മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. ജാര്‍ഖണ്ഡില്‍ എന്‍ഡിഎ, ഇന്ത്യസഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയായി. ഇരു മുന്നണികളും സ്ഥാനാര്‍ത്ഥി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ജാര്‍ഖണ്ഡില്‍ ഇന്ന് മുതല്‍ ആദ്യ ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി.
ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണയായി. ജെഎംഎമ്മിന് 43, കോണ്‍ഗ്രസിന് 29, ആര്‍ജെഡിക്ക് 5, സിപിഐ എംഎല്‍ 4 സീറ്റില്‍ മത്സരിക്കാനാണ് ധാരണ. എന്‍ഡിഎ സഖ്യവും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ബിജെപി 68 സീറ്റില്‍ മത്സരിക്കും. AJSU 10 സീറ്റ് നല്‍കി. JDU രണ്ട് സീറ്റിലും LJP ഒരു സീറ്റിലും മത്സരിക്കും.
മഹാരാഷ്ട്രയില്‍ 150 സീറ്റുകളിലാണ് ബിജെപി മത്സരത്തിന് ഒരുങ്ങുന്നത്. 15,16 തിയതികളില്‍ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയും ഞായറാഴ്ചയോടെ വ്യക്തമാകും. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം 200 സീറ്റുകളില്‍ ധാരണയായതായി എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ വ്യക്തമാക്കി. അതേസമയം സമാജ്‌വാദി പാര്‍ട്ടി 12 സീറ്റുകള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
Also Read; എ ഡി എമ്മിന്‍റെ മരണം: സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ
ഹരിയാനയിലെ തിരിച്ചടിയെ തുടര്‍ന്ന് സഖ്യകക്ഷികളുമായി വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. മറാട്ടാ സംവരണ വിഷയമടക്കം കത്തി നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ജാതി സെന്‍സസ് മുന്നോട്ട് വെയ്ക്കുന്നത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ നീക്കം ചെയ്തെന്നാരോപിച്ച് പിസിസി അദ്ധ്യക്ഷന്‍ നാന പട്ടോളെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here