര്‍ഷം; മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പൂക്കുന്ന മെയ് 31

നീര്‍മാതളം കൊഴിഞ്ഞിട്ട് ഇന്ന് 14 വര്‍ഷം. ഒരു പെണ്ണ് പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍ പകര്‍ത്തിവച്ചതിന് സാക്ഷ്യം വഹിച്ചതിന് ശേഷമാണ് മാധവിക്കുട്ടിയെന്ന കമലാ സുരയ്യ നമ്മെ വിട്ടുപിരിഞ്ഞത്. എഴുത്തിലൂടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ജീവിച്ച് മരിച്ച എഴുത്തുകാരി ഇന്നും പലരുടെ മനസ്സില്‍ ജീവിക്കുകയാണ്.

ഇത്രയേറെ തീവ്രമായി, നിഷ്‌കളങ്കമായി കഥപറഞ്ഞു തന്ന മറ്റൊരു പെണ്ണെുഴുത്തുകാരി മലയാളത്തില്‍ കമലയ്ക്ക് മുന്‍പും ശേഷവും ഉണ്ടായിട്ടില്ല എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ഒരു പെണ്ണ് വിളിച്ചുപറയാന്‍ ആഗ്രഹിച്ചതും കൊതിച്ചതും ആരെയും പേടിക്കാതെ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞ മാധവിക്കുട്ടി പെണ്‍മനസ്സുകളുടെ അഭിമാനം തന്നെയായിരുന്നു. തന്റെ ജീവിതം എഴുത്തിലൂടെ വരച്ചുകാട്ടിയ മാധവിക്കുട്ടി ഒന്നിനെയും, ആരെയും ഭയക്കാതെ എല്ലാവര്‍ക്കും ധീരമായ മറുപടിയും മനോഹരമായ പുഞ്ചിരിയും നല്‍കി മലയാളികളുടെ മനസ്സില്‍ ജീവിച്ചു.

എതിര്‍ത്തവര്‍ക്കും കുത്തിനോവിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും കമലയുടെ തൂലിക മറുപടി നല്‍കിക്കൊണ്ടിരുന്നു. കൊല്‍ക്കത്തയിലെ നഗരജീവിതത്തിനിടയിലും മനസ്സുകൊണ്ട് പുന്നയൂര്‍കുളത്ത് ജീവിച്ച മാധവിക്കുട്ടി പുന്നയൂര്‍ക്കുളത്തെ തറവാട്ടു പറമ്പിലെ നീര്‍മാതളത്തിന്റെ ഗന്ധം ലോകത്തിന് പരിചയപ്പെടുത്തി.

കൃഷ്ണബിംബത്തെ അല്ലാഹുവിലേയ്ക്ക് മാറ്റി മാധവിക്കുട്ടി കമല സുരയ്യയായത് വലര്‍ക്കും വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ ക‍ഴിഞ്ഞില്ല. അവരുടെ എ‍ഴുത്തുകളെ  വെറുത്ത സധാചാര ബോധക്കാര്‍ കമല സുരയ്യ എന്ന പേരുപറഞ്ഞായി അടുത്ത കുറ്റപ്പെടുത്തലുകള്‍.

സമൂഹികവിമര്‍ശനങ്ങള്‍ക്കൊന്നും കമലയുടെ ഉറച്ച മനസ്സിനെ ലവലേശം ഭയപ്പെടുത്തിയല്ല. അതോടെ കമലാദാസ് എന്ന് പുറം ലോകവും മാധവിക്കുട്ടിയെന്ന് മലയാളികളും സ്നേഹത്തോടെ അവരെ വിളിച്ചു.

എഴുത്തുകാരിയുടെ ഓര്‍മ്മകള്‍ മലയാളിയുടെ മുറ്റത്ത് വലിയ നൊമ്പരവും സ്നേഹവും സന്തോഷവും ആശ്വാസവുമായി നിലകൊളളുക തന്നെ ചെയ്യും. കഥകളുടെ ലോകത്തുനിന്ന് മടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നീര്‍മാതളത്തിന്റെ സുഗന്ധം പേറി മാധവിക്കുട്ടി ഇന്നും പല മനസ്സുകളില്‍ ജീവിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News