മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബദൽ നീക്കങ്ങൾ സജീവമാക്കി മഹാവികാസ് അഘാഡി

MAHA VIKAS AGHADI

മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണത്തുടർച്ചയാണ് അവകാശപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് മഹാവികാസ് അഘാഡിയുടെ കരുനീക്കങ്ങൾ.ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ ചാണക്യനായ ശരദ് പവാർ.

സർക്കാർ രൂപീകരണത്തിൽ സ്വതന്ത്രരും വിമതരുമായ സ്ഥാനാർത്ഥികളുടെ റോൾ നിർണയമാകുമ്പോഴാണ് മഹാവികാസ് അഘാഡിയുടെ അനുനയ നീക്കങ്ങൾ മഹായുതിക്ക് വെല്ലുവിളിയാകുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിച്ച മൊത്തം 4136 സ്ഥാനാർഥികളിൽ 2087 പേരും വിമതർ ഉൾപ്പെടുന്ന സ്വതന്ത്രരാണ്.അത് കൊണ്ട് തന്നെ ഫലം പുറത്ത് വരുന്നതിന് മുൻപ് തന്നെ അണിയറയിൽ ബദൽ നീക്കങ്ങളും സജീവം.

ഈ തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന സ്വതന്ത്രരും വിമതരുമായ സ്ഥാനാർത്ഥികളാകും കിംഗ് മേക്കേഴ്സ്. സർക്കാർ രൂപീകരിക്കാൻ വേണ്ട കണക്കു കൂട്ടലുകളുടെ തിരക്കിലാണ് ഇരു മുന്നണിയും.വിചിത്ര സഖ്യങ്ങളുടെ വിള നിലമായ മഹാരാഷ്ട്രയിൽ മുന്നണി സമവാക്യങ്ങൾ തന്നെ മാറി മറിയാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

മഹാവികാസ് അഘാഡിയുടെ മുതിർന്ന നേതാക്കൾ വിമതരുമായി ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മറാഠയിലെ ശക്തനായ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി നടത്തിയ ചർച്ചകൾ എക്‌സിറ്റ് പോളുകളുടെ പ്രവചന പരിധിക്ക് അപ്പുറമാണ്. ജയിച്ചാലും മുഖ്യമന്ത്രിപദം അകലെയായ ഷിൻഡെ പക്ഷവും തിരയുന്നത് ബദൽ നീക്കങ്ങളുടെ സാധ്യതകളാണ്.

ഇന്നലെ വൈകിട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്‌പൂർ ആർ എസ് എസ് കാര്യാലയത്തിലെത്തി മോഹൻ ഭഗവതിനെ കണ്ടിരുന്നു .സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വിമതനീക്കം നടത്തിയ വിജയിക്കാവുന്ന സ്ഥാനാർഥികളെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമങ്ങളും സജീവമാണ്.

കോൺഗ്രസിൽ നിന്ന് ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാൻ, എൻസിപി ശരദ് പവാറിൻ്റെ പാർട്ടിയിൽ നിന്ന് ജയന്ത് പാട്ടീൽ എന്നിവർ വിമത സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ടു ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ സർക്കാർ രൂപീകരണത്തിൽ സ്വതന്ത്രരും വിമതരുമായ സ്ഥാനാർത്ഥികളുടെ പങ്ക് നിർണായകമായ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ജാഗ്രതയോടെയാണ്‌ കരു നീക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ രണ്ടര വർഷം മുൻപുണ്ടായ രാഷ്ട്രീയ നാടകങ്ങളുടെ രണ്ടാം ഭാഗം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് വോട്ടർമാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News