ബാഗുകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങുന്ന നേതാക്കൾ വരുമ്പോൾ എന്ത് കൊണ്ട് പരിശോധിക്കുന്നില്ലായെന്നാണ് താക്കറെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഉയർത്തിയ ചോദ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഡെപ്യൂട്ടിമാരായ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെയും അജിത് പവാറിൻ്റെയും ബാഗുകൾ പരിശോധിക്കുമോയെന്നും ഉദ്യോഗസ്ഥരോട് താക്കറെ ചോദിച്ചു.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ വാനി ഹെലിപാഡിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തൻ്റെ ബാഗുകൾ പരിശോധിക്കുന്നതിൻ്റെ വീഡിയോയും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ പോസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യവത്മാലിൽ എത്തിയ താക്കറെയുടെ ഹെലികോപ്റ്ററും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നതോടെ, വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പതിവായി സർപ്രൈസ് പരിശോധനകൾ നടത്തുന്നത് പതിവാണ്.പരിശോധിച്ച ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളും പരിശോധിക്കാൻ താക്കറെ തൻ്റെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
also read: ‘ലഡ്‌കി ബഹിൻ’ പദ്ധതി കൈക്കൂലിയെന്ന് വിമർശിച്ച് രാജ് താക്കറെ
പിന്നീട്, ശിവസേന (യുബിടി) സ്ഥാനാർത്ഥി സഞ്ജയ് ദേർക്കർക്കുവേണ്ടി വാനിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് താക്കറെ സംഭവം ഉന്നയിച്ചത്. ഭരണമുന്നണിയിലെ മുതിർന്ന നേതാക്കൾ പ്രചാരണത്തിന് വരുമ്പോൾ അവരുടെ ബാഗുകൾ പരിശോധിക്കാനും വോട്ടർമാർക്ക് അവകാശമുണ്ടെന്ന് താക്കറെ പറഞ്ഞു.ബാബാസാഹേബ് അംബേദ്കർ എഴുതിയ ഭരണഘടന പ്രകാരം എല്ലാവർക്കും തുല്യനീതിയാണ് വേണ്ടതെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികൾ വച്ച് പൊറുപ്പിക്കാനാവില്ലെന്നും താക്കറെ തുറന്നടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here