ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ജാർഖണ്ഡിലെ മഹാറാലി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ബിജെപിയെ പുറത്താക്കി രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ശേഷം നടന്ന മഹാറാലി പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി പ്രകടമായി മാറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ ജെഡി നേതാവ് തേജസ്വി യാദവ്, അഖിലേഷ് യാദവ്, ഫറൂഖ് അബ്ദുള്ള, സഞ്ജയ് സിംഗ് എം പി, ഭഗവന്ത് മൻ തുടങ്ങി പ്രതിപക്ഷ നിരയിലെ നേതാക്കൾ റാലിയിൽ പങ്കെടുത്തു. ഇവർക്കൊപ്പം കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും റാലിയുടെ ഭാഗമായി . അതേസമയം ആരോഗ്യ പ്രശ്നങ്ങൾ കാരണം രാഹുൽ ഗാന്ധിയും, തിരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാൽ സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരിക്കും റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഇന്ത്യ സഖ്യ നേതാക്കൾ റാലിയിൽ ഉയർത്തിയത്. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും തിഹാർ ജയിലിൽ ഇൻസുലിൻ നൽകാതെ കേജരിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സുനിത കേജരിവാൾ ആരോപിച്ചു.
ALSO READ: ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ട്; പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി
ബിജെപിയെ പുറത്താക്കു രാജ്യത്തെ ജനാധിപതൃത്തെ സംരക്ഷിക്കൂ എന്ന് തേജസ്വി യാദവ് ആഹ്വാനം ചെയ്തു. ജയിലിൽ കഴിയുന്ന ഹേമന്ത് സോറന്റെ സന്ദേശം കല്പന സോറൻ വേദിയിൽ വായിച്ചു. അന്വേഷണം ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന് ഹേമന്ത് സോറൻ കത്തിൽ ചൂണ്ടികാട്ടി. മേയ് 13 മുതൽ ജൂൺ 1 വരെ 4 ഘട്ടങ്ങളിലായാണു ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ്. റാഞ്ചിയിലെ പ്രഭാത് താര മൈതാനിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. ദില്ലിക്ക് പിന്നാലെ ജാർഖണ്ഡിലും മഹാ റാലിക്ക് വലിയ ജന പിന്തുണ ലഭിച്ചത് ഇൻഡ്യ സഖ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here