അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ എഫ്ഐആർ ചോർന്ന സംഭവത്തിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചെന്നൈ പൊലീസ് കമ്മീഷണർ ഡോ അരുൺ ഐപിഎസിന് എതിരെയാണ് നടപടി എടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. തുടർന്ന് കേസ് അന്വേഷണത്തിനായി വനിതാ ഐപിഎസ് ഉദ്യോസ്ഥരുള്ള അന്വേഷണ സംഘം രൂപീകരിക്കാനും കോടതി നിർദേശം നൽകി.
ഇക്കഴിഞ്ഞ ഡിസംബർ 23ന് രാത്രി 8 മണിയോടെയാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പള്ളിയിൽ പോയി മടങ്ങി വന്ന പെൺകുട്ടിക്കെതിരെ കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)ൻ്റെ നേതൃത്വത്തിലുള്ള സംഘം ക്രൂര പീഡനം നടത്തുകയായിരുന്നു.
പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷമായിരുന്നു പീഡനം. സംഭവത്തെ തുടർന്ന് ജ്ഞാനശേഖരനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. കോട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
രണ്ട് പേർ ചേർന്ന് സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർഥിനി നൽകിയ മൊഴി. എന്നാൽ, പ്രദേശത്തെ 30 ഓളം സിസിടിവികൾ പരിശോധിച്ച് സംഭവത്തിൽ ഒരാൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, കേസിൽ ഒരു പ്രതി മാത്രമേ ഉള്ളൂവെന്ന എഫ്ഐആറിലെ പരാമർശം മുൻവിധി സൃഷ്ടിക്കുന്നതാണെന്നും എഫ്ഐആറിലെ ഭാഷ ഞെട്ടിപ്പിക്കുന്നതും അപലപനീയവും ആണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കുകയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here