മഹാരാഷ്ട്രയിൽ അനിശ്ചിതത്വം തുടരുന്നു; ഏക്‌നാഥ് ഷിൻഡെയുടെ തീരുമാനം കാത്ത് മഹായുതി സഖ്യം

eknath shinde

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ സ്വാധീനമുള്ള ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറയുമ്പോഴും മറാഠ സമുദായത്തിൽ സ്വാധീനമുള്ള ഷിൻഡെയെ കൂടെ നിർത്താനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്.

ഇന്ന് ജന്മനാട്ടിൽ നിന്ന് മടങ്ങിയെത്തുന്ന ഷിൻഡെയുടെ തീരുമാനം നിർണായകമായിരിക്കും. മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചതോടെ ഏക്‌നാഥ് ഷിൻഡെയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മഹായുതി സഖ്യം.

ALSO READ; സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ

ഷിൻഡെ മന്ത്രിസഭയുടെ ഭാഗമാകുമോ, പുറത്ത് നിന്ന് പിന്തുണച്ച് പിൻസീറ്റ് എടുക്കുമോ തുടങ്ങിയ ആശങ്കകൾ ശിവസേനയിലെ എംഎൽഎമാരിലും പ്രകടമാണ്. നാൽപ്പതോളം എംഎൽഎമാർ മാതൃസംഘടനയെ നെടുകെ പിളർത്തിയാണ് ഷിൻഡെയോടൊപ്പം ചേർന്നത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ പ്രതീക്ഷയോടെ കാത്തിരുന്നവർക്കെല്ലാം നിരാശയായിരുന്നു ഫലം. ഇക്കുറിയും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടാൻ ഇവരൊന്നും മടിച്ചേക്കില്ല.

അതുകൊണ്ട് തന്നെ കൂടെയുള്ള എംഎൽഎമാർക്ക് പരമാവധി സ്ഥാനങ്ങൾ നേടി കൊടുക്കാൻ ഇക്കുറി ഷിൻഡെ ശ്രമിക്കും. മഹായുതി നേതൃത്വം തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കാനുള്ള സന്നദ്ധത ഏകനാഥ് ഷിൻഡെ സൂചിപ്പിച്ചിരുന്നെങ്കിലും ഷിൻഡെ ജന്മനാട്ടിലേക്ക് മുങ്ങിയത് നിരാശനായത് കൊണ്ടാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കം പറച്ചിൽ.

ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

അതെ സമയം എൻസിപി നേതാവ് അജിത് പവാർ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നാണ് അടിവരയിടുന്നത്. മഹായുതി സഖ്യകക്ഷികളിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും അജിത് പവാർ വ്യക്തമാക്കി. ഏകനാഥ് ഷിൻഡെ ചർച്ചകളിൽ നിന്ന് പിൻമാറിയെങ്കിലും സർക്കാർ രൂപീകരണ നടപടികളിൽ ബിജെപിയുടെ നിയന്ത്രണം തർക്കമില്ലാതെ തുടരുകയാണ്. മഹാരാഷ്ട്രയിൽ രാഷ്ട്രീയ സാന്നിധ്യവുമുള്ള ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

എന്നിരുന്നാലും, രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അനുവർത്തിച്ച തീരുമാനവും ചർച്ചയാകുന്നുണ്ട്. അങ്ങിനെയെങ്കിൽ ഒരു പുതിയ മറാത്ത സമുദായ നേതാവിനെ തിരഞ്ഞെടുത്ത് ജാതി രാഷ്ട്രീയം ഉപയോഗിക്കാനും ബിജെപി ശ്രമിച്ചേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് മഹായുതി സഖ്യത്തിന്‍റെ സ്ഥിരതയും ഐക്യവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും തിരശ്ശീലയ്ക്ക് പിന്നിൽ രാഷ്ട്രീയ കരുനീക്കം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News