വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാര്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ക്കായി സമയം നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭര്‍ത്താവിന്റെ പാതി സ്വത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി. ഇരുപത്തിനാലു മണിക്കൂര്‍ ജോലിയാണ് വീട്ടമ്മമാരുടേതെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പറഞ്ഞു.
ഭര്‍ത്താവ് സ്വന്തം പണം കൊണ്ടു വാങ്ങുന്ന സ്വത്തിന് വീട്ടമ്മയായ ഭാര്യയ്ക്ക് തുല്യ അവകാശമുണ്ട്. കുടുംബം നോക്കുന്ന ഭാര്യയുടെ പിന്തുണയില്ലാതെ ഭര്‍ത്താവിന് അത്രയും പണം സ്വരൂപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്വത്ത് ഭര്‍ത്താവിന്റെയോ അല്ലെങ്കില്‍ ഭാര്യയുടെയോ പേരിലായിരിക്കാം വാങ്ങിയത്. എന്നാല്‍ അതിനുള്ള പണമുണ്ടാക്കിയത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും തുല്യമായ പ്രയത്‌നത്താലാണ്- കോടതി പറഞ്ഞു.
അച്ഛന്റെ സ്വത്തില്‍ അമ്മയ്ക്കു പാതി അവകാശം നല്‍കുന്നതിന് എതിരെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇവര്‍ക്കെതിരെ അവിഹിത ബന്ധം ആരോപിച്ചിരുന്നു. തന്റെ സ്വത്ത് ഭാര്യ ധൂര്‍ത്തടിച്ചെന്നും ഇയാള്‍ ആരോപിച്ചു. ഇയാള്‍ മരിച്ചതിനു ശേഷം മക്കള്‍ കേസ് തുടര്‍ന്നു നടത്തുകയായിരുന്നു.
also read; ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി; യുവാവിന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here