മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ തോ സേഫ് ഹൈ” അഥവാ ഒരുമിച്ചു നിന്നാൽ സുരക്ഷിതം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ച മഹായുതിക്ക് പക്ഷേ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ചയായിട്ടും ഒരുമിച്ചൊരു തീരുമാനമെടുക്കാൻ കഴിയാതെ പരക്കം പായുകയാണ്.
അമിത് ഷായുമായി ഭരണമുന്നണിയിലെ മൂന്ന് പ്രധാന നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ട്രയിലെ അധികാരം പങ്കിടൽ ധാരണക്ക് അമിത് ഷാ ഏകദേശ രൂപം നൽകിയതായാണ് കരുതുന്നത്. അതെ സമയം മുഖ്യമന്ത്രി സ്ഥാനം അന്തിമമാക്കാൻ മഹായുതി സഖ്യം വീണ്ടും മുംബൈയിൽ ചേരുമെന്നും ഈ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ഷിൻഡെ പറയുന്നു.
also read; മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിൽ വിള്ളൽ; ഉദ്ധവ് താക്കറെ സഖ്യം വിട്ടേക്കും
ശനിയാഴ്ച മുംബൈയിൽ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ ബിജെപി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി നിയമിച്ചാൽ ആഭ്യന്തര വകുപ്പും ഫഡ്നാവിസ് നിലനിർത്തും, ധനകാര്യം എൻസിപിയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയ്ക്ക് പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകൾ ലഭിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനം ഫഡ്നാവിസിന് കൊടുക്കുന്നതിൽ വിരോധമില്ലെന്ന് ഷിൻഡെ നിലപാട് വ്യക്തമാക്കിയെങ്കിലും സർക്കാരിൽ ഉപമുഖ്യമന്ത്രിയായി തുടരാൻ താല്പര്യമില്ലെന്നാണ് തുറന്നടിച്ചത്. ഇത് ബിജെപിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സഖ്യം ഒരുമിച്ചല്ലെന്ന തെറ്റായ സന്ദേശം ഷിൻഡെയുടെ നിലപാട് നൽകിയേക്കുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കളുടെയും ആവലാതി.
എന്നാൽ ആഭ്യന്തരം, പൊതുമരാമത്ത് അടക്കമുള്ള പ്രധാന വകുപ്പുകളാണ് പ്രധാന പദവിയിൽ നിന്ന് പടിയിറങ്ങാൻ ഷിൻഡെ ആവശ്യപ്പെടുന്നത്. ആഭ്യന്തരം വിട്ട് നൽകാൻ ബിജെപി തയ്യാറുമല്ല. ഡൽഹിയിൽ ഇന്നലെ അജിത് പവാർ ഗ്രൂപ്പ് നേതാക്കളുമായി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ചർച്ചയും, പാർട്ടി എംപിമാരുമായി ഷിൻഡെയുടെ ചർച്ചയും, ആഭ്യന്തരമന്ത്രി ഷായുമായുള്ള കൂടിക്കാഴ്ച്ചയുമായി രാത്രി വൈകുവോളം വിവിധ യോഗങ്ങൾ നടന്നിട്ടും ഒരുമിച്ചൊരു തീരുമാനമെടുക്കാൻ കഴിയാതെ വലയുകയാണ് ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here