മഹാരാഷ്ട്രയിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിലെ ആവേശം കെട്ടടങ്ങിയതോടെ മുംബൈ അടക്കമുള്ള പോളിങ് ബൂത്തുകളിൽ തിരക്ക് കുറഞ്ഞു. ആദ്യത്തെ രണ്ടു മണിക്കൂറിൽ 6.6% വോട്ടിംഗ് രേഖപ്പെടുത്തി. എന്നാൽ 10 മണിക്ക് ശേഷം മുംബൈയിലെ പല ബൂത്തുകളിലും ആളൊഴിഞ്ഞു. അതേസമയം മഹായുതിയിലെ വിമത സ്ഥാനാർഥിയും ഷിൻഡെ സേന സ്ഥാനാർഥിയും തമ്മിൽ ഏറ്റു മുട്ടി.
മഹാരാഷ്ട്രയിൽ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യമെത്തി സമ്മതിദാനം രേഖപ്പെടുത്തിയവരിൽ രാഷ്ട്രീയ സിനിമാ കായിക മേളയിലെ പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. പത്തു മണിക്ക് ശേഷം ചൂട് കനത്തതോടെ ബൂത്തുകളിൽ തിരക്ക് കുറഞ്ഞു. എന്നിരുന്നാലും കന്നി വോട്ടർമാരുടെ ആവേശത്തിന് ബൂത്തുകൾ സാക്ഷിയായി.വൈകീട്ട് നാലു മണിയോടെ കൂടുതൽ പോളിങ് രേഖപ്പെടുത്തുമെന്നാണ് കണക്ക് കൂട്ടൽ.
രണ്ടു പ്രധാന മുന്നണികളാണ് വാശിയേറിയ പ്രചാരണ പരിപാടികളുമായി ഇക്കുറി തിരഞ്ഞെടുപ്പിനെ കനത്ത മത്സരവേദിയാക്കിയത്. വോട്ടർമാരെ വലിയ തോതിൽ ബൂത്തുകളിലെത്തിച്ച് ഇക്കുറി പോളിങ് ശതമാനം ഉയർത്താൻ കഴിയുമെന്ന കണക്കുകൂട്ടലുകൾ പിഴക്കുമോ എന്ന ആശങ്കയിലാണ് ഇരു മുന്നണികളും.
അതേസമയം നന്ദ്ഗാവിൽ ശിവസേന ഷിൻഡെ സ്ഥാനാർത്ഥി സുഹാസ് കാണ്ഡെ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർത്ഥി സമീർ ഭുജ്ബലിന്റെ അണികളും തമ്മിൽ ഏറ്റുമുട്ടി. എൻസിപി നേതാവ് ചഗൻ ഭുജ്ബലിൻ്റെ അനന്തരവൻ സമീർ മത്സരിക്കുന്ന മണ്ഡലത്തിൽ മഹായുതി കാണ്ഡെയെ മത്സരിപ്പിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ എത്തിച്ചത്.
Also read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഈ ആറ് നേതാക്കള്‍ക്ക് നിര്‍ണായകം
മുൻ മന്ത്രി നവാബ് മാലിക് അടക്കം ഒട്ടെറെ വിമതരും സ്വതന്ത്രരും ഇക്കുറി തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുകയാണ്. സ്വതന്ത്ര സ്ഥാനാർഥികൾ ഫലം അട്ടിമറിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വൈകിട്ട് ആറു മണിവരെയാണ് പോളിങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here