മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ സ്ഥാനം രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിച്ച് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്.
മഹാരാഷ്ട്രയിൽ മഹായുതി തൂത്ത് വാരിയ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാ വികാസ് അഘാഡി ക്യാമ്പിലെ നേതാക്കളെല്ലാം അസ്വസ്ഥരാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ നാനാ പട്ടോലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.
Also read: കാത്തിരിക്കുന്നത് വന്‍ പിഴ; ആസ്തി വെളിപ്പെടുത്താന്‍ ഇനി ഏതാനും ദിവസം മാത്രം
ദേശീയ പാർട്ടിയായ കോൺഗ്രസിനാണ് തെരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ തിരിച്ചടിയായത്. മഹാരാഷ്ട്രയിൽ 16 സീറ്റുകളിൽ ഒതുങ്ങി പോയ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായി. കോൺഗ്രസിൻ്റെ വൻ തോക്കുകളുടെ വലിയ തോൽവിയും കോൺഗ്രസിന് കനത്ത പ്രഹരമായി. രാജ്യത്ത് കോൺഗ്രസ് സാധാരണക്കാരിൽ നിന്നും അകലുകയാണെന്നും മഹാരാഷ്ട്രയിൽ പ്രകടമായത് അതാണെന്നും പരക്കെ വിമർശനങ്ങൾ ഉയരാൻ തുടങ്ങി. കോൺഗ്രസ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണാതെ പോയതും തോൽവിയുടെ ആഘാതം കൂട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ കൂടുതൽ പ്രചാരണ യോഗങ്ങളിൽ സജീവമായിരുന്നപ്പോൾ രാഹുൽ ഗാന്ധിയും പ്രയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കൾ കുറച്ച് റാലികളിൽ മാത്രമാണ് സാന്നിധ്യമറിയിച്ചത്. ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് പ്രചാരണ യോഗങ്ങളിൽ നിറഞ്ഞത്. എന്നാൽ ജനങ്ങളെ ആത്മവിശ്വാസത്തിലെടുക്കാൻ കോൺഗ്രസിന് കഴിയാതെ പോയി.
Also read: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പിന്തുണച്ച് എൻസിപി
കഴിഞ്ഞ പത്ത് മാസമായി മഹാരാഷ്ട്രയിലെ പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിച്ച് രമേശ് ചെന്നിത്തല പോലും പരാജയത്തെ വിലയിരുത്താനാകാതെ വലയുകയാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നേട്ടം ആവർത്തിക്കാൻ നിയസഭ തെരഞ്ഞെടുപ്പിന് കഴിയാതെ പോയത് ഗൗരവപരമായി ചർച്ച ചെയ്യുമെന്ന് എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് പ്രതികരിച്ചു. സീറ്റ് വിഭജനത്തിലും ക്രോഡീകരണത്തിലും പാകപ്പിഴകൾ സംഭവിച്ചുവെന്നും ജോജോ പറയുന്നു.
കോൺഗ്രസിന്റെ 65 തെരഞ്ഞെടുപ്പ് റാലികളിൽ സജീവമായിരുന്ന സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ 108 വോട്ടുകൾക്കാണ് കഷ്ടിച്ച് ജയിച്ചത്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ നാൽപ്പതിനായിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മുതിർന്ന കോൺഗ്രസ്സ് നേതാവ് ബാലാസാഹേബ് തോറാട്ടിന്റെ പരാജയവും പാർട്ടിക്കേറ്റ വലിയ തിരിച്ചടിയാണ്. ഇതോടെ പാർട്ടിയുടെ ഭാവി തന്നെ തുലാസിൽ തൂങ്ങുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട വലിയൊരു വിഭാഗം എം എൽ എ മാർ അസ്വസ്ഥരാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here