മഹാരാഷ്ട്രയിൽ ഇരുമുന്നണികളും സീറ്റ് വിഭജനത്തിൽ ധാരണയായി. ഇന്ന് നടന്ന നിർണായക യോഗത്തിൽ മഹാവികാസ് അഘാഡി സഖ്യം ധാരണയായതായാണ് റിപ്പോർട്ട്. കോൺഗ്രസ് 110 -115 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 90-95 സീറ്റുകളിലും ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി 75-80 സീറ്റുകളിലും മത്സരിക്കുവാനാണ് ധാരണയായത്. മഹാവികാസ് അഘാഡി സഖ്യം സീറ്റ് വിഹിതത്തിൽ കോൺഗ്രസ് ഒന്നാം സ്ഥാനത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, പാർട്ടി 13 സീറ്റുകൾ നേടി മുന്നിലെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഉദ്ധവ് സേനയുടെ 9 സീറ്റുകൾ. ഉദ്ധവ് താക്കറെ 120-125 സീറ്റുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന 124 സീറ്റുകളിൽ മത്സരിച്ചിരുന്നു.
2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച മഹാവികാസ് അഘാഡി സഖ്യം ബിജെപി, ഷിൻഡെ ശിവസേന, അജിത് പവാർ എൻ സി പി എന്നിവരുൾപ്പെടുന്ന മഹായുതി സഖ്യത്തെ പരാജയപ്പെടുത്തി അധികാരം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മഹാ വികാസ് അഘാഡി സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് 17 ൽ 13 സീറ്റും നേടിയപ്പോൾ ശിവസേന (യുബിടി) 21ൽ 9 സീറ്റും നേടിയിരുന്നു.
ALSO READ; കൂറുമാറ്റം ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അതേസമയം, മഹായുതിയും സീറ്റ് വിഭജനത്തിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപി 152-155 സീറ്റുകളിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷ. ഏകനാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 78-80 സീറ്റുകളും എൻസിപി വിഭാഗത്തിന് 52-54 സീറ്റുകളും ലഭിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ നടന്ന യോഗത്തിലാണ് അന്തിമ ധാരണയായത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. വോട്ടെണ്ണൽ നവംബർ 23 നാണ് നിശ്ചയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here