ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. എ.എന്‍.ഐ പുറത്തുവിട്ട റിപ്പോർട്ടിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വീണ്ടും വിദ്വേഷ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അനധികൃത നിര്‍മാണമായത് കൊണ്ടാണ് വീടുകള്‍ പൊളിച്ച് മാറ്റിയതെന്നാണ് സംഭവത്തിൽ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്ച അനിപാല്‍ ഗുര്‍ജാര്‍ എന്നയാൾ ഒരു പരാതി നൽകിയിരുന്നു. മൊറേനയിലെ നൂറാബാദ് ഗ്രാമത്തില്‍ ഏതാനും പേര്‍ പശുവിനെ അറക്കുന്നത് താന്‍ കണ്ടെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘം തന്നെ ആക്രമിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇതിനെ തുടർന്ന് പൊലീസ് ഒൻപത് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം കശാപ്പ് നടന്നതായി പറയപ്പെടുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെന്നും, ഇവരുടെ വീട്ടില്‍ നിന്ന് പശുവിന്റെ തോലും രണ്ട് ചാക്ക് എല്ലുകളും മാംസവും ലഭിച്ചെന്നും പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് ഗോഹത്യയുടെ പേരില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ ഉള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ഇവരുടെ അറസ്റ്റിന് പിന്നാലെ കുറ്റാരോപിതരുടെ ഗ്രാമത്തില്‍ ജില്ലാ ഭരണകൂടം സര്‍വെ നടത്തുകയും തുടര്‍ന്ന് ഒരു സംഘമെത്തി ഇവരുടെ വീടുകള്‍ പൊളിച്ച് മാറ്റുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുറ്റകൃത്യം ചെയ്താൽ തന്നെ വീട് പൊളിച്ച് കളയുക എന്ന ശിക്ഷ നിലനിൽക്കാത്ത ഒരു രാജ്യത്ത് ഭരണകൂടം തന്നെ നേരിട്ട് ഇത്തരത്തിൽ ഇടപെടുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here