മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിച്ച് പരസ്പരം പോരാടുന്നതിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകും. ഉദ്ധവിന്റെ ശിവസേനയും ഷിന്‍ഡെയുടെ ശിവസേനയും കൂടാതെ രാജ്താക്കറെയുടെ മഹാനിര്‍മ്മാണ്‍ സേനയും തമ്മിലുള്ള മത്സരം മുംബൈ നഗരത്തെ സേനകളുടെ പോരാട്ട ഭൂമിയാക്കി മാറ്റും.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ഇലക്ഷനെ നേരിടുന്നത് ഹരിയാനയിലെ കനത്ത തോല്‍വിയിലുള്ള ആത്മവിശ്വാസമില്ലാതെയാണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലുണ്ടായ കനത്ത തിരിച്ചടി വേട്ടയാടുന്ന ബിജെപി സഖ്യത്തിനും അനുകൂല ഘടകങ്ങളില്ലെന്നതിന് തെളിവായിരുന്നു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍. ഇവിടെയാണ് മറാഠ വോട്ടുകള്‍ ഇരുമുന്നണികളിലും ഏറെ നിര്‍ണായകമാകുന്നത്.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ചാഞ്ചാടുന്ന കക്ഷി നിലകളാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെങ്കില്‍ വീണ്ടുമൊരു റിസോര്‍ട്ട് രാഷ്ട്രീയ നാടകത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്നാണ് പ്രവചനങ്ങള്‍. ഇരുമുന്നണികള്‍ക്കും മൃഗീയ ഭൂരിപക്ഷം ലഭിക്കുവാനുള്ള സാദ്ധ്യതകളും കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിലൂടെ നേട്ടം കൊയ്യാന്‍ തയ്യാറെടുക്കുന്ന എം എല്‍ എ മാര്‍ തന്നെയാകും ഇക്കുറിയും കിംഗ് മേക്കേഴ്സ്. തൂക്കുസഭക്ക് സാധ്യതയുണ്ടെന്നും കൂറുമാറ്റം അടക്കമുള്ള അട്ടിമറികള്‍ പ്രതീക്ഷിക്കാമെന്നുമാണ് പ്രവചനങ്ങള്‍
വിചിത്ര സഖ്യങ്ങളുടെ വിളനിലമായ മഹാരാഷ്ട്രയില്‍ എന്തും സംഭവിക്കാം. പ്രതികരിക്കാന്‍ അറിയാത്തൊരു ജനതയാണ് രാഷ്ട്രീയക്കാരുടെ തന്നിഷ്ടത്തിന് കൂട്ട് നില്‍ക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എം എന്‍ എസ് നേതാവ് രാജ് താക്കറെയും കുറ്റപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here