മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡി സഖ്യം ധാരണയിലായി. കോൺഗ്രസ്സ് 105 സീറ്റുകളിൽ മത്സരിക്കും. താക്കറെ പക്ഷം ശിവസേന 95 , എൻ സി പി ശരദ് പവാർ വിഭാഗം 84 കൂടാതെ ചെറുകക്ഷികൾക്ക് 4 സീറ്റ് എന്നിങ്ങനെയാണ് തീരുമാനം.
മഹായുതിയിൽ ബിജെപി 152 മുതൽ 155 സീറ്റുകളിൽ മത്സരിക്കാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ശിവസേന ഷിൻഡെ വിഭാഗം 78 മുതൽ 80 സീറ്റുകളിലും എൻ സി പി അജിത് പക്ഷം 52 മുതൽ 54 സീറ്റുകളിലും മത്സരിച്ചേക്കും. അന്തിമ ചർച്ചയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.മഹാ വികാസ് അഘാഡി സഖ്യത്തിൽ ഏതാനും ദിവസങ്ങളായി തുടരുന്ന തർക്കങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് അന്തിമ തീരുമാനത്തിലെത്തിയത്. എൻ സി പി അധ്യക്ഷൻ ശരദ് പവാർ , ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എന്നിവരടക്കമുള്ള നേതാക്കളുമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനത്തിലെത്തിയത്. വിദർഭ മേഖലയെ ചൊല്ലിയായിരുന്നു കോൺഗ്രസ് ശിവസേന തർക്കം നില നിന്നിരുന്നത്. മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഉദ്ധവ് വിഭാഗം നിലപാടിൽ അയവ് വരുത്തിയും മുംബൈയിലെ സീറ്റുകളിൽ ചിലത് കോൺഗ്രസ് വിട്ടു നൽകിയുമാണ് പരിഹാരം കണ്ടത്.
ALSO READ; വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം അവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മഹാ വികാസ് അഘാഡി സഖ്യം.മഹായുതിയിൽ ബിജെപി 99 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പുറകെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ 45 സ്ഥാനാർഥികളുടെ ലിസ്റ്റും പുറത്ത് വിട്ടു. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും മത്സര രംഗത്തുണ്ട്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുവാനാണ് എംഎൻഎസ് തീരുമാനം . മകൻ അമിത് താക്കറെ അടക്കം 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് രാജ് താക്കറെ പുറത്ത് വിട്ടത്. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പുകളിൽ എംഎൻഎസ് ഓരോ സീറ്റ് വീതം നേടിയിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here